ഗ്രാഫീൻ ഷീറ്റ്
ഇരുമ്പിനേക്കാൾ 200 മടങ്ങ് സ്ട്രോങ്ങ് ആയ ഗ്രാഫീൻ ഷീറ്റിന്റെ പ്രത്യേകതകൾ
⭕മാഞ്ചെസ്റ്റർ യൂണിവേഴ്സിറ്റിയിലെ ഗവേഷകരായ ആന്ദ്രെ കോൺസ്റ്റാന്റിനോവിച്ച് ഗെയിമീനും കോൺസ്റ്റന്റൈൻ നോവോസെലോവിനും വെള്ളിയാഴ്ച രാത്രികളിൽ അവരുടെ പ്രധാന ഗവേഷണ മേഖലയ്ക്ക് പുറത്തുള്ള മറ്റെന്തെങ്കിലും കാര്യങ്ങളിൽ പരീക്ഷണം നടത്തുന്ന ശീലമുണ്ടായിരുന്നു. 2004 ലെ ഒരു വെള്ളിയാഴ്ച . അന്നത്തെ അവരുടെ പരീക്ഷണം വെറും ഒരു കഷ്ണം ഗ്രാഫൈറ്റിൽ. ( പെൻസിലിന്റെ എഴുതാൻ ഉപയോഗിക്കുന്ന ദണ്ഡ് ഗ്രാഫൈറ്റും കളിമണ്ണും ചേർത്തുണ്ടാക്കിയതാണ് ). “പരീക്ഷണ ഉപകരണം” ആയി ഒരു സെല്ലോടേപ്പും!. ഒരു സാധാരണ സെല്ലോടേപ്പ് ഉപയോഗിച്ച് ഗ്രാഫൈറ്റിൽ നിന്നു അടരുകൾ നീക്കം ചെയ്യൽ ആയിരുന്നു അവരുടെ പരീക്ഷണം. ഇതിനിടയിൽ ചില അടരുകൾ മറ്റുള്ളവയെക്കാൾ കനം കുറഞ്ഞതാണല്ലോ എന്നവർ ശ്രദ്ധിച്ചു.. ഈ പ്രവൃത്തി തുടരാൻ അവർക്കുള്ള ഊർജവും അതുതന്നെയായിരുന്നു . ഗ്രാഫൈറ്റ് ശകലങ്ങൾ ഒരു സെല്ലോടേപ്പ് മാത്രം ഉപയോഗിച്ച് ആവർത്തിച്ച് ആവർത്തിച്ചു വേർതിരിച്ചു അവർ അവസാനം എത്തിയത് കേവലം ഒരു ആറ്റം മാത്രം കനമുള്ള പാളിയിലാണ്! ഒപ്പം 2010 ലെ ഭൗതിക ശാസ്ത്ര നൊബേൽസമ്മാനവും!!. നോബൽ സമ്മാനം വരെ നേടിക്കൊടുക്കാൻ മാത്രം എന്തായിരിക്കും ആ ഒറ്റ പാളിയിൽ ഒളിഞ്ഞു കിടന്നിട്ടുണ്ടാകുക?! കാർബൺ ആറ്റങ്ങൾ ചേർന്ന, ഒരു ആറ്റം മാത്രം കനമുള്ള ആ പാളിയുടെ പേര് ഗ്രാഫീൻ എന്നാണ്. ലക്ഷക്കണക്കിന് ഗ്രാഫീൻ പാളികൾ ചേർന്നാണ് ഗ്രാഫൈറ്റ് ഉണ്ടായിരിക്കുന്നത്. തേനീച്ച കൂടിന്റെ ആകൃതിയിൽ ഉള്ള ഗ്രാഫീൻ പാളിയുടെ രൂപം കണ്ടാൽ ഒരു പക്ഷെ ഓർമ വരിക കോഴിക്കൂട് കെട്ടാൻ ഉപയോഗിക്കുന്ന വലയായിരിക്കും . ഒരു മില്ലിമീറ്റർ എങ്കിലും കനമുള്ള ഒരു പാളി ഉണ്ടാകണമെങ്കിൽ ഏതാണ്ട് ഒരു ലക്ഷത്തോളം ഗ്രാഫീൻ ഷീറ്റുകൾ അടുക്കി വെക്കേണ്ടി വരും.
⭕വലിപ്പം നോക്കി പുച്ഛിക്കാൻ ഒന്നും പോകണ്ട, വജ്രത്തേക്കാൾ കാഠിന്യം ഉണ്ട് ഒരു ഗ്രാഫീൻ പാളിക്ക് . റബ്ബറിനേക്കാൾ ഇലാസ്റ്റിസിറ്റിയും ! തീർന്നില്ല .. സ്റ്റീലിനേക്കാൾ 200 മടങ്ങു സ്ട്രോങ്ങ് ആണ് ഗ്രാഫീൻ. അലുമിനിയത്തേക്കാൾ ഭാരം കുറവും. താപം കടത്തിവിടാനുള്ള കഴിവ് ചെമ്പിനേക്കാൾ 10 മടങ്ങാണ്! ചെമ്പിനേക്കാൾ നന്നായി വൈദ്യുതി കടത്തി വിടാനും ഗ്രാഫീനിനു സാധിക്കും . പോരാതെ പതിക്കുന്ന 97 .7 % പ്രകാശവും കടത്തി വിടുന്നത്ര സുതാര്യവും. ഒരേ സമയം മികച്ച ചാലകവും സുതാര്യവും ആയതുകൊണ്ട് തന്നെ touch screen ആയി ഉപയോഗിക്കാൻ അനുയോജ്യമായ പദാർത്ഥമാണ് ഗ്രാഫീൻ. അതായത് കൂടുതൽ സ്ട്രോങും ഫ്ലെക്സിബിളും ആയ ഗ്രാഫീൻ പാളികളിൽ ആയിരിക്കും നാളെ നമ്മൾ 'ഏതു നേരവും തോണ്ടിക്കൊണ്ടിരിക്കാൻ’ പോകുന്നത്. വളരെ കനം കുറഞ്ഞ പാളി ആയതിനാൽ ഗ്രാഫീനിലെ ഉപരിതല വിസ്തീര്‍ണ്ണവും വ്യാപ്തവും തമ്മിലുള്ള അനുപാതം വളരെ അധികം ആയിരിക്കും. ഇത് ബാറ്റെറികളിലും സൂപ്പർ ക്യാപസിറ്ററുകളിലും ഗ്രാഫീൻ ഉപയോഗിക്കാൻ അനുയോജ്യമാക്കുന്നു. ഉയർന്ന കപ്പാസിറ്റന്‍സ് ഉള്ള, ഭാരം കുറഞ്ഞ, പെട്ടെന്ന് ചാർജ് ആകുന്ന, ഉയർന്ന താപനില പരിധി ഒക്കെ ഉള്ളവയായിരിക്കും ഗ്രാഫീൻ കപ്പാസിറ്ററുകൾ ഇത് കൂടാതെ, ട്രാന്സിസ്റ്ററുകൾ, വാട്ടർ ഫിൽട്ടർ , സോളാർ സെൽ എന്നിവ തുടങ്ങി രക്തസമ്മർദവും, രക്തത്തിലെ ഷുഗറിന്റെ ലെവലും അറിയാനുള്ള സെൻസറുകള്‍ ആയി വരെ ഗ്രാഫീൻ ഉപയോഗിക്കാൻ സാധിക്കും. ഒരു പക്ഷെ 21 ആം നൂറ്റാണ്ടിനെ ചരിത്രം അടയാളപ്പെടുത്തുക ഒരു കഷ്ണം ഗ്രാഫായിറ്റും ഒരു സ്സാധാരണ സെല്ലോ ടേപ്പും വെച്ച് ആന്ദ്രെ കോൺസ്റ്റാനിയോവിച്ച് ഗെയിമും കോൺസ്റ്റന്റൈൻ നോവോസെലോവും നടത്തിയ ആ 'out of syllabus ' പരീക്ഷണത്തിലൂടെ ജനിച്ച ഈ ഒരു പാളിയുടെ പേരിലായിരിക്കും.. ഗ്രാഫീൻ യുഗം