എന്താണ് കൂയ്പ്പര്‍ ബെല്‍റ്റ്
എന്താണ് കൂയ്പ്പര്‍ ബെല്‍റ്റ് (Kuiper belt)
⭕സൗരയൂഥത്തില്‍ ഏറ്റവും ഒടുവിലത്തെ ഗ്രഹമായ നെപ്ട്യൂണിനുമപ്പുറം ഒരു വലയരൂപത്തില്‍ നിലയുറപ്പിച്ചിട്ടുള്ള ചെറുവസ്തുക്കളുടെ ശേഖരമാണ് കൂയ്പ്പര്‍ ബെല്‍റ്റ്. ശനിയുടെ ചുറ്റുമുള്ള വലയവുമായിഇതിനെ ഉപമിക്കാം. ഇവയില്‍ നിന്നാണ് ധൂമകേതുക്കളുടെ ഒരു വിഭാഗം ഉടലെടുക്കുന്നതെന്നു കരുതപ്പെടുന്നു. 200 വര്‍ഷത്തില്‍ താഴെ ഭ്രമണകാലമുള്ളതും സൗരയൂഥ ഗ്രഹങ്ങളുടെ തലത്തിലുള്ളതുമായ ധൂമകേതുക്കളുടെ തുടക്കം ഇവിടെ നിന്നാണെന്നു കരുതുന്നു.
⭕കൂയ്പ്പര്‍ വലയത്തില്‍ ദശകോടിക്കണക്കിനു വസ്തുക്കള്‍ ഉണ്ടെന്നു കരുതുന്നു. എന്നാല്‍ ഈ വലയത്തിന്റെ ചിത്രമെടുക്കാനൊന്നും കഴിഞ്ഞിട്ടില്ല. കാരണം, ഇവ ദശകോടിക്കണക്കിനുണ്ടെങ്കിലും ഈ വസ്തുക്കള്‍ തമ്മിലുള്ള അകലം വളരെ കൂടുതലാണ്. ശക്തിയേറിയ ദൂരദര്‍ശിനികള്‍ ഉപയോഗിച്ച് ഇവയില്‍ വലിയ ചില വസ്തുക്കളെ ഒറ്റതിരിച്ചുകാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള ആദ്യവസ്തുവിനെ 1992ല്‍ അമേരിക്കന്‍ ജ്യോതിശ്ശാസ്ത്രജ്ഞന്‍ ഡേവിഡ് ലെവിറ്റും (David Lewitt) അദ്ദേഹത്തിന്റെ വിദ്യാര്‍ഥി ജേന്‍ ലൂവും (Jane Luu) ചേര്‍ന്ന് കണ്ടെത്തി. 200-250 കിലോമീറ്റര്‍ വ്യാസമുള്ള ഇതിനെ പ്ലൂട്ടോയുടെ ഭ്രമണപഥത്തിനു പുറത്തായാണ് കണ്ടെത്തിയത്. 1992ഝ.യ1 എന്നാണ് ഇതിനു പേര് നല്‍കിയിരിക്കുന്നത്.
⭕പ്ലൂട്ടോയേയും കൂയ്പ്പര്‍ വലയവസ്തു (Kuiper Belt Object)ആയാണ് പരിഗണിക്കുന്നത്. 1992നു ശേഷം ആയിരത്തിലധികം കൂയ്പ്പര്‍ വലയ വസ്തുക്കളെ കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം നൂറുകിലോമീറ്ററെങ്കിലും വ്യാസമുള്ളവയാണ്. അതിലും ചെറിയവയെ കണ്ടെത്താന്‍ നമ്മുടെ ടെലിസ്‌കോപ്പുകള്‍ മതിയാകില്ല. ഈ വലിപ്പമുള്ളവ ഒരു ലക്ഷം എണ്ണത്തിനെയെങ്കിലും ഇനിയും കണ്ടെത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. അതിലും താഴെ, ഒരു കിലോമീറ്ററിനും 100 കിലോമീറ്ററിനും ഇടയില്‍ വ്യാസമുള്ളവ ദശലക്ഷക്കണക്കിനു വരുമെന്നാണ് കരുതപ്പെടുന്നത്.2005ല്‍ കണ്ടെത്തിയ എറിസ് (Eris) എന്ന വസ്തു പ്ലൂട്ടോവിനേക്കാള്‍ വലുതാണ്. കാലിഫോര്‍ണിയയിലെ പലോമര്‍ ഒബ്‌സര്‍വേറ്ററിയിലാണ് അതിനെ കണ്ടെത്തിയത്. ഇതിന്റെ വ്യാസം ഏകദേശം 2500 കിലോമീറ്റര്‍ വരും. ഇതിന്റെ പ്രതലത്തില്‍ ഐസ് രൂപത്തിലുള്ള മീഥേന്‍ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനെ ഭ്രമണം ചെയ്യുന്ന ഡിസ്‌നോമിയ (Dysnomia) എന്നു പേരുള്ള മറ്റൊരു വസ്തുകൂടിയുണ്ട്.
സൗരയൂഥത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന കൈപ്പർ വലയം എഡ്ജ്വർത്ത്-കൈപ്പർ വലയം എന്നും വിളിക്കപ്പെടുന്നു. ആദ്യമായി ഇതിനെ കുറിച്ചുള്ള ഒരു സങ്കൽപനം അവതരിപ്പിച്ചത് കെന്നത്ത് എഡ്ജ്‌വർത്ത് ആയിരുന്നു. കൂടുതൽ ശാസ്ത്രീയമായ സിദ്ധാന്തം അവതരിപ്പിച്ചത് ജെരാൾഡ് കൈപ്പറും. നെപ്ട്യൂണിന്റെ ഭ്രമണപഥത്തിൽ (30 സൗരദൂരം അകലെ) നിന്നു തുടങ്ങി സൂര്യനിൽ നിന്നും ഏകദേശം 50 AU വരെയാണ് കൈപ്പർ വലയത്തിന്റെ സ്ഥാനം. കൈപ്പർ വലയം ഛിന്നഗ്രഹവലയത്തോട് സദൃശ്യമാണെങ്കിലും ഭാരം കൊണ്ടും വ്യാപ്തികൊണ്ടും വ്യത്യസ്തമാണ്. അതായത് ഒരു ഛിന്നഗ്രഹവലയത്തേക്കാൽ 20 ഇരട്ടിയോളം വീതിയുള്ളതും 20 മുതൽ 200 ഇരട്ടി വരെ ഭാരമുള്ളതുമാണ് കൈപ്പർ വലയം. ഛിന്നഗ്രഹവലയങ്ങളിലേതുപോലെ തന്നെ, ചെറിയ പാറക്കക്ഷണങ്ങളും സൗരയൂഥ രൂപീകരണത്തിന്റെ അവശിഷ്ടങ്ങളുമാണ് പ്രധാനമായും കൈപ്പർ വലയത്തിലുമുള്ളത്. ശിലാംശത്തിനും ലോഹങ്ങൾക്കും പുറമേ കൈപ്പർ വലയത്തിലെ വസ്തുക്കളിൽ മീഥേൻ, അമോണിയ, ജലം എന്നിവ അടങ്ങിയിരിക്കുന്നു. പ്രധാനവലയത്തിൽ മൂന്നിലധികം കുള്ളൻ ഗ്രഹങ്ങളുണ്ട്. പ്ലൂട്ടോ, ഹോമിയ, മേക്ക്മേക്ക് എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ. നെപ്ട്യൂണിന്റെ ഉപഗ്രഹമായ ട്രൈട്ടൺ, ശനിയുടെ ഉപഗ്രഹമായ ഫോബ് തുടങ്ങിയ ഉപഗ്രഹങ്ങളും ഈ മേഖലയിൽ നിന്ന് ഉത്ഭവിച്ചു എന്നു കരുതപ്പെടുന്നു.