അന്റിവെനം
കുതിരയിൽ നിന്ന് നിർമ്മിക്കുന്ന പാമ്പിൻ വിഷത്തിനുള്ള മറുമരുന്ന് (anti snake venom ASV )
⭕ വിഷബാധക്കുള്ള ഔഷധമാണ് ആന്റിവെനം. പാമ്പുകളുടെ വിഷം പ്രോട്ടീനുകളാണ്. ഈ പ്രോട്ടീനെ നിർവീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളിൽ നിന്നാണ് നിർമ്മിക്കുന്നത്. മനുഷ്യ മരണത്തിന് കാരണമാകാവുന്ന മൂർഖൻ, ശംഖുവരയൻ, അണലി, ചുരുട്ട മണ്ഡലി എന്നീ നാലു പാമ്പുകളുടെ വിഷം കുതിരയിൽ കുത്തിവച്ച്, കുതിരയുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി രക്തത്തിൽ നിന്നും വേർതിരിച്ചെടുക്കുന്നു. ഇതാണ് മറുമരുന്ന് അഥവാ അന്റിവെനം. 1904ൽ ആണ് ആദ്യമായി ആന്റിവെനം നിർമ്മിക്കപ്പെട്ടത്.1894 ൽ പാമ്പുകടിയേൽക്കുന്നവർക്ക് ഉള്ള മെഡിസിൻ അഥവാ പ്രതിവിഷം, ആൽബർട്ട് കാൽമറ്റി (Léon Charles Albert Calmette) എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞൻ ആദ്യമായി കണ്ടെത്തിയത്. അത് കാൽമെട്ടി സിറം (Calmette's serum) എന്നറിയപ്പെടുന്നു.പിന്നീട് ധാരാളം ശാസ്ത്രജ്ഞർ ഈ മേഖലയിൽ റിസർച്ച് നടത്തുകയും വളരെയധികം ആൻറിവെനം കണ്ടെത്തുകയും ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തു.
⚙️ ഇത് എങ്ങനെ , എന്തുകൊണ്ട് കുതിരകളിൽ നിന്ന് നിർമ്മിക്കുന്നു എന്ന് നോക്കാം
⭕പൂർണ്ണവളർച്ചയെത്തിയ പാമ്പുകളെ വിദഗ്ദ്ധർ കയ്യിലെടുത്തു അവയുടെ തലയ്ക്ക് പുറകുവശത്തു വിഷഗ്രന്ധിയിൽ (Venom glands) അമർത്തി വിഷമെടുക്കുന്നു. വിഷം ശേഖരിച്ച ഉടൻ തന്നെ അവയെ പ്രത്യേകം കുപ്പികളിലാക്കി ശേഖരിച്ചു വയ്ക്കുന്നു. കുപ്പിക്ക് മുകളിൽ പാമ്പിൻറെ ഇനം, അവയെ കണ്ടെത്തിയ സ്ഥലം എന്നീ ഘടകങ്ങൾ രേഖപ്പെടുത്തുന്നു. പിന്നീട് ഏകദേശം 20ഡിഗ്രീ സെൽഷ്യസിൽ വച്ച് അതിൻറെ താപനില കുറയ്ക്കുന്നു.
⭕വ്യപകമായി കുതിരകളെയാണ് ആൻറിബോഡി ഉത്പാദിപ്പിക്കാനായി ഉപയോഗിക്കുന്നത്. കാരണം കുതിരകൾ ലോകത്തിലെ എല്ലാ കാലാവസ്ഥയിലും അതിജീവിക്കുന്നവയും നല്ല ശരീരഭാരവും മനുഷ്യരുമായി കൂടുതൽ ഇണങ്ങുന്നവയും ആയതിനാൽ ആണ്. (ആട്, കഴുത, മുയൽ, കുരങ്ങ്, ഒട്ടകം എന്നീ ജീവികളെയും ഉപയോഗിക്കാറുണ്ട്.). ശേഖരിച്ച വിഷം ശുദ്ധീകരിച്ച വെള്ളത്തിൽ ലയിപ്പിക്കുന്നു. അതിനു ശേഷം ഇതിൽ അഡ്ജുവൻറ് (രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്സിനിൽ ഉപയോഗിക്കുന്ന പദാർത്ഥം) ചേർക്കുന്നു. ആദ്യം വിഷം ചെറിയ അളവിൽ കുറെകാലം തുടർച്ചയായി കുതിരയിൽ കുത്തിവയ്ക്കും. ദിവസം ചെല്ലുംതോറും വിഷത്തിന്റെ അളവ് ക്രമമായി വർദ്ധിപ്പിച്ചുകൊണ്ടിരിക്കും.ഇങ്ങനെ കുത്തിവെയ്ക്കുന്നതിനാൽ കുതിരയുടെ ശരീരത്തിൽ പാമ്പിൻവിഷത്തെ പ്രതിരോധിക്കാനുള്ള ആന്റിബോഡി നിർമ്മിക്കപ്പെടുന്നു.അവസാനം ഒരു ബൂസ്റ്റ്ർ ഡോസ് വിഷം ഏറ്റാലും അപകടമുണ്ടാകാത്ത അവസ്ഥയിലെത്തുമ്പോൾ കുതിരയുടെ കഴുത്തിൽ ഉള്ള ഞരമ്പിൽ നിന്നും 3-6 ലിറ്റർ രക്തം ശേഖരിക്കുന്നു. അതിൽനിന്നു പ്രതിവിഷം അടങ്ങിയ സിറം വേർതിരിക്കുന്നു. ഈ സിറമാണു ആന്റിവെനം. എത്ര തന്നെ ശുദ്ധീകരിച്ചാലും വളരെ ചെറിയ അളവിലെങ്കിലും മൃഗങ്ങളുടെ മറ്റു പ്രോട്ടീനുകളും ASV യിൽ അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്. ASV മനുഷ്യരിൽ പ്രയോഗിക്കേണ്ടി വരുമ്പോൾ ഈ മൃഗ പ്രോട്ടീനുകളെ അന്യവസ്തുവായി ശരീരം പരിഗണിക്കാനും അതുവഴി ചെറുതോ, ചിലപ്പോൾ വലിയ അളവിലോ ഉള്ള അലർജി രൂപപ്പെടാൻ സാധ്യത നിലനിൽക്കുന്നു. സാധാരണ മറ്റു അസുഖങ്ങൾക്ക് കഴിക്കുന്ന മരുന്നുകളേക്കാൾ കൂടുതൽ തീവ്രമായ അലർജി ASV ക്ക് വരാൻ കാരണം ഈ അന്യ പ്രോട്ടീനുകളുടെ സാന്നിധ്യമാണ്. അതുപോലെ കടിയേറ്റ ഭാഗത്തു നിന്നും രക്തത്തിൽ പ്രവേശിച്ചു ഒഴുകി നടക്കുന്ന വിഷത്തെ നിർവീര്യമാക്കാൻ മാത്രമേ ASV ക്ക് കഴിയൂ. വിഷം ശരീരത്തിലെ വിവിധ അവയവങ്ങളിൽ കടന്നു കഴിഞ്ഞാൽ അതിനെ ആക്രമിച്ചു കീഴ്പ്പെടുത്താനുള്ള കഴിവില്ല. അതുകൊണ്ടാണ് പാമ്പുകടിയിൽ ചികിത്സ തേടിയ ശേഷവും ആളുകൾ മരിക്കാനുള്ള കാരണം.
⭕ലോകാരോഗ്യ സംഘടനയുടെ ഏറ്റവും അത്യാവശ്യ ജീവൻ രക്ഷാ മരുന്നുകളുടെ ലിസ്റ്റിൽ ASV ഇടം നേടിയിട്ടുണ്ട്. പൗഡർ രൂപത്തിലാക്കിയാണ് ASV വ്യവസായികാടിസ്ഥാനത്തിൽ ലഭ്യമാകുന്നത്.
കടപ്പാട്: വിജ്ഞാനച്ചെപ്പ്