എന്താണ് സ്പേസ് സ്യൂട്ട്
എന്താണ് സ്പേസ് സ്യൂട്ട്
⭕ഒരു ബഹിരാകാശ സഞ്ചാരിയെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസ്സിൽ ഒരേ ചിത്രമാണ് ഉണ്ടാവുക!വെളുത്ത തടിച്ച ഒരു വസ്ത്രത്തിനുള്ളിൽ, വട്ടത്തിൽ ഹെൽമെറ്റൊക്കെ വെച്ച് പുറത്ത് ഒരു വലിയ ബാഗൊക്കെയുള്ള ഒരു രൂപം. എന്തിനാണ് ഇത്തരത്തിലുള്ള വസ്ത്രം? എന്തൊക്കെയാണ് ഇതിന്റെ ഉപയോഗം? ഈ കാര്യങ്ങളെക്കുറിച്ച് ചെറുതായൊന്നു നോക്കാം. സ്പേസ് സ്യുട്ടെന്നാൽ വെറും വസ്ത്രം മാത്രമായി കാണാൻ സാധിക്കുകയില്ല. ബഹിരാകാശത്തു നേരിട്ടേക്കാവുന്ന പല അപകടങ്ങളിൽ നിന്നും രക്ഷനേടാൻ ഇവ സഹായിക്കുന്നു. സ്പേസ് സ്യുട്ടുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ ഇതിനെ ഒരു ചെറിയ ബഹിരാകാശവാഹനമെന്നു തന്നെ കരുതാവുന്നതാണ്. സ്പേസ് സ്യുട്ടുകളുടെ പലതരത്തിലുള്ള ഉപയോഗങ്ങളിൽ നമുക്ക് ചിലത് നോക്കാം;
⭕ അസ്‌ട്രോനോട്ടിനെ അല്ലെങ്കിൽ കോസ്മോനോട്ടുകളെ അവരുടെ ശരീര താപനില കൂടുതൽ ചൂടാവാതെയും തണുപ്പാകാതെയും സംരക്ഷിക്കുന്നു. ബഹിരാകാശ ജോലികൾ ചെയ്യുമ്പോൾ അവർക്ക് ഓക്സിജൻ നൽകുന്നു. സ്യുട്ടിനുള്ളിൽ തന്നെ കുടിക്കുവാനുള്ള വെള്ളം ശേഖരിച്ചിരിക്കുന്നു ബാഹ്യാകാശത്തെ പൊടിപടലങ്ങളിൽ(space dust)നിന്നും സംരക്ഷണം നൽകുന്നു. വെറും പൊടികളാണെകിലും ബുള്ളറ്റിന്റെ വേഗതയിൽ സഞ്ചരിക്കുന്ന ഇവ ഒരാൾക്കു മാരക പരിക്കുകൾ ഏൽപ്പിക്കാവുന്നവയാണ്. ഹെൽമെറ്റിലുള്ള സ്വർണ-വൈസർ സൂര്യന്റെ ശക്തിയേറിയ രശ്മികളിൽനിന്നും കണ്ണുകൾക്ക് സംരക്ഷണം നൽകുന്നു.
⭕പലതരത്തിലുള്ള ഭാഗങ്ങൾ ചേർത്താണ് ഒരു സ്പേസ് സ്യുട്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
സ്യുട്ടിന്റെ പ്രധാന ഭാഗങ്ങൾ ഇവയാണ്;
നെഞ്ചുകൂട് മറയ്ക്കുന്ന ഭാഗം , കൈകളെ മറച്ചു ഗ്ലവ്സുകളുമായി ബന്ധിപ്പിക്കുന്ന ഭാഗം ,
തലയുടെ സംരക്ഷണത്തിനുള്ള ഹെൽമെറ്റ് ,
കാലുകളും പാദവും മറയ്ക്കുന്ന ഭാഗം.
⭕ പല സാമഗ്രികൾ വിവിധ അടുക്കുകളായി ചേർത്താണ് സ്പേസ് സ്യുട്ടുകൾ നിർമിക്കുന്നത്. ഓരോ അടുക്കുകൾക്കും പ്രത്യേകംപ്രത്യേകം കഴിവുകളാണുള്ളത്. ചിലത് ഓക്സിജനെ സൂക്ഷിക്കുമ്പോൾ, മറ്റുചിലത് പൊടിപടലങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. സ്യുട്ടിനടിയിലായി അസ്‌ട്രോനോട്ടുകൾ തലയും, കൈപ്പത്തികളും, കാൽപാദങ്ങളുമൊഴികെ മറയ്ക്കുന്ന ഒരു പ്രത്യേക വസ്ത്രം ധരിക്കുന്നു. ഈ വസ്ത്രത്തിൽ തുന്നിച്ചേർത്തിരിക്കുന്ന ചെറിയ കുഴലുകളിലൂടെ അസ്‌ട്രോനോട്ടുകളെ തണുപ്പിക്കാൻ വെള്ളം പമ്പുചെയ്യപെടുന്നു. ഒരു അസ്‌ട്രോനോട്ടിൽ എല്ലാവരും ശ്രദ്ധിക്കാറുള്ള ഒന്നാണ് അവരുടെ പുറത്തുള്ള ആ വലിയ ബാക്ക്പാക്ക്. അസാമാന്യ വലുപ്പമുള്ള ഈ ബാക്ക്പാക് എന്താണ്? എന്താണിതിന്റെ ഉദ്ദേശം? നോക്കാം.
ഇതിന്റെ യഥാർത്ഥ പേരാണ് Primary (Portable/Personal) Life Support System (PLSS) എന്നത്. ബഹിരാകാശവാഹനങ്ങളുടെ പുറത്തുനടത്തുന്ന പ്രവർത്തികളിൽ അസ്‌ട്രോനോട്ടുകൾക്ക് വാഹനത്തിനുള്ളിലെ അതെ അന്തരീക്ഷം തന്നെ ഉറപ്പാക്കാനും, കൂടുതൽ സ്വതന്ത്രമായി ജോലികൾ ചെയ്യാനും കൂടിയാണ് ഇവ സ്പേസ് സ്യുട്ടുകളിൽ ഘടിപ്പിച്ചിരിക്കുന്നത്.
പ്രധാനമായും ഇവയുടെ പ്രവർത്തനങ്ങൾ ഇവയാണ്;
⭕ വസ്ത്രത്തിനുള്ളിലെ മർദ്ദനിയന്ത്രണം ,
ശ്വസനയോഗ്യമായ ഓക്സിജൻ നൽകുക ,
ഓക്സിജനിലെ കാർബൺ ഡൈയോക്സയിഡ്, ഈർപ്പം, ദുർഗന്ധം,മാലിന്യം ഇവ നീക്കംചെയ്യുക ,
വസ്ത്രത്തിനുളിൽ ഓക്സിജനും ജലവും പുനർചങ്ക്രമണം ചെയ്യുക ,
ശബ്ദശയവിനിമയം സാധ്യമാക്കുക,
സ്യുട്ടിന്റെ ആരോഗ്യത്തെകുറിച്ചുള്ള അറിയിപ്പുകൾ കൊടുക്കുക ,
ധരിക്കുന്നയാളുടെ ആരോഗ്യത്തെകുറിച്ചുള്ള തൽക്ഷണ വിവരങ്ങൾ അറിയിക്കുക (ഉദാ:നാഡിമിടിപ്പ്), സങ്കീർണമായ മികച്ച സങ്കേതങ്ങളാണ് ബഹിരാകാശമേഖലയിൽ ഉപയോഗിക്കപ്പെടുന്നത്. പലതും കാലക്രെമേണ ലളിതമായിക്കൊണ്ടിരിക്കുന്നു. സ്പേസ് സ്യുട്ടുകളുടെ കാര്യത്തിലും ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു.
Courtesy: വിജ്ഞാനച്ചെപ്പ്