മഴപ്പാറ്റകൾ ചിതലുകൾ ആണോ?
മഴപ്പാറ്റകൾ ചിതലുകൾ ആണോ?
⭕ഒട്ടും സംശയിക്കേണ്ട ചിതലുകൾ തന്നെയാണ് ഈ മഴപ്പാറ്റകൾ....മനുഷ്യൻ ഏറെ ഭയപ്പെടുന്ന ഒരു ജീവിവർഗം ആണ് ചിതലുകൾ. ആജന്മ ശത്രു എന്ന് തന്നെ പറയാം. ഒരുപക്ഷേ കീടങ്ങൾ എന്നാണ് നാം അതിനെ വിശേഷിപ്പിക്കുന്നതു തന്നെ. അതുപോലെ മഴയൊന്നു ചാറിത്തുടങ്ങിയാൽ എത്തും മറ്റൊരു ശത്രു...മഴപ്പാറ്റ.....
????ഇനി ഇവർ തമ്മിലുള്ള ബന്ധം എന്താണെന്നല്ലേ....
⭕മണ്ണിനടിയിലെ കൂടുകളിൽ വലിയ കോളനികളായി ജീവിക്കുന്നവയാണ് ചിതലുകൾ. തേനീച്ചകളിൽ കാണുന്നപോലെ രാജാവും(King) റാണിയും (Queen) പട്ടാളക്കാരും (Soldiers) ജോലിക്കാരും (Workers) ഒക്കെയുള്ള ഒരു വിഭാഗമാണ് ഇവരും. ഇവരുടെ കൂട്ടത്തിൽ പറക്കാൻ കഴിവുള്ളവരെയാണ് Alates എന്നറിയപ്പെടുന്നത്. കോളനി ഒരുപാട് വലുതാവുകയും കാലാവസ്ഥ അനുകൂലമാവുകയും (മഴക്കാലത്തിന്റെ തുടക്കത്തിൽ) ചെയ്യുമ്പോൾ പ്രജനനത്തിനും പുതിയ കോളനി രൂപീകരിക്കാനും വേണ്ടി അവർ മണ്ണിനടിയിൽ നിന്നും പറന്നു പൊങ്ങുന്നു. Swarming എന്നാണ് ഇതിനെ പറയുന്നത്. ഇവരെയാണ് നാം ഈയാമ്പാറ്റകൾ അല്ലെങ്കിൽ മഴപ്പാറ്റകൾ എന്ന് വിളിക്കുന്നത്.... ⭕പറന്നെത്തിയ ചിതലുകളിൽ ഒരു വലിയ വിഭാഗം വവ്വാലുകളുടെയും പക്ഷികളുടെയും ഭക്ഷണമാകുന്നു. ബാക്കിയുള്ളവർ തങ്ങളുടെ ചിറകുകൾ പൊഴിച്ച് താഴെ വീഴുന്നു. ഇവർ നിലത്തൂടെ വരിവരിയായ് പോകുന്നതു കണ്ടിട്ടില്ലേ..... അവരിൽ ഏറെയും ലക്ഷ്യം കാണാതെ ചത്തു പോകുന്നു. അപൂർവ്വം ചില ഭാഗ്യമുള്ളവർ മാത്രം ഇണകളെ കണ്ടെത്തി പ്രജനനം നടത്തുന്നു. ഇവരാണ് പുതിയ കോളനി ഉണ്ടാക്കി അവിടുത്തെ രാജാവും റാണിയുമായി തീരുന്നത്. ഒരു ദിവസം ഇവർ രണ്ടായിരത്തിലധികം മുട്ടകൾ വരെ ഇടാറുണ്ട്.
????ചിതലുകൾ മിത്രങ്ങളോ ശത്രുക്കളോ...???
⭕ചിതലുകളെ മിത്രങ്ങളായി കാണുന്ന ആരും തന്നെ നമ്മുടെ കൂട്ടത്തിൽ ഉണ്ടാകാനിടയില്ല. വീടുകളിലും മറ്റു കെട്ടിടങ്ങളിലും ഫർണിച്ചറുകളിലും വൻ നഷ്ടങ്ങളാണ് ഇവരുണ്ടാക്കുന്നത്. ഒരിക്കൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രസിഡന്റ് ഗംഗാധരൻ മാഷ് കോളേജിൽ വന്നപ്പോൾ പറഞ്ഞ ഒരു കാര്യം ഞാൻ ഇവിടെ ഓർക്കുകയാണ് "ആസ്ട്രേലിയയിൽ ഒക്കെ എവിടെയെങ്കിലും ഒരു ചിതലിനെ കണ്ടാൽ പിന്നൊരു യുദ്ധം തുടങ്ങിയ പോലെയാണ്. ആ സ്ഥലം സീൽ ചെയ്ത് കീടനാശിനി പ്രയോഗിക്കും. അതിനെ മുഴുവനായും നശിപ്പിച്ചു കളഞ്ഞു എന്നുറപ്പായാൽ മാത്രമേ അവർക്കു സമാധാനമാവൂ... അതിനു തക്കതായ ഒരു കാരണവുമുണ്ട്. അവിടെയുള്ളവരുടെ വീടുകൾ മിക്കതും മരത്തടികൾ കൊണ്ടു നിർമിച്ചതാണ്."
എന്നിരുന്നാലും നമ്മളിൽ പലരും അറിയാത പോകുന്ന ഒരു കാര്യമുണ്ട് ചിതലുകളെപ്പറ്റി...
⭕ലോകത്താകെ 3100ൽ പരം ചിതൽ വർഗ്ഗങ്ങളെ (Species) കണ്ടെത്തിയിട്ടുണ്ട്, കേരളത്തിൽ 70ഓളവും... അവയിൽ 10%ത്തോളം മാത്രമാണ് ഈ പറയുന്ന നാശത്തിനൊക്കെ കാരണമാകുന്നത്. ബാക്കി 90%ത്തോളം ചിതലുകളും നമുക്ക് ഉപകാരികളാണ്. കർഷകൻറെ മിത്രം എന്നറിയപ്പെടുന്ന മണ്ണിര നമ്മെ സഹായിക്കുന്ന അതേ തലത്തിൽ ചിതലുകളും നമ്മെ സഹായിക്കുന്നുണ്ട്. ജീവനില്ലാത്ത സസ്യങ്ങളാണ് പ്രധാനമായും ചിതലുകളുടെ ആഹാരം.. സാധാരണ ജീവികൾക്ക് അസാധ്യമായ സസ്യഭാഗങ്ങളിലെ സെല്ലുലോസ് വിഘടനം ചിതലുകൾ അവരുടെ Gut ൽ കാണപ്പെടുന്ന ബാക്ടീരിയയുടെ സഹായത്തോടെ സാധ്യമാക്കുകയും അത് മണ്ണിനോട് ചേർക്കുകയും ചെയ്യുന്നു. ചില വിഭാഗങ്ങളിൽ Gut നുള്ളിൽ കാണപ്പെടുന്ന പ്രോട്ടോസോവയ്ക്കുള്ളിലെ ബാക്ടീരിയകളാണ് ഈ പണി ചെയ്യുന്നത്. ഇവർ കൂടുണ്ടാക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ... അടിയിലെ മണ്ണും മേൽമണ്ണും തമ്മിൽ കൂട്ടി കലർത്തിയാണ് അവർ കൂട് നിർമിക്കുന്നത്. അതുവഴി മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കാനും അവരുടെ സഹായം ഉണ്ട്. മിക്കവാറും പക്ഷികളുടെയും ഉരഗങ്ങളുടെയും ആഹാരമാകുന്നത് ഇവരാണ്. താരതമ്യേന വേഗത കുറവായ ചിതലുകളെ ഉറുമ്പുകൾ പോലും തലയിലേറ്റി കൊണ്ടു പോകുന്നത് കാണാറുണ്ട്... മണ്ണിലൂടെയുള്ള അവരുടെ യാത്ര മണ്ണിലെ വായു സഞ്ചാരത്തിനും(Aeration) സസ്യ വേരുകൾക്ക് വായുവിനും ജലത്തിനുമുള്ള വഴിയൊരുക്കുകയും ചെയ്യുന്നു. ഇങ്ങനെ മണ്ണിന്റെ ഘടനയും ഗുണവും മെച്ചപ്പെടുത്താൻ ചിതലുകൾ നല്ലൊരു പങ്കുവഹിക്കുന്നുണ്ട്...
⭕ഇത്രയൊക്കെ ചെയ്യുന്നുണ്ടെങ്കിലും തെറ്റു ചെയ്യുന്ന ചില കൂട്ടുകാരുള്ളതു കൊണ്ട് ബാക്കിവരുന്ന ചിതൽ വർഗ്ഗങ്ങൾക്കു കൂടി ശത്രുക്കൾ എന്ന പദവിയിൽ തന്നെ തുടരാനാണു ഇപ്പോഴും വിധി... എങ്കിലും ഓർക്കുമല്ലോ അവരിൽ ഏറെയും മിത്രങ്ങളാണെന്ന്...