കർക്കിടകത്തിൽ കുഴപ്പത്തിലാകുന്ന മുരിങ്ങയില

Simple Science Technology

 കർക്കിടകത്തിൽ കുഴപ്പത്തിലാകുന്ന മുരിങ്ങയില (Moringa oleifera ) 

⭕കർക്കടകത്തിൽ മുരിങ്ങയില(Moringa oleifera )കഴിക്കരുതെന്ന് പലരും പറയാറുണ്ട്. മുരിങ്ങയില കർക്കടകത്തിൽ വിഷലിപ്തമാകുമെന്നും അത് പാകം ചെയ്ത് കഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്നാണ് പറയപ്പെടുന്നത്.മുരിങ്ങക്കോൽ ,മുരിങ്ങ, മുരിങ്ങയില എന്നൊക്കെ കേൾക്കുമ്പോൾ മനസ്സിൽ ഏറ്റവുമാദ്യം കടന്നുവരാറുള്ളത്, വിവിധ ചലച്ചിത്രങ്ങളിലൊക്കെ ദ്വയാർത്ഥ പ്രയോഗങ്ങളാൽ അരോചകമാക്കപ്പെട്ട രംഗങ്ങളാണ്. ലൈംഗിക ശേഷി കൂട്ടാനും ,ശീഘ്രസ്ഖലനം ഉന്മൂലനം ചെയ്യാനും മുരിങ്ങക്കോൽ സവിശേഷമാണെന്ന നാട്ടു മൊഴി അത്രയേറെ പാടിപ്പതിഞ്ഞു പോയിരിക്കുന്നു.

⭕കർക്കിടകമെത്തിയാൽ പതിവുപോലെ മുരിങ്ങയില കഴിക്കാൻ പാടില്ലെന്ന കെട്ടുകഥയും വന്നെത്തും. കർക്കിടകത്തിൽ മുരിങ്ങയിലയ്ക്ക് കട്ട് (വിഷം) ഉണ്ടാവുമത്രേ. കവികൾ അരയന്നത്തെ വർണിക്കും പോലെയാണ് മുരിങ്ങയുടെ കാര്യവും. അരയന്നത്തിന് പാലിനേയും ,വെള്ളത്തിനേയും വേർതിരിക്കാനുള്ള സവിശേഷ സിദ്ധിയുണ്ടത്രേ! അതുപോലെ നമ്മുടെ മുരിങ്ങമരം മറ്റു മരങ്ങളിൽ നിന്നും വ്യത്യസ്തമായി ഭൂമിയിലെ വിഷാംശമെല്ലാം വലിച്ചെടുത്ത് തടിയിൽ സൂക്ഷിക്കാൻ അനുഗ്രഹം ലഭിച്ച അൽ മുരിങ്ങ വൃക്ഷമാണത്രേ! 

⭕മഴക്കാലത്ത് വെള്ളത്തിൽ കുതിർന്ന് നിൽക്കുമ്പോൾ വിഷം ഇലകൾ വഴി പുറന്തള്ളാൻ ശ്രമിക്കുമെന്ന്! മുരിങ്ങയിലയും മുരിങ്ങക്കായുമെല്ലാം പോഷക സമൃദ്ധമാണെന്നതിൽ തർക്കമില്ല. പക്ഷേ മുരിങ്ങമരത്തിന് മറ്റു മരങ്ങളിൽ നിന്നും വ്യത്യസ്തമായി വിഷം വലിച്ചെടുക്കലും, പുറന്തള്ളലും പോലുള്ള സിദ്ധികൾ ഉണ്ടെന്നത് വെറും കെട്ടുകഥകൾ മാത്രമാണ്.

⭕കേരളത്തിലെ മഴ കർക്കിടകത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ഇടവപ്പാതിയും, തുലാവർഷവുമെല്ലാം നമുക്ക് ജലസമൃദ്ധിയേകുന്നവയാണ്. മുരിങ്ങേടെ കൈയിൽ കലണ്ടറോ, മഴമാപിനിയോ ഇല്ല. കർക്കടകത്തിലെ മഴയാണോ, പ്രളയമാണോ എന്നൊന്നും അതിന്‌ മനസ്സിലാകുകയുമില്ല.മാസം ഏതായാലും ,കേമം മുരിങ്ങയില തന്നെ ! പാകം ചെയ്യുന്നതിന് മുൻപ് നന്നായി കഴുകി വൃത്തിയാക്കണമെന്നു മാത്രം.നിത്യജീവിതത്തിൽ നമ്മുടെ ഭക്ഷണക്രമത്തിന്റെ ഭാഗമാകേണ്ടതാണ് ഇലക്കറികൾ. മുരിങ്ങയെ സംബന്ധിച്ചിടത്തോളം ഏറ്റവും പോഷക സമ്പുഷ്ടമായത് അതിന്റെ ഇലകളാണ്. ജീവകം എ യും, സി യും, ബി കോംപ്ലക്സും ,പ്രോട്ടീനും ,ഇരുമ്പ് സത്തും, കാൽസ്യവും, മഗ്നീഷ്യവും, മാംഗനീസും, സിങ്കും എല്ലാം ഒത്തുചേർന്ന മുരിങ്ങയില ഏറെ പോഷക ഗുണമുള്ളതാണ്. കൂടാതെ വിവിധ നിരോക്സീകാരികളും മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്. ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ദഹന വ്യവസ്ഥയുടെ പ്രവർത്തനം സുഗമമാക്കാനും മുരിങ്ങയില സഹായിക്കും.മുരിങ്ങയില തോരനും ,മുരിങ്ങയിലയും ചക്കക്കുരുവും ,മുരിങ്ങയിലയും പരിപ്പും അങ്ങനെ എത്രയെത്ര കറികളാണ് കൊതിയൂറും രുചികളുമായി നമുക്ക് മുമ്പിലുള്ളത്