താപനില ഉയരുമ്പോൾ
താപവര്‍ധന രണ്ടുസെല്‍ഷ്യസിനു മുകളിലെത്തിയാല്‍ ഭൂമിയില്‍ മനുഷ്യവാസം അസാധ്യമാകും?
ശാസ്ത്രജ്ഞര്‍ കരുതിയതിലും വളരെ വേഗത്തിലും കൂടുതല്‍ ആഘാതങ്ങളോടെയുമാണ് കാലാവസ്ഥ മാറുന്നത്. അരനൂറ്റാണ്ടിനിടെ ശരാശരി ആഗോളതാപനിലയില്‍ ഒന്നുമുതല്‍ 1.2 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനയുണ്ടായി. താപവര്‍ധന രണ്ടുസെല്‍ഷ്യസിനു മുകളിലെത്തിയാല്‍ ഭൂമിയില്‍ മനുഷ്യവാസം മിക്കവാറും അസാധ്യമാകും.
താപവര്‍ധന ഒരു ഡിഗി സെല്‍ഷ്യസ് കടന്നപ്പോള്‍ത്തന്നെ താങ്ങാനാകാത്ത ആഘാതങ്ങളാണ് ലോകത്താകെ സംഭവിക്കുന്നത്. ധ്രുവങ്ങളില്‍ അതിദ്രുതം മഞ്ഞുരുകുകയാണ്. കടല്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കനത്ത പേമാരിയും വെള്ളപ്പൊക്കവും കടുത്ത വരള്‍ച്ചയും ഉഷ്ണതരംഗവും സൂപ്പര്‍സൈക്ലോണും കാട്ടുതീയും ഉള്‍പ്പെടെയുള്ള തീവ്രകാലാവസ്ഥാ പ്രതിഭാസങ്ങള്‍ തുടര്‍ച്ചയായുണ്ടാകുന്നു. ഭക്ഷ്യ-കാര്‍ഷിക വിളകളുടെ ഉത്പാദനം കുറയുന്നു, ജലദൗര്‍ലഭ്യം വര്‍ധിക്കുന്നു, പുതിയ രോഗങ്ങള്‍ വരുന്നു, പഴയവ ചിലത് കരുത്താര്‍ജിച്ച് തിരിച്ചുവരുന്നു. ലോകത്ത് നമുക്കറിയാവുന്ന 87 ലക്ഷം ജീവിവര്‍ഗങ്ങളില്‍ പത്തുലക്ഷത്തോളം സ്പീഷീസുകള്‍ വംശനാശത്തിലേക്ക് നീങ്ങുന്നതായി ഐക്യരാഷ്ട്രസഭയുടെ പുതിയ പഠനം പറയുന്നു.
രണ്ടുഡിഗ്രിയിലേക്ക് ഉയര്‍ന്നാല്‍
1992-ല്‍ റിയോ ഡി ജനൈറോയില്‍നടന്ന ഭൗമ ഉച്ചകോടി മുതലെങ്കിലും കാലാവസ്ഥാവ്യതിയാനത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ ആഗോളതലത്തില്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, ഈ ശ്രമങ്ങളെയെല്ലാം അപ്രസക്തമാക്കിക്കൊണ്ട് ഭൂമിയുടെ പനി വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വര്‍ധിതവേഗത്തില്‍ നടക്കുകയാണ്. വര്‍ഷങ്ങള്‍നീണ്ട ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും വിലപേശലുകള്‍ക്കുമൊടുവിലാണ് 2015 ഡിസംബറില്‍ 195 ലോകരാജ്യങ്ങള്‍ പാരീസ് കരാറില്‍ ഒപ്പുവെക്കുന്നത്. ആഗോളതാപവര്‍ധന രണ്ടുഡിഗ്രിയിലും നന്നായി താഴ്ത്തി നിര്‍ത്തണമെന്നും അത് 1.5 ഡിഗ്രി സെല്‍ഷ്യസില്‍ പരിമിതപ്പെടുത്താന്‍ പരിശ്രമിക്കണമെന്നുമാണ് പാരീസ് കരാറില്‍ പറയുന്നത്.
ഓരോ രാജ്യവും കാലാവസ്ഥാവ്യതിയാനത്തെ പ്രതിരോധിക്കാന്‍ തങ്ങളുടെ രാജ്യം കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ സംബന്ധിച്ച് സമര്‍പ്പിച്ചിട്ടുള്ള പദ്ധതി രേഖകളും പാരീസ് കരാറിന്റെ ഭാഗമാണ്. ഈ നിര്‍ദേശങ്ങള്‍ പക്ഷേ, താപവര്‍ധന, കരാറിന്റെ ലക്ഷ്യമായ രണ്ടുഡിഗ്രി സെല്‍ഷ്യസില്‍താഴെ നിര്‍ത്താന്‍ പര്യാപ്തമല്ല. ലോകരാഷ്ട്രങ്ങള്‍ സമര്‍പ്പിച്ച പദ്ധതി നിര്‍ദേശങ്ങള്‍ വിശകലനംചെയ്ത ശാസ്ത്രജ്ഞര്‍, നിര്‍ദേശിക്കപ്പെട്ട മുഴുവന്‍ നടപടികള്‍ കൈക്കൊണ്ടാലും 2100-ഓടെ ശരാശരി ആഗോളതാപനിലയില്‍ മൂന്നുഡിഗ്രി സെല്‍ഷ്യസ് എങ്കിലും വര്‍ധനയുണ്ടാകുമെന്നാണ് കണക്കാക്കിയത് (ഇന്നത്തെ രീതികള്‍ അതേപടി തുടര്‍ന്നാല്‍ 2100-ഓടെ ഭൂമിയുടെ ചൂട് 4.5 മുതല്‍ 6.5 സെല്‍ഷ്യസ് വരെ വര്‍ധിക്കും).
ഹരിതഗൃഹവാതകങ്ങള്‍ വില്ലനാവുമ്പോള്‍
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിമുതലാണ് അന്തരീക്ഷത്തില്‍ ഹരിതഗൃഹവാതകങ്ങള്‍ വന്‍തോതില്‍ എത്താന്‍ തുടങ്ങിയത്. ഏഴുപതിറ്റാണ്ടിനിടെ നമ്മള്‍ പുറംതള്ളുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് ഏകദേശം 5 ജി ടണ്ണില്‍നിന്ന് എഴുനൂറുശതമാനം വര്‍ധിച്ച് 37.2 ജി ടണ്ണിനുമുകളില്‍ എത്തി. അതിലുപരി ഈ തോത് ഇനിയും വര്‍ധിച്ചുകൊണ്ടിരിക്കയാണ്. ഇന്നത്തെ നിരക്കിന് ഒരു വ്യാഴവട്ടംകൂടി കാര്‍ബണ്‍ ബഹിര്‍ഗമനം തുടര്‍ന്നാല്‍ പിന്നെ താപവര്‍ധന രണ്ടുഡിഗ്രി°സെല്‍ഷ്യസിനുള്ളില്‍ നിര്‍ത്താന്‍ കഴിയില്ല.
1990 വരെയും വികസിതരാജ്യങ്ങളാണ് ഹരിതഗൃഹവാതകങ്ങള്‍ പുറംതള്ളിയിരുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വരരാജ്യങ്ങളുടെയും അവികസിതരാജ്യങ്ങളുടെയും പങ്ക് വളരെ ചെറുതായിരുന്നു. അക്കാരണത്താല്‍ത്തന്നെ കാലാവസ്ഥാവ്യതിയാനത്തിന് കാരണക്കാരായ പടിഞ്ഞാറന്‍ രാജ്യങ്ങള്‍തന്നെ ഇതിന് പരിഹാരംകാണണമെന്ന രാഷ്ട്രീയനിലപാടാണ് നമ്മള്‍ കൈക്കൊണ്ടത്. ഇന്നുപക്ഷേ, ചിത്രം വല്ലാതെ മാറിയിരിക്കുന്നു.
ഇന്ത്യയും പ്രതിസ്ഥാനത്ത്
യറോപ്യന്‍ രാജ്യങ്ങള്‍ തങ്ങള്‍ പുറംതള്ളുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവില്‍ ഗണ്യമായ കുറവുവരുത്തിക്കൊണ്ടിരിക്കയാണ്. അമേരിക്ക ശക്തമായ നടപടികളോട് മുഖംതിരിച്ചുനില്‍ക്കുകയാണെങ്കിലും പുറംതള്ളുന്ന വാതകങ്ങളുടെ അളവില്‍ കാര്യമായ വര്‍ധന വരുത്തുന്നില്ല. അമേരിക്കന്‍ ഭരണകൂടം മടിച്ചുനില്‍ക്കുമ്പോഴും അവിടത്തെ പല പ്രവിശ്യാസര്‍ക്കാരുകളും നല്ലരീതിയിലുള്ള നടപടികളെടുക്കുന്നുണ്ട്. മറുവശത്ത് പക്ഷേ, ചൈനയും ഇന്ത്യയും ഉള്‍പ്പെടെയുള്ള വികസ്വരരാജ്യങ്ങള്‍ തങ്ങളുടെ ഹരിതഗൃഹവാതക തള്ളലുകള്‍ വന്‍തോതില്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കയാണ്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ഡൈഓക്‌സൈഡ് ഉള്‍പ്പെടെയുള്ള വാതകങ്ങള്‍ പുറംതള്ളുന്നത് ചൈനയാണ്. രണ്ടാംസ്ഥാനം അമേരിക്കയ്ക്കും മൂന്ന ാംസ്ഥാനം ഇന്ത്യയ്ക്കുമാണ്. സമീപകാലത്ത് കൂടുതല്‍ ഹരിതഗൃഹവാതകങ്ങള്‍ പുറംതള്ളുന്ന രാജ്യങ്ങളില്‍ ശതമാനക്കണക്കില്‍ ഏറ്റവും വര്‍ധനവരുത്തുന്നത് ഇന്ത്യയാണ്. 1994-ല്‍ നമ്മള്‍ ഏകദേശം 120 കോടി ടണ്‍ കാര്‍ബണ്‍ഡയോക്‌സൈഡിന് തുല്യമായ വാതകങ്ങളാണ് പുറംതള്ളിയത്.
കാലാവസ്ഥാവ്യതിയാനത്തിന്റെ മുഖ്യപ്രതിസ്ഥാനത്ത് ഇന്നും വികസിതരാജ്യങ്ങള്‍ നില്‍ക്കുമ്പോഴും ഇനിയും അവര്‍ക്കുനേരെമാത്രം വിരല്‍ചൂണ്ടി ശക്തമായ നടപടികള്‍ കൈക്കൊള്ളുന്നതില്‍നിന്ന് നമുക്ക് മുഖംതിരിഞ്ഞുനില്‍ക്കാനാകില്ല. വിശേഷിച്ചും കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതങ്ങള്‍ ഏറ്റവുമധികം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ എന്നതിനാല്‍ക്കൂടി.
2013-ലെ ഉത്തരാഖണ്ഡിലെ പ്രളയംമുതലെങ്കിലും നമ്മള്‍ തുടര്‍ച്ചയായി, തീവ്രകാലാവസ്ഥാ പ്രതിഭാസങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കയാണ്. കേരളത്തിനുമാത്രം 2018-ലും 2019-ലുംകൂടി 50,000 കോടി രൂപയിലധികം മഴക്കാലദുരന്തങ്ങളില്‍ നഷ്ടം സംഭവിച്ചിരിക്കുന്നു. മറ്റുസംസ്ഥാനങ്ങളെക്കൂടി കണക്കിലെടുത്താല്‍ കാലാവസ്ഥാദുരന്തങ്ങളുടെ നഷ്ടംമാത്രം ഇനി ഓരോ വര്‍ഷവും ലക്ഷക്കണക്കിനുകോടി രൂപയുടേതാകാം. കാര്‍ഷികരംഗത്തും ജലമേഖലയിലും ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ ഇതിനുപുറമേയാണ്
തിരുത്താനുള്ള സമയം കുറച്ചുമാത്രം
ഇന്ത്യയുടെ ആയിരക്കണക്കിനുകിലോമീറ്റര്‍ തീരപ്രദേശങ്ങളില്‍ ഇതിനകം 10-20 സെന്റിമീറ്റര്‍ ജലനിരപ്പ് ഉയര്‍ന്നുകഴിഞ്ഞു. സുന്ദര്‍ബന്‍സിന്റെ പലഭാഗവും വെള്ളത്തിനടിയിലായതോടെ രാജ്യത്തെ ആദ്യത്തെ കാലാവസ്ഥാ അഭയാര്‍ഥികള്‍ അവിടെനിന്നുള്ളവരാകുകയാണ്. സമീപകാല ഇന്ത്യന്‍ വികസനത്തിന്റെ ഗുണഭോക്താക്കള്‍ സാമ്പത്തികമായി ഉയര്‍ന്ന ചെറുശതമാനം ജനങ്ങള്‍ മാത്രമാണല്ലോ. അവരാണ് ഇന്ത്യയുടെ ഹരിതഗൃഹവാതക ബഹിര്‍ഗമനം വര്‍ധിക്കുന്നതിന് ഉത്തരവാദികള്‍. എന്നാല്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തങ്ങള്‍ ആദ്യം ഏറ്റുവാങ്ങേണ്ടിവരുന്നത് ഈ പാപത്തില്‍ ഒരു പങ്കുമില്ലാത്ത പാവങ്ങളാണ്.
2030-നുള്ളില്‍ നമ്മള്‍ പുറംതള്ളുന്ന ഹരിതഗൃഹവാതകങ്ങളില്‍ 55 ശതമാനമെങ്കിലും കുറവുവരുത്തണമെന്നും 2050 -ഓടെ അത് പൂര്‍ണമായും ഇല്ലാതാക്കണമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞുകഴിഞ്ഞു. ഇല്ലെങ്കില്‍ നമ്മുടെ ഭാവി പുകമൂടിയതാവും.