ഡ്യൂണ്‍ ലോകത്തിലെ ഏറ്റവും വലിയ ക്രയോജനിക് കണികാ പരീക്ഷണശാല

Simple Science Technology

 ഡ്യൂണ്‍ ലോകത്തിലെ ഏറ്റവും വലിയ ക്രയോജനിക് കണികാ പരീക്ഷണശാല 

⭕സേണിലെ ലാർജ് ഹാഡ്രോണ്‍ കൊളൈഡറില്‍ നടത്തുന്ന കണികാ പരീക്ഷണങ്ങളേക്കാള്‍ ശാസ്ത്രലോകത്ത് പ്രധാന്യമുള്ളതാണ് ഡ്യൂണ്‍. ഡ്യൂണ്‍ പരീക്ഷണത്തിന് ആവശ്യമുള്ള ഡിറ്റക്ടറുകള്‍ സേണില്‍ നിർമിക്കാനാരംഭിച്ചുകഴിഞ്ഞു. 2024 ല്‍ ആദ്യ ഡ്യൂണ്‍ പരീക്ഷണം നടക്കും. 2027 ആകുമ്പോഴേക്കും പരീക്ഷണശാല പൂർണ സജ്ജമാകും. ന്യൂട്രിനോ പരീക്ഷണങ്ങളാണ് ഡ്യൂണില്‍ നടത്തുന്നത്. 68,000 ടണ്‍ ദ്രാവക ആർഗണ്‍ ആണ് ക്രയോജനിക് ഡിറ്റക്ടറില്‍ നിറക്കുന്നത്.

⭕കണികാ ഭൗതികത്തിലും ജ്യോതിര്‍ ഭൗതികത്തിലും ഒരുപോലെ പ്രാധാന്യമുള്ളതാണ് ഡ്യൂണ്‍ പരീക്ഷണം. അതിലേറ്റവും പ്രധാനം പ്രപഞ്ചത്തിന്റെ ഉല്പാത്തി രഹസ്യം തന്നെയാണ്. മഹാവിസ്‌ഫോടനത്തേത്തുടര്ന്ന് ദ്രവ്യവും പ്രതിദ്രവ്യവും കൂടിച്ചേര്ന്ന് ഊർജമായും, ഊര്ജം വീണ്ടും ദ്രവ്യ-പ്രതിദ്രവ്യങ്ങളുമാകുന്ന അവസ്ഥയില്‍ നിന്ന് ദ്രവ്യാധിപത്യമുള്ള പ്രപഞ്ചം എങ്ങനെ രൂപപ്പെട്ടുവെന്ന പ്രഹേളികയ്ക്ക് ഡ്യൂണ്‍ പരീക്ഷണത്തിലുടെ വിശദീകരണം നല്കാന്‍ കഴിയുമെന്നാണ് പ്രതിക്ഷിക്കുന്നത്. പ്രതിദ്രവ്യത്തെ മറികടന്ന് പ്രപഞ്ചത്തില്‍ ദ്രവ്യം ആധിപത്യം സ്ഥാപിച്ചതുകൊണ്ടാണ് വലിയ ഘടനകളായ ഗാലക്‌സികളും നക്ഷത്രങ്ങളുമെല്ലാം രൂപപ്പെട്ടത്. തുടര്ന്ന് നക്ഷത്രങ്ങൾക്ക് ചുറ്റും ഗ്രഹങ്ങളും അവയില്‍ ജീവനുമുണ്ടായി. എന്തുകൊണ്ടാണ് പ്രതിദ്രവ്യത്തിന് പകരം ദ്രവ്യം കൂടുതലുണ്ടായത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞാല്‍ അത് ജ്യോതിര്‍ ഭൗതികത്തില്‍ നൂറ്റാണ്ടുകളായി നിലനില്ക്കുന്ന പ്രഹേളികയ്ക്കുള്ള വിശദീകരണമാകും. നാമമെങ്ങനെ ഇവിടെയത്തി എന്ന തത്വചിന്താപരമായ പരാമർശത്തിന് മറുപടിയുമാകും.

ലോകത്തിലെ ഏറ്റവും വലിയ ക്രയോജനിക് കണികാ പരീക്ഷണശാലയാണ് ഡ്യൂണ്‍. ദശാബ്ദങ്ങള്ക്ക് മുമ്പ് ഭൗതികശാസ്ത്രജ്ഞര്‍ പ്രവചിച്ച പ്രോട്ടോണ്‍ ശോഷണം തെളിയിക്കാന്‍ ഡ്യൂണ്‍ പരീക്ഷണത്തിന് കഴിയും. അതിലൂടെ ദ്രവ്യത്തിന്റെ സ്ഥിരതയും മൗലിക ബലങ്ങളുടെ ഏകീകരണവും തമ്മിലുള്ള ബന്ധവും വ്യക്തമാകും. സ്ഥൂലമെന്നും സൂക്ഷമമെന്നുമുള്ള വേര്തിമരിവില്ലാതെ പ്രപഞ്ചപ്രതിഭാസങ്ങളെ ഒരു സിദ്ധാന്തത്തിന് കീഴില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന ഐന്സ്റ്റൈന്റെ ഒരു നൂറ്റാണ്ടോളം പഴക്കമുള്ള സ്വപ്നത്തിന്റെ സാക്ഷാത്ക്കാരവുമാകും. തമോദ്വാരങ്ങളുടെ ഉള്ളില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഇന്നും ശാസ്രതലോകത്തിന് വിശദീകരിക്കാന്‍ കഴിയില്ല. ക്ഷീരപഥത്തിന്റെ കേന്ദ്രത്തില്‍ നിന്നുപുറപ്പെടുന്ന ന്യൂട്രിനോകളേക്കുറിച്ചുള്ള പഠനത്തിലൂടെ തമോദ്വാരങ്ങളുടെയും ന്യൂട്രോണ്‍ താരങ്ങളുടെയും ശാസ്ത്രം കൂടുതല്‍ വ്യക്തമാക്കുന്നതിനും ഡ്യൂണ്‍ പരീക്ഷണം കൊണ്ട് കഴിയും