വ്യാഴത്തിന്റെ സ്പീഡ്
വ്യാഴത്തിന്റെ സ്പീഡ് (Jupiter)
Courtesy : Baijuraj & Wikipedia
⭕ഭീമൻ ഗ്രഹമായ വ്യഴമാണ് സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളേക്കാൾ വേഗം തിരിയുന്നത്. വേഗം എന്ന് വച്ചാൽ.. വളരെ വേഗം. ഭൂമിയുടെ തിരിച്ചിലിന്റെ 27 മടങ്ങു വേഗത്തിൽ . ഭൂമിയുടെ ഏറ്റവും വേഗത കൂടിയ ഭൂമധ്യരേഖാ പ്രദേശം തിരിയുന്നത് 1,600 km/ hr ആണ്. എന്നാൽ വ്യാഴം തിരിയുന്നത് 43,000 km/ hr. ഭൂമിയുടെ 27 മടങ്ങു വേഗത്തിൽ ! അങ്ങനെ തിരിഞ്ഞാൽ ഭൂമിയിലെ ഒരു ദിവസത്തിന്റെ ദൈർഖ്യം ഒരു മണിക്കൂറിൽ താഴെ ആകുമായിരുന്നു. അര മണിക്കൂർ പകലും, അര മണിക്കൂർ രാത്രിയും. ഭൂമി ആ സ്പീഡിൽ കറങ്ങിയാൽ.. നമ്മളൊക്കെ ആകാശത്തേക്ക് തെറിച്ചു പോവും. നമ്മൾ മാത്രമല്ല.. ഭൂമിയിൽ ഉറച്ചു നിൽക്കാത്ത സകലതും. കല്ലും, മണ്ണും, വെള്ളവും.. അപ്പോൾ ഭൂമി തകർന്നു ഒരു ആസ്റ്ററോയ്ഡ് ബെൽറ്റ് ഉണ്ടാവും... ചൊവ്വയ്ക്കും, വ്യാഴത്തിനും ഇടയ്ക്കുള്ള ആസ്റ്ററോയ്ഡ് ബെൽറ്റ് പോലെ.
⭕സ്വയം കറക്കം കാരണം ഭൂമി സ്വയം തകരാൻ മുകളിൽ പറഞ്ഞതുപോലെ 27 മടങ്ങു വേഗത ഒന്നും വേണ്ട. വെറും 17 മടങ്ങു മാത്രം മതി. സൂര്യനിൽ നിന്ന് അഞ്ചാമത്തേതും സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹവുമാണ് വ്യാഴം. സൗരപിണ്ഡത്തിന്റെ ആയിരത്തിലൊന്നിനേക്കാൾ അൽപ്പം മാത്രം കുറവ് പിണ്ഡമുള്ള ഒരു വാതകഗോളമാണ് വ്യാഴം. സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളുടേയും മൊത്തം പിണ്ഡത്തിന്റെ രണ്ടര ഇരട്ടി വരും ഇത്. വ്യാഴത്തിനുപുറമേ ശനി, യുറാനസ്, നെപ്ട്യൂൺ എന്നിവയും വാതകഭീമന്മാരാണ്, ഈ നാല് ഗ്രഹങ്ങളെ ഒരുമിച്ച് ജൊവിയൻ ഗ്രഹങ്ങൾ എന്നും വിളിക്കുന്നു.
⭕ഹൈഡ്രജനാണ് വ്യാഴത്തിന്റെ മുഖ്യ ഘടകമെങ്കിലും കാൽഭാഗത്തോളം ഹീലിയമുണ്ട്; കൂടുതൽ ഭാര മൂലകങ്ങളടങ്ങിയ ഉറച്ച കാമ്പ് ഗ്രഹത്തിന് ഉണ്ടായിരിക്കാം. കൂടുതൽ വേഗതയുള്ള ഭ്രമണമായതിനാൽ മധ്യരേഖയേക്കാർ വ്യാസം കുറഞ്ഞ ധ്രുവങ്ങളോടെയുള്ള ദീർഘഗോളാകാരമാണ് വ്യാഴത്തിന്റെ ആകൃതി. വ്യത്യസ്ത അക്ഷാംശങ്ങളിൽ വേർതിരിക്കപ്പെട്ട രീതിയിലാണ് ഗ്രഹത്തിന്റെ ഏറ്റവും പുറമേയുള്ള അന്തരീക്ഷം സ്ഥിതിചെയ്യുന്നത്, ഇത് അവയുടെ അതിർ വരമ്പുകളിൽ ചില പ്രക്ഷുബ്ധതകൾ സൃഷ്ടിക്കുന്നുണ്ട്. ഈ പ്രക്ഷുബ്ധതകളിൽ ഏറ്റവും പ്രമുഖമാണ് ചുവന്ന ഭീമൻ പൊട്ട്, പതിനേഴാം നൂറ്റാണ്ടിൽ ആദ്യമായി ഗ്രഹത്തെ ദൂരദർശിനിയിൽ നിരീക്ഷിക്കാൻ സാധിച്ചതുമുതൽ ഗ്രഹത്തിൽ കാണപ്പെടുന്ന ഒരു ഭീമൻ ചുഴലിക്കാറ്റാണിത്. ചുറ്റുമായി ചിതറിക്കിടക്കുന്ന ഉപഗ്രഹവ്യവസ്ഥയും ശക്തമായ കാന്തമണ്ഡലവും വ്യാഴത്തിനുണ്ട്. 1610-ൽ ഗലീലിയോ ഗലീലി കണ്ടെത്തിയ നാല് വലിയ ഉപഗ്രഹങ്ങളടക്കം കുറഞ്ഞത് 63 ഉപഗ്രഹങ്ങളെങ്കിലും വ്യാഴത്തിനുണ്ട്. സൗരയൂഥത്തിലെത്തന്നെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമീഡിന് ബുധനേക്കാൾ വലിപ്പമുണ്ട്.
⭕ഏതാനും പേടകങ്ങൾ വ്യാഴത്തെ സന്ദർശിച്ചിട്ടുണ്ട്, ആദ്യകാലങ്ങളിൽ നടത്തിയ പയനിയർ, വൊയേജർ ദൗത്യങ്ങൾ പിന്നീട് നടന്ന ഗലീലിയോ ഓർബിറ്റർ എന്നിവയാണ് അവയിലെ പ്രധാനപ്പെട്ടവ. പ്ലൂട്ടോയെ ലക്ഷ്യമാക്കി ഫെബ്രുവരി 2007 ൽ യാത്രതിരിച്ച ന്യൂ ഹറിസൺസ് (New Horizons) പേടകമാണ് ഏറ്റവുമൊടുവിൽ വ്യാഴത്തെ സന്ദർശിച്ചത്. വേഗത വർദ്ധിപ്പിക്കുന്നതിനായി വ്യാഴത്തിന്റെ ഗുരുത്വബലം പേടകം ഉപയോഗപ്പെടുത്തിയിരുന്നു. ഉപഗ്രഹമായ യൂറോപ്പയിലെ ഹിമത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്ന ദ്രാവക സമുദ്രം ഭാവിയിൽ നടത്താനിരിക്കുന്ന പര്യവേഷണങ്ങളിലെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
⚙️ ഘടന
⭕ഖരപദാർത്ഥങ്ങൾ പ്രധാന ഘടകമല്ലാത്ത നാല് വാതകഭീമൻ ഗ്രഹങ്ങളിലൊന്നാണ് വ്യാഴം. മധ്യരേഖയിൽ 142,984 കിലോമീറ്റർ വ്യാസമുള്ള ഇത് സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ ഏറ്റവും വലുതാണ്. 1.326 ഗ്രാം/ഘന സെന്റിമീറ്റർ ആണ് വ്യാഴത്തിന്റെ ശരാശരി സാന്ദ്രത, ഇത് വാതകഭീമൻമാരിൽ രണ്ടാമത്തെതാണെങ്കിലും നാല് പാറഗ്രഹങ്ങളേക്കാൾ കുറവാണ്.
⚙️ ഘടകങ്ങൾ
⭕അടങ്ങിയിരിക്കുന്ന വാതക തന്മാത്രകളുടെ വ്യാപ്തമനുസരിച്ച് വ്യാഴത്തിന്റെ ഉപരിതല അന്തരീക്ഷത്തിൽ 88 മുതൽ 92 ശതമാനം വരെ ഹൈഡ്രജനും 8 മുതൽ 12 ശതമാനം വരെ ഹീലിയവും അടങ്ങിയിരിക്കുന്നു. ഹീലിയം ആറ്റത്തിന് ഹൈഡ്രജൻ ആറ്റത്തേക്കാൾ ഏതാണ്ട് നാല് മടങ്ങ് പിണ്ഡക്കൂടുതലുള്ളതിനാൽ അവയുടെ പിണ്ഡത്തിന്റെ അനുപാതം ഇതിൽ നിന്നും വ്യത്യസ്തമായിരിക്കും. അതുപ്രകാരം പിണ്ഡം കണക്കിലെടുക്കുയാണെങ്കിൽ 75 ശതമാനത്തോളം ഹൈഡ്രജനും 24 ശതമാനത്തോളം ഹീലിയവുമാണ് അടങ്ങിയിരിക്കുന്നത്, ബാക്കി മറ്റ് മൂലകങ്ങളും. അതിനു തൊട്ടു താഴെയുള്ള ഭാഗം കൂടുതൽ സാന്ദ്രമാണ്, അവിടം 71 ശതമാനം ഹൈഡ്രജനും 24 ശതമാനം ഹീലിയവും 5 ശതമാനം ബാക്കി മൂലകങ്ങളും വരുന്നു. നേരിയതോതിൽ മീഥെയ്ൻ, ഹൈഡ്രജൻ സൾഫൈഡ്, നിയോൺ, ഓക്സിജൻ, ഫോസ്ഫൈൻ, സൾഫർ എന്നിവയും അന്തരീക്ഷത്തിലടങ്ങിയിരിക്കുന്നു. അന്തരീക്ഷത്തിന്റെ ഏറ്റവും പുറമേയുള്ള ഭാഗത്ത് തണുത്തുറഞ്ഞ അമോണിയയുടെ പരലുകളുടെ സാന്നിദ്ധ്യമുണ്ട്. ഇൻഫ്രാറെഡ്, അൾട്രാവയലെറ്റ് മാപന രീതികൾ വഴി ബെൻസീൻ തുടങ്ങിയ ഹൈഡ്രോകാർബണുകളുടെ അംശവും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.
⭕ആദി സൗരനെബുലയിലെ ഹൈഡ്രജന്റെയും ഹീലിയത്തിന്റേയും അനുപാതത്തിനു ഏതാണ് സമാനമാണ് ഗ്രഹാന്തരീക്ഷത്തിന്റേയും അനുപാതം. എങ്കിലും ദശലക്ഷത്തിൽ ഇരുപത് എന്ന നിരക്കിൽ മാത്രമാണ് നിയോൺ അടങ്ങിയിട്ടുള്ളത്, ഇത് സൂര്യനിലേതിന്റെ പത്തിലൊന്ന് മാത്രമാണ്. ഹീലിയത്തിലും കാര്യമായ കുറവ് കാണപ്പെടുന്നു, സൂര്യന്റെ 80 ശതമാനം മാത്രമാണ് ഹീലിയത്തിന്റെ അനുപാതം. ഗ്രഹാന്തർഭാഗത്ത് അവക്ഷിപ്തപ്പെട്ടത് മൂലമായിരിക്കാം ഈ കുറവ് സംഭവിച്ചതെന്ന് കരുതാം. എന്നാൽ വ്യാഴത്തിന്റെ അന്തരീക്ഷത്തിലെ ഭാര അലസ വാതകങ്ങളുടെ അനുപാതം സൂര്യനിലേതിനേക്കാൾ രണ്ടോ മൂന്നോ മടങ്ങുണ്ട്
⭕സ്പെക്ട്രോസ്കോപ്പി മാപനങ്ങളനുസരിച്ച് ശനിക്കും ഏതാണ്ട് വ്യാഴത്തോട് സമാനമായ ഘടകാനുപാതമാണുള്ളത്, അതേസമയം മറ്റ് രണ്ട് വാതകഭീമന്മാരായ യുറാനസിനിലും നെപ്ട്യൂണിലും മറ്റ് രണ്ടെണ്ണത്തിൽ നിന്ന് വ്യത്യസ്തമായി ഹൈഡ്രജനും ഹീലിയവും താരതമ്യേന കുറഞ്ഞ അളവിലാണ് കാണപ്പെടുന്നത്. അന്തരീക്ഷം കടന്നുള്ള പര്യവേഷണങ്ങൾ നടക്കാത്തതിനാൽ വ്യാഴം മുതലുള്ള ഗ്രഹങ്ങളിലെ ഭാരമൂലകങ്ങളുടെ വ്യക്തമായ അളവ് നിലവിൽ ലഭ്യമല്ല