പ്രപഞ്ചത്തില്‍ നമ്മൾ താണ്ടുന്ന ദൂരങ്ങൾ

Simple Science Technology

പ്രപഞ്ചത്തില്‍ നമ്മൾ താണ്ടുന്ന ദൂരങ്ങൾ

ഒരു ശരാശരി മലയാളി ജനിച്ച് മരിക്കുന്നതിനിടെ 137970 കോടി കിലോമീറ്റർ ദൂരം സഞ്ചരിച്ച് കഴിഞ്ഞിട്ടുണ്ടാകും - രസകരമായ ആ യാത്രയെപ്പറ്റി* .....

ബര്‍ട്രന്റ് റസ്സല്‍ ആണ് ഒരിക്കല്‍ പറഞ്ഞത്, വല്ലാതെ അഹംഭാവവും അഹങ്കാരവുമൊക്കെ തോന്നുമ്പോള്‍, ഈ മഹാപ്രപഞ്ചത്തെ മനസില്‍ സങ്കല്‍പ്പിച്ച് അതില്‍ മനുഷ്യന്റെ സ്ഥാനം എത്ര തുച്ഛമാണെന്ന് ഓര്‍ത്തുനോക്കാന്‍. അഹങ്കാരമെല്ലം പമ്പകടക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നമ്മള്‍ എന്നും ഇങ്ങനെ ആയിരുന്നെന്ന് ഉറച്ചു വിശ്വസിച്ച് അതില്‍ ഊറ്റംകൊള്ളുന്ന ചിലരുണ്ട്. മാറ്റങ്ങള്‍ ഇഷ്ടപ്പെടാത്തവര്‍, തല്‍സ്ഥിതി നിലനിര്‍ത്താന്‍ എന്തും കാട്ടിക്കൂട്ടുന്ന ഇടുങ്ങിയ ചിന്താഗതിക്കാര്‍. ഭൂമിയും സൂര്യനും ഗാലക്‌സിയുമൊക്കെ-അതുവഴി നമ്മളും- എത്ര വേഗത്തിലാണ് ചലിക്കുന്നതെന്ന് മനസിലാക്കാന്‍ ശ്രമിച്ചാല്‍, ഇത്തരക്കാരുടെ ചിന്താഗതിക്ക് ചിലപ്പോള്‍ മാറ്റം വന്നേക്കാം.

ശരാശരി മലയാളിയുടെ ആയുര്‍ദൈര്‍ഘ്യം നിലവില്‍ ഏതാണ്ട് 75 വയസ്സാണ്. ഇത് 657,000 മണിക്കൂര്‍ വരും. ഇത്രയും മണിക്കൂറുകള്‍ കൊണ്ട് പ്രപഞ്ചത്തില്‍ നമ്മള്‍ എത്ര ദൂരം താണ്ടുന്നു, എന്തെല്ലാം സ്ഥാനചലനങ്ങള്‍ക്ക് വിധേയമാകുന്നു? അത് മനസിലാക്കിയാല്‍ നമ്മുടെ പല ശാഠ്യങ്ങളും ബാലിശമെന്ന് ബോധ്യമാകും.