ബംഗാൾ ഉൾക്കടലിലെ ന്യൂന-മർദ്ദം കേരളത്തിലെ മഴയ്ക്ക് കാരണമാകുന്നത് എങ്ങനെ?

Simple Science Technology

ബംഗാൾ ഉൾക്കടലിലെ ന്യൂന-മർദ്ദം കേരളത്തിലെ മഴയ്ക്ക് കാരണമാകുന്നത് എങ്ങനെ?

✍️ശ്രീനാഥ് എ.വി. (Luca)

“ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെട്ടു. കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത”, “ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം , കേരളത്തിൽ ഓറഞ്ച്, യെല്ലോ അലെർട്ടുകൾ പ്രഖ്യാപിച്ചു”.

⭕നമുക്ക് വളരെ പരിചിതമായ തലക്കെട്ടുകളാണ് ഇവ. എങ്ങനെയാണ് ബംഗാൾ ഉൾക്കടലിലെ ന്യൂന മർദ്ദം കേരളത്തിലെ മഴയ്ക്ക് കാരണമായി തീരുന്നതെന്ന് നമ്മളിൽ പലരും ഒരു തവണയെങ്കിലും ചിന്തിക്കുവാൻ ഇടയുണ്ട്. അത്തരം സംശയങ്ങളിലേയ്ക്കുള്ള വെളിച്ചം വീശലാണ് ഈ കുറിപ്പ്

സ്കൂളിലേക്കുള്ള വഴിയിൽ നമ്മോടൊപ്പം കൂട്ടു വരുന്ന ഒരു തണുത്ത അനുഭവമാണ് മഴക്കാലം, അഥവാ തെക്കു പടിഞ്ഞാറൻ മൺസൂൺ. മൺസൂൺ മാസങ്ങളിലാണ് (ജൂൺ മുതൽ സെപ്റ്റംബർ വരെ) കേരളത്തിൽ ലഭിക്കുന്ന പ്രതിവർഷ മഴയുടെ ഭൂരിഭാഗവും പെയ്തു തീരുന്നത്. കരയിലേക്ക്, ശരാശരി 15 മുതൽ 20 വരെ m/s വേഗതയിൽ വീശുന്ന കാറ്റിന്റെ ഗതി തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്നായതിനാലാണ് ഈ കാലയളവ് തെക്കുപടിഞ്ഞാറൻ മൺസൂൺ എന്നറിയപ്പെടുന്നത്. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 1.5 മുതൽ 3 വരെ കിലോമീറ്റർ ഉയരത്തിലും, അക്ഷാംശം 10°N നും  15°N നും ഇടയിലൂടെയുമാണ് മൺസൂൺ കാറ്റിന്റെ (ലോ ലെവൽ ജെറ്റ്) വേഗതയേറിയ ഭാഗം കടന്നു പോകുന്നത്. കടലും കരയും തമ്മിലുള്ള താപനിലയിലെ വ്യത്യാസം (തെർമൽ ഗ്രേഡിയന്റ്) മൂലം ഉടലെടുക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റ് സമുദ്രത്തിലൂടെ ഒരുപാട് ദൂരം സഞ്ചരിച്ചതിന് ശേഷമാണ് കേരളത്തിലൂടെയും അതുവഴി ഇന്ത്യയിലെ മറ്റുപല സംസ്ഥാനങ്ങളിലൂടെയും മഴയുടെ സൈറണും മുഴക്കി കടന്നു പോകുന്നത്. ഈ കാറ്റിന്റെ വേഗതയും സ്ഥാനവും മഴപ്പെയ്ത്തിനെയും അതിന്റെ വിതരണത്തെയും വളരെയേറെ സ്വാധീനിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

⭕ന്യൂന-മർദ്ദവും അതി-മർദ്ദവും അന്തരീക്ഷാവസ്ഥയെ നിയന്ത്രിക്കുന്നതിൽ മുന്നിൽ നിന്നു നയിക്കുന്ന ഘടകങ്ങൾ ആണ്. വായുവിന്റെ മുകളിലേയ്ക്കുള്ള സഞ്ചാരത്തിന്റെ ഫലമായാണ് ന്യൂന-മർദ്ദം രൂപം കൊള്ളുന്നത്. സാധാരണ രീതിയിൽ അതി-മർദ്ദ മേഖലയിൽ നിന്നും ന്യൂന-മർദ്ദ പ്രദേശങ്ങളിലേക്കാണ് വായുവിന്റെ ഒഴുക്ക് ഉണ്ടാകുന്നത്. ബംഗാൾ ഉൾക്കടലിൽ ന്യൂന-മർദ്ദം രൂപപ്പെടുന്നതിന്റെ പരിണതഫലമായി ലോ ലെവൽ ജെറ്റിന്റെ വേഗത ശരാശരിയേക്കാൾ വർധിക്കുകയും ന്യൂന-മർദ്ദത്തിന്റെ സ്വാധീനത്താൽ കാറ്റ് കേരളത്തിനു കുറുകെ സഞ്ചരിക്കുകയും ചെയുന്നു.  സമുദ്രത്തിലൂടെ ദീർഘ ദൂരം താണ്ടിയെത്തുന്ന ലോ ലെവൽ ജെറ്റ് വളരെയധികം ജലാംശം വഹിച്ചു കൊണ്ടാണ് ന്യൂന-മർദ്ദം ഇല്ലാത്ത സമയത്തു പോലും കേരള തീരത്തേയ്ക്ക് വന്നു ചേരുന്നത്. ന്യൂന-മർദ്ദം രൂപപ്പെടുമ്പോൾ കാറ്റിന്റെ വേഗത കൂടുന്നതിനാൽ പതിവിൽ കൂടുതൽ അളവിൽ ജലാംശം ഉൾക്കൊള്ളുന്ന വായു തീരത്തേയ്ക്ക് എത്തുകയും തത്ഫലമായി മേഘങ്ങളുടെ രൂപീകരണം കൂടുതലായി സംഭവിക്കുകയും, ശരാശരിയിൽ കവിഞ്ഞ മഴപ്പെയ്ത്തിനു വഴിയൊരുങ്ങുകയും ചെയുന്നു. 

⭕നാം മനസിലാക്കേണ്ട കാര്യം , മൺസൂൺ മഴ പെയ്ത്തിനെ സ്വാധീനിക്കുന്ന അനേകം ഘടകങ്ങളിൽ ഒന്ന് മാത്രമാണ് ലോ ലെവൽ ജെറ്റും, ബംഗാൾ ഉൾക്കടലിലെ ന്യൂന മർദ്ദവും. അതിനാൽ തന്നെ മഴപെയ്ത്‌ കൃത്യതയോടു കൂടി ഫോർകാസ്റ്റ് ചെയ്യുക എന്നുള്ളത് ശ്രമകരമായ ദൗത്യമായി മാറുന്നു