ജൈവ പദാർത്ഥങ്ങൾ ഉപയോഗിച്ചുള്ള ചികിത്സ

Simple Science Technology

ജൈവ പദാർത്ഥങ്ങൾ ഉപയോഗിച്ചുള്ള ചികിത്സ (കപട വൈദ്യം)

✍️Dr. K.P. Aravindan (Luca)

⭕ആദിമകാലം മുതൽ മനുഷ്യൻ സസ്യങ്ങളിൽ നിന്നും മൃഗങ്ങളിൽ നിന്നും കിട്ടുന്ന പദാർഥങ്ങൾ ചികിത്സയ്ക്കായി ഉപയോഗിച്ചുവരുന്നു. പലതരം പച്ച മരുന്നുകളും ഹോർമോണുകളും വിറ്റാമിനുകളുമെല്ലാം ഈ ഇനത്തിൽപ്പെടുന്നു. ഇവയിൽ ഔഷധമൂല്യമുള്ള തന്മാത്രകൾ വേർതിരിച്ചെടുക്കാനും അതേപ്പറ്റി പഠിക്കാനും ക്രമേണ അവ കൃത്രിമമായി നിർമിക്കാനുമൊക്കെ യുള്ള സാങ്കേതികവിദ്യകൾ വികസിച്ചത് വൈദ്യശാസ്ത്രത്തിലെ വഴിത്തിരിവായി. ഔഷധകമ്പനികൾ വൻതോതിൽ ഇത്തരം മരുന്നുകളുടെ ഉൽപ്പാദനം നടത്തിത്തുടങ്ങി, കൃത്രിമനിർമിതി സാധ്യമല്ലാത്ത പച്ചമരുന്നുകളിലും മറ്റും ഈ കമ്പനികൾ താൽപ്പര്യം കാണിക്കാത്തത് അവയെപ്പറ്റി കൂടുതൽ – പഠനങ്ങൾ നടക്കാതിരിക്കാനും കാരണമായി.

⭕ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഈ മേഖലയോടുള്ള അവഗണന മറ്റൊരു വിപത്തിനു വഴിതെളിച്ചെന്നു വേണം കരുതാൻ. “സ്വാഭാവിക മരുന്നുകൾ‘ എന്ന ലേബൽ ഉപയോഗിച്ച് അശാസ്ത്രീയവും ചിലപ്പോൾ അസംബന്ധവുമായ ചികിത്സകൾ വിപണനം നടത്തുന്ന പുതിയ കച്ചവടക്കാർ രംഗത്തെത്തി. ഇത്തരം വസ്തുക്കൾ ചികിത്സയ്ക്കും ആരോഗ്യത്തിനുമായി വിപണനം ചെയ്യുന്നതിന് എതിരെ കർശനമായ നിയമങ്ങളില്ല എന്നതാണ് വസ്തത. നിയമത്തിലെ പഴുതുകൾ അങ്ങനെ പലതരം തട്ടിപ്പുകാർക്കും രക്ഷയാവുന്നു

⭕രസതന്ത്രത്തിനും സമാധാനത്തിനുമായി രണ്ട് വ്യത്യസ്ത നൊബേൽ സമ്മാനങ്ങൾ കിട്ടിയ പ്രശസ്തനായ ശാസ്ത്രജ്ഞനാണ് ലിനസ് പോളിങ്ങ്. പ്രോട്ടീൻ തന്മാത്രകളുടെ ഘടനയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങൾ ഇന്നും ജൈവരസതന്ത്രത്തിന്റെ അടിത്തറകളിലൊന്നായി നിലകൊള്ളുന്നു. പോളിങ്ങിനു പക്ഷേ, ഒരു അന്ധവിശ്വാസമുണ്ടായിരുന്നു. മനുഷ്യശരീരത്തിന് ആവശ്യമായതിനേക്കാൾ വളരെ ഉയർന്നതോതിൽ വിറ്റാമിൻ-സി നൽകിയാൽ ജലദോഷവും കാൻസറും മറ്റും തടയുകയോ ചികിത്സിക്കുകയോ ചെയ്യാമെന്ന്. പോളിങ്ങിന്റെ ഈ കിറുക്ക് ഏറ്റുപിടിച്ച് പലരും പല രോഗങ്ങൾക്കും വൻ ഡോസ് വിറ്റാമിൻ ചികിത്സ (Mega vitamin therapy) നൽകാൻ തുടങ്ങി, മരുന്നു കമ്പനികൾക്കും ഉത്സാഹമുള്ള കാര്യമായിരുന്നു ഇത്. ചിലർ ഉയർന്ന തോതിൽ ധാതുക്കൾ നൽകണമെന്നു വാദിച്ചു. ഉയർന്ന തോതിൽ വിറ്റാമിനുകൾ നൽകിയതുകൊണ്ട് ഗുണമൊന്നുമില്ലെന്ന് പിന്നീടുള്ള ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചു55, 56. എങ്കിലും അശാസ്ത്രീയമായ തോതിൽ വിറ്റാമിനുകൾ പരസ്യം ചെയ്യുന്നതും, ഉപയോഗിക്കുന്നതും ഇന്നും തുടരുന്നു. വിറ്റാമിൻ-എ, വിറ്റാമിൻ-ഡി, പിരിഡോക്സിൻ എന്നിവ ഉയർന്ന തോതിൽ കഴിച്ചാൽ ദൂഷ്യഫലങ്ങൾ ഉണ്ടാകുമെന്നു തെളിയിക്കപ്പെട്ടതാണെന്നും ഓർക്കേണ്ടതുണ്ട്.

⭕വാർധക്യം തടയുകയെന്നത് മനുഷ്യന്റെ എക്കാലത്തുമുള്ള സ്വപ്നമായിരുന്നു. കാലാകാലങ്ങളായി പലതരം അമൃതുകളും ഇതിനായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഒന്നും ഫലപ്രദമായിരുന്നില്ല. ആധുനിക യുഗത്തിൽ വിറ്റാമിനുകളും ഹോർമോണുകളും ഇതിനായി പരസ്യം ചെയ്യപ്പെടുന്നു. വിറ്റാമിൻ-ഇ, ഗ്രോത്ത് ഹോർമോൺ, ടെസ്റ്റോസ്റ്റീറോൺ, ഈസ്ട്രജൻ, പ്രാജസ്റ്ററോൺ തുടങ്ങിയവ വാർധക്യം തടയുമെന്ന് ചിലർ അവകാശപ്പെടുന്നു. വാർധക്യത്തിൽ വരുന്ന ചില രോഗങ്ങൾക്ക് ചിലപ്പോൾ ഇവയിൽ ചിലത് സഹായകമായേക്കാം. എന്നാൽ വാർധക്യമെന്ന പ്രക്രിയ തടയാനോ മെല്ലെയാക്കാനോ ഒരു മരുന്നിനും കഴിയില്ലെന്നാണ്, ഈ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ ശാസ്ത്രജ്ഞരുടെ ഒന്നിച്ചുള്ള അഭിപ്രായം.

⭕പലതരം വിപണനതന്ത്രങ്ങളിലൂടെ വിൽക്കപ്പെടുന്ന ‘അത്ഭുതമരുന്നു’കളുടെ എണ്ണം നൂറു കണക്കിനാണ്. ആധുനിക പരസ്യതന്ത്രങ്ങളും മാധ്യമങ്ങളുടെ വിമർശനമില്ലാത്ത സമീപനവും ഇവയുടെ പ്രചാരണത്തിനു സഹായകമാവുന്നു. ചില ഉദാഹരണങ്ങൾ: DXN ഇന്റർനാഷണൽ എന്ന കമ്പനി പ്രചരിപ്പിക്കുന്ന ദിവ്യ ഔഷധമാണ് റീഷി കൂണ് (Ganoderma lucidum). പുരാതന ചൈനീസ് വൈദ്യത്തിൽ ഉപയോഗിക്കപ്പെട്ട ഔഷധമാണിത്. ഗാനോഡർമയെന്ന ഈ കൂണിനെപ്പറ്റി ചില ലബോറട്ടറി പരീക്ഷണങ്ങൾ നടന്നിട്ടുണ്ടെന്നതു ശരിയാണ്. എന്നാൽ മനുഷ്യനിൽ രോഗങ്ങൾക്കുള്ള ചികിത്സയായി ഇതു പഠിക്കപ്പെട്ടിട്ടില്ല. ഒറ്റ RCTപോലും നടന്നിട്ടില്ല. ഫലം തെളിയിക്കപ്പെടാത്ത ഈ പദാർഥം വിൽക്കുന്നതിന് ശൃംഖലാ വിപണനരീതിയാണിവർ ഉപയോഗിക്കുന്നത്. നാലു വിപണനക്കാരെ ആദ്യ മാസം ചേർക്കുന്നവർക്ക് എല്ലാം ഭംഗിയായി നടന്നാൽ ആറാം മാസം 20 ലക്ഷം രൂപ കിട്ടുമത്ര!58

⭕ഹൈദരാബാദിൽ എല്ലാ വർഷവും മൃഗശീര-കാർത്തിനാളിൽ (ജൂൺ 7,8) ആയിരക്കണക്കിനാളുകൾ തടിച്ചു കൂടുന്നു. ആസ്മയ്ക്കുള്ള ദിവ്യ ചികിത്സയ്ക്കുവേണ്ടി. ആന്ധ്രാ സർക്കാർ ഇതിനുവേണ്ടി സ്പെഷ്യൽ ബസ്സുകളും മറ്റും ഓടിക്കുന്നു. ബാത്തിനി ഗൗഡ കുടുംബത്തിന്റെ കൈവശമുള്ളതാണ് ഈ ദിവ്യ ഔഷധം. ഇതിന്റെ രഹസ്യം മറ്റാർക്കും വെളിപ്പെടുത്താൻ അവർ തയ്യാറായിട്ടില്ല. മഞ്ഞ പേസ്റ്റ് രൂപത്തിലുള്ള മരുന്ന് ഒരു ചെറിയ മത്സ്യത്തിന്റെ വായിലാക്കി രോഗികളുടെ തൊണ്ടയിലേക്ക് കയറ്റിവിടുന്നു. ഇതാണ് പ്രസിദ്ധമായ മത്സ്യ ചികിത്സ.

⭕ഈ ഔഷധംകൊണ്ട് ഗുണമുണ്ടാകുന്നുവെന്ന് നിരവധി സാക്ഷ്യപ്പെടുത്തലുകളുണ്ട്. മറിച്ച് അനുഭവമുള്ള രോഗികളുമുണ്ട്. ചുരുക്കത്തിൽ പ്ലസീബോ പ്രഭാവത്തേക്കാൾ ഗുണം ലഭിക്കുന്നുവെന്നതിന് തെളിവൊന്നു മില്ല. മഞ്ഞ പേസ്റ്റിന് ഔഷധഗുണമുണ്ടെന്നുതന്നെ വെയ്ക്കുക. എന്നാൽ പ്രത്യേക നക്ഷത്രനാളിൽ മാത്രമേ ഇതു ഫലിക്കുകയുള്ളൂ എന്നതിന്റെ യുക്തി എന്താണ്? മത്സ്യം തൊണ്ടയിലൂടെ നീങ്ങുമ്പോൾ അതു കഫത്തെ നീക്കം ചെയ്യുന്നുവെന്നാണ് ഗൗഡമാർ പറയുന്നത്. മത്സ്യം അന്നനാളത്തിലൂടെ ആമാശയത്തിലെത്തുകയാണ് ചെയ്യുന്നത്. ആസ്മയുടെ കാരണം ശ്വാസനാളികളിലാണ്. അവിടെ മത്സ്യം എത്തിയാൽ അത് അപകടവുമാണ്. അന്നനാളത്തിലെ കഫം മാറ്റിയതുകൊണ്ട് എന്തു പ്രയോജനം? അഥവാ മാറ്റിയാൽ തന്നെ രണ്ടു ദിവസത്തിനകം അതു വീണ്ടും വരില്ലേ? ഇത്തരം ചോദ്യങ്ങൾക്കൊന്നും പ്രസക്തിയില്ല. കാരണം ഇതു ശാസ്ത്രത്തിന് അതീതമായ എന്തോ ആണത്ര! ആന്ധ്രാ സർക്കാരും മാധ്യമങ്ങളും എല്ലാം ചേർന്നു നടത്തുന്ന ഒരു വൻ ടൂറിസ്റ്റു പരിപാടി.

കാൻസർ, എയ്ഡ്സ് തുടങ്ങിയ രോഗങ്ങളാണ് തട്ടിപ്പുകാരുടെ പ്രധാന വിളനിലം. ഈ തട്ടിപ്പുകാരിൽ അഗ്രഗണ്യനാണ് ടി.എ. മജീദ് എന്ന മലയാളി, എയ്ഡ്സ് രോഗം പൊട്ടിപ്പുറപ്പെട്ടതോടെയാണ് മജീദിന്റെ സുവർണകാലം തുടങ്ങുന്നത്. ആയുർവേദ ഗ്രന്ഥങ്ങൾ ചികഞ്ഞുനോക്കി എയ്ഡ്സിനുള്ള അനുയോജ്യ ഔഷധം മജീദ് കണ്ടെത്തിയത്. എങ്ങനെ ഇതു സാധിച്ചെടുത്തുവെന്നോ ആരിൽ എങ്ങനെ പരീക്ഷിച്ചുവെന്നോ വ്യക്തമല്ല. Immuno QR എന്നായിരുന്നു ഈ ദിവ്യ ഔഷധത്തിന്റെ പേര്. 

⭕1990-ൽ ഭർത്താവിൽ നിന്ന് എയ്ഡ്സ് വൈറസ്സ് പകർന്ന ചിത്ര എന്ന യുവതിയിലുടെയാണ് മജീദ് പ്രശസ്തി നേടിയത്. ചിത്രയുടെ വൈറസ്റ്റ് ബാധ മാറിയതായ ലബോറട്ടറി റിപ്പോർട്ട് ഉയർത്തിക്കാട്ടിയാണ് Immuno QR ഫലപ്രദമാണെന്ന് മജീദ് പ്രചരിപ്പിച്ചത് (ഈ റിപ്പോർട്ട് നൽകിയെന്നു പറയപ്പെടുന്ന ലബോറട്ടറിയിലെ ഡോക്ടർ അതു നിഷേധിച്ചിരുന്നു). ഏതായാലും മാധ്യമങ്ങളുടെ അകമഴിഞ്ഞ സഹകരണത്തോടെ മജീദിന്റെ പ്രശസ്തി നാടെങ്ങും പരന്നു. Immuno QR ചൂടപ്പം പോലെ വിറ്റഴിഞ്ഞു. വൈറസ് ബാധ മാറിക്കിട്ടിയെന്നു വിശ്വസിച്ച പലരും വിവാഹം കഴിച്ചു മറ്റുള്ളവരിലേക്ക് അണുവിനെ പകർത്തി. മജീദ് കേരളത്തിൽ ഏറ്റവുമധികം ആദായനികുതി നൽകുന്നവരിലൊരാളായി. ഒരു കോടിയലധികം വില വരുന്നുവെന്നു പറയപ്പെടുന്ന വീട് കൊച്ചിയിൽ നിർമിച്ചു. എച്ച്.ഐ.വിയോടുള്ള ഉപകാര സ്മരണയെന്നോണം അതിന് “വൈറസ്’ എന്നു പേരിട്ടു. – എയ്ഡ്സ് രോഗം മൂലമുണ്ടായ ക്ഷയവും മറ്റു രോഗങ്ങളും കൊണ്ട് ശോഷിച്ച ചിത്ര 2001-ൽ മരിച്ചു. ചിത്രയെപ്പോലുള്ള നിരവധി ഹതഭാഗ്യരുടെ ശവങ്ങൾക്കു മുകളിൽ പ്രൗഢഗാംഭീര്യത്തോടെ മജീദിന്റെ മഹാസൗധം ഇന്നും നിലനിൽക്കുന്നു