ഇഞ്ചിന്യുയിറ്റി’യുടെ വിശേഷങ്ങൾ
ഇഞ്ചിന്യുയിറ്റി’യുടെ വിശേഷങ്ങൾ
✍️അഖിൽ പി.
courtesy: Luca
⭕നാസയുടെ ചൊവ്വ 2020 ദൗത്യത്തിന്റെ ഭാഗമായ പെർസെവെറൻസ് റോവർ ഇന്ത്യൻ സമയം 2020 ജൂലൈ 30 വൈകിട്ട് 5.20നു ഫ്ലോറിഡയിലെ കേപ് കാനവേറൽ എയർഫോഴ്സ് സ്റ്റേഷനിലെ സ്പേസ് ലോഞ്ച് കോംപ്ലക്സിൽ നിന്ന് വിജയകരമായി കുതിച്ചുയർന്ന വിവരം നമ്മൾ ഇതിനോടകം അറിഞ്ഞതാണല്ലോ. ചൊവ്വയുടെ ഉപരിതലത്തിൽ സഞ്ചരിച്ച് ചൊവ്വയിൽ ജീവനുണ്ടായിരുന്നോ, അവിടെ മനുഷ്യരെ ഇറക്കാൻ സാധിക്കുമോ, ഓക്‌സിജൻ നിർമ്മിക്കാനും നിലനിർത്താനും സാധിക്കുമോ, തുടങ്ങി അനേകം നിരീക്ഷണങ്ങൾ നടത്തുക, അതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുക എന്ന ദൗത്യമാണ് പെർസിവിയറൻസിനുള്ളത്.
⭕ചൊവ്വാ ഗ്രഹത്തിന്റെ ഉപരിതലത്തിൽ പ്രത്യേകം രൂപകൽപന ചെയ്ത ചക്രങ്ങൾ ഉപയോഗിച്ച് സഞ്ചരിക്കാൻ പെർസിവിയറൻസിനാകുമെങ്കിലും; കുന്നുകൾ, ഗർത്തങ്ങൾ തുടങ്ങി വെല്ലുവിളികൾ നിറഞ്ഞ ചില പ്രദേശങ്ങളിൽ അത് അസാധ്യമായേക്കാം. അത്തരം പ്രദേശങ്ങളിലെ വിവരങ്ങൾ ശേഖരിക്കാനായി പെർസിവിയറൻസിന് ഒപ്പം അയച്ച ഒരു ഉപകരണമാണ് ‘മാർസ് ഹെലികോപ്ടർ’ അഥവാ ‘ഇഞ്ചിന്യുയിറ്റി’ (Ingenuity). മാർസ് ഹെലികോപ്ടറിന് പേര് നിർദ്ദേശിക്കാൻ വിദ്യാർത്ഥികൾക്കിടയിൽ നാസ വിവിധ മത്സരങ്ങൾ നടത്തിയത്തിന്റെ ഭാഗമായി വനീസാ രൂപാനി എന്ന വിദ്യാർത്ഥിനി വിർദ്ദേശിച്ച പേരാണ് ഇഞ്ചിന്യുയിറ്റി.
⚙️ എന്താണ് ഇഞ്ചിന്യുയിറ്റി?
⭕ചുവന്ന ഗ്രഹത്തിന്റെ (ചൊവ്വയുടെ) ഉപരിതലത്തിലേക്ക് കൊണ്ടുപോകുന്ന പെർസെവെറൻസ് റോവറിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ചെറിയ സ്വയം നിയന്ത്രിത എയർക്രാഫ്റ്റാണ് മാർസ് ഹെലികോപ്റ്റർ–ഇഞ്ചിന്യുയിറ്റി. ഇഞ്ചിന്യുയിറ്റിയുടെ ദൗത്യം പരീക്ഷണാത്മക സ്വഭാവമുള്ളതും റോവറിന്റെ സയൻസ് മിഷനിൽ നിന്ന് തികച്ചും സ്വതന്ത്രവുമാണ്.
⭕ലാൻഡിംഗിന് ശേഷമുള്ള മാസങ്ങളിൽ ഇഞ്ചിന്യുയിറ്റി പരീക്ഷണങ്ങളുമായി ചൊവ്വയുടെ ഉപരിതലത്തിൽ ഉണ്ടാകും. ആദ്യമായി ചൊവ്വയിലെ നേർത്ത വായുവിൽ പറക്കുന്ന ഫ്ലൈറ്റ് എന്ന വിശേഷണം നേടാൻ ഇഞ്ചിന്യുയിറ്റിക്ക് കഴിയും എന്നാണ് നാസയിലെ ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്. ഈ പരീക്ഷണ പറക്കലിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ഭാവിയിലെ ചൊവ്വ ദൗത്യങ്ങളിൽ ചെറിയ ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ സഹായിക്കും. അത്തരം ചെറു ഹെലികോപ്റ്ററുകൾക്ക് ചൊവ്വയിലെ റോബോട്ടിക് സ്കൗട്ടുകളായും, മുകളിൽ നിന്ന് ഭൂപ്രദേശം സർവേ ചെയ്യുകയും ഇൻസ്ട്രുമെന്റ് പേലോഡുകൾ വഹിക്കുകയും ചെയ്യുന്ന പൂർണ്ണ സയൻസ് ക്രാഫ്റ്റ് ആയും മറ്റും പ്രവർത്തിക്കാൻ സാധിക്കുമെന്നു നാസ കരുതുന്നു.
⭕റോവർ അയയ്ക്കാൻ ബുദ്ധിമുട്ടുള്ള പ്രതലങ്ങളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുക, ഒപ്പം ഒരു പ്രദേശത്തിന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ച് പുതിയ കാഴ്ചപ്പാട് നേടിയെടുക്കുക എന്നീ ലക്ഷ്യങ്ങളും വായുവിൽ കൂടി ഈ ഉപകരണം പറത്തുന്നത്തിലൂടെ ശാസ്ത്രജ്ഞർ ലക്ഷ്യമിടുന്നുണ്ട്. ഇത്തരം പരീക്ഷണപ്പറക്കലുകൾ വിദൂര ഭാവിയിൽ, ചൊവ്വയിൽ പറന്ന് സഞ്ചരിച്ച് പര്യവേക്ഷണം ചെയ്യാൻ ബഹിരാകാശയാത്രികരെ സഹായിച്ചേക്കാം.
⭕എന്നിരുന്നാലും, ഇഞ്ചിന്യുയിറ്റി പദ്ധതി കേവലം സാങ്കേതികവിദ്യയുടെ പ്രകടനം മാത്രമാണ്. ചൊവ്വയിൽ ജീവനുണ്ടായിരുന്നോ എന്ന് തിരയുകയും പാറകളുടെയും മറ്റും സാമ്പിളുകൾ ട്യൂബുകളിൽ ശേഖരിച്ച് ഭൂമിയിലേക്ക് കൊണ്ടുവരികയും ചെയ്യാനുള്ള Mars 2020 പെർസെവെറൻസ് മിഷൻറെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തിയല്ല ഇഞ്ചിന്യുയിറ്റി രൂപകൽപന ചെയ്തിരിക്കുന്നത്
⚙️ പ്രധാന ലക്ഷ്യങ്ങൾ:
????ചൊവ്വയുടെ നേർത്ത അന്തരീക്ഷത്തിൽ പവേർഡ് ഫ്ളൈറ്റ് (powered flight) സാധ്യമാകുമെന്ന് തെളിയിക്കുക. ചൊവ്വയിൽ ഗുരുത്വാകർഷണം കുറവാണ് (ഭൂമിയുടെ മൂന്നിലൊന്ന്). അതിന്റെ അന്തരീക്ഷം ഭൂമിയുടെ 1% മാത്രം കട്ടിയുള്ളതാണ്. ഇത് ലിഫ്റ്റ് ചെയ്യുന്ന പ്രവർത്തനത്തെ വളരെ പ്രയാസകരമാക്കുന്നു.
????ചെറു ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഫ്ലൈയിംഗ് സാങ്കേതികവിദ്യ (miniaturized flying technology) ചൊവ്വയിൽ പ്രദർശിപ്പിക്കുക. അതിന് ഓൺബോർഡ് കമ്പ്യൂട്ടറുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, മറ്റ് ഭാഗങ്ങൾ എന്നിവയുടെ വലിപ്പം ചുരുക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ സ്വയം പറന്നുയരാൻ പര്യാപ്തമായ രീതിയിൽ ഹെലികോപ്റ്റർ രൂപകൽപന ചെയ്യാനാകൂ.
????ഇഞ്ചിന്യുയിറ്റി സ്വയം പ്രവർത്തിക്കേണ്ട ഒരു ഉപകരണമാണ്. ബാറ്ററികൾ ചാർജ് ചെയ്യുന്നതിനും, തണുത്ത ചൊവ്വയിലെ രാത്രികളിൽ പ്രവർത്തന താപനില (Operating Temperature ) നിലനിർത്തുന്നതിനായി ആന്തരിക ഹീറ്ററുകളെ ആശ്രയിക്കുന്നതിനും സൗരോർജ്ജമാണ് ഇഞ്ചിന്യുയിറ്റി ഉപയോഗിക്കുക. റോവറിലൂടെ ഭൂമിയിൽ നിന്ന് കമാൻഡുകൾ ലഭിച്ച ശേഷം, ഓരോ ടെസ്റ്റ് ഫ്ലൈറ്റും മാർസ് ഹെലികോപ്റ്റർ മിഷൻ കൺട്രോളറുകളിൽ നിന്ന് തത്സമയ ഇൻപുട്ട് ഇല്ലാതെ നടത്താൻ ഇഞ്ചിന്യുയിറ്റിക്ക് സാധിക്കണം.
⚙️ ഇഞ്ചിന്യുയിറ്റിയുടെ പ്രധാന സവിശേഷതകൾ
▪️ഉയരം: ഏകദേശം 19 ഇഞ്ച് (0.49 മീറ്റർ)
▪️റോട്ടർ സിസ്റ്റം സ്പാൻ: ഏകദേശം 4 അടി (1.2 മീറ്റർ)
▪️ഭാരം: 4 പൗണ്ട് (1.8 കിലോഗ്രാം)
▪️സൗരോർജ്ജത്തിൽ പ്രവർത്തിക്കാനും സ്വന്തമായി റീചാർജ് ചെയ്യാനും സാധിക്കും.
▪️വയർലെസ് ആശയവിനിമയ സംവിധാനം
▪️കൗണ്ടർ–റൊട്ടേറ്റിംഗ് ബ്ലേഡുകൾ ഏകദേശം 2,400 rpm-ൽ കറങ്ങുന്നു.
▪️കമ്പ്യൂട്ടറുകൾ, നാവിഗേഷൻ സെൻസറുകൾ, രണ്ട് ക്യാമറകൾ (കളർ ക്യാമറയും ബ്ളാക്ക് & വൈറ്റ് ക്യാമറയും) എന്നിവ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.