ചാവുകടൽ
തടാകം കടലായി പേര് മാറിയപ്പോൾ
⭕ജോർദാൻ താഴ് വരാത്തോട് ചേർന്നൊഴുകുന്ന ചാവുകടലെന്ന ഡെഡ് സീയിൽ ഇറങ്ങുന്നവരാരും മുങ്ങിപ്പോകില്ല. കടലിന് നടുവിൽ ഒരു പായ വിരിച്ച് കിടക്കാം, അരയോളമെത്തുന്ന വെള്ളത്തിൽ പന്തുപോലെ പൊങ്ങിക്കിടക്കാം. ഇതൊക്കെ ചാവുകടലിൽ പോയാൽ പുഷ്പം പോലെ നടക്കും. പ്ലാസ്റ്റിക് പന്തുപോലെ പൊങ്ങിക്കിടക്കുകയേ ഉള്ളൂ.
⭕ഈ ചാവുകടലിലെ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ലവണങ്ങളുടെ അളവ് സാധാരണ കടൽവെള്ളത്തിനേക്കാൾ പത്ത് മടങ്ങ് അധികമാണ്. ലവണങ്ങളുടെ അളവ് കൂടിയ വെള്ളത്തിന് സാന്ദ്രതയും കൂടുതലായിരിക്കും. സാന്ദ്രത കൂടിയ വെള്ളത്തിൽ മിക്ക വസ്തുക്കളും മുങ്ങിപ്പോകില്ല, മറിച്ച് ഒഴുകി നടക്കാറാണുള്ളത്. അതിനാൽത്തന്നെ ഈ വെള്ളത്തിലിറങ്ങുന്നവരെല്ലാം പൊങ്ങിക്കിടക്കും.കാൽസ്യം, അയഡിൻ, പൊട്ടാസ്യം, ബ്രോമൈഡ് തുടങ്ങിയ വിവിധ മൂലകങ്ങളുടെ ലവണങ്ങളാണ് ഇവിടെ പ്രധാനമായം കാണപ്പടുന്നത്. ഈ ലവണങ്ങളുടെ സാന്നിധ്യം കൊണ്ട് തന്നെ സാധാരണ വെള്ളത്തെ അപേക്ഷിച്ച് വളരെ കയ്പ്പേറിയതാണ് ഇവിടുത്തെ വെള്ളം. ചാവുകടലെന്നാണ് പേരെങ്കിലും യഥാർഥത്തിൽ ഇതൊരു തടാകമാണ്. കാഴ്ചയിൽ കടലിനോടുള്ള സാദൃശ്യവും, ലവണങ്ങളുടെ സാന്നിദ്ധ്യവുമാണ് ഈ തടാകത്തിന് കടലെന്ന വിശേഷണം ചാർത്തിക്കൊടുത്തത്.
⭕ഭൂമിക്ക് മുകളിലെ ഏറ്റവും താഴ്ന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ തടാകത്തിന്, കുറഞ്ഞത് മുപ്പത് ലക്ഷം വർഷമെങ്കിലും പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.ഇസ്രായേൽ, ജോർദാൻ, പാലസ്തീൻ രാജ്യങ്ങൾക്കിടയിലൂടെ ഒഴുകുന്ന ഈ തടാകത്തിന് 418 മീറ്റർ നീളമാണുള്ളത്. സാധാരണ തടാകങ്ങളെക്കാളും, കടൽവള്ളത്തെക്കാളും ലവണാംശം കൂടുതലായതിനാൽ ചുരുക്കം ചില ബാക്ടീരിയകൾക്ക് ഒഴിച്ച് മറ്റ് ജീവികൾക്കൊന്നും ഇവിടെ ജീവിക്കാനാകില്ല. ഇക്കാരണം കൊണ്ട് തന്നെയാണ് അവയ്ക്ക് ചാവുകടൽ (ഡെഡ് സീ) എന്ന പേരു ലഭിച്ചത്. ചാവുകടൽ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് ചുറ്റുമുള്ളത് മരുപ്രദേശങ്ങളാണ്. ഇവിടുത്തെ അതികഠിനമായ ചൂടിന്റെ ഫലമായി കടലിൽ ബാഷ്പീകരണം അതിവേഗം സംഭവിക്കുന്നു. ഇതിന്റെ ഭാഗമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന ലവണങ്ങൾ ഈ വെള്ളത്തിൽ നിക്ഷേപിക്കപ്പെടുന്നു. ഇങ്ങനെ വർഷങ്ങളായി നിക്ഷേപിക്കപ്പെട്ട ലവണങ്ങളാണ് ചാവുകടലിനെ ലവണങ്ങളുടെ കലവറയാക്കിയത്.
⭕ഈ ലവണാംശം കാരണം തന്നെയാണ് ഇവിടേക്കുള്ള സഞ്ചാരികളുടെ വരവ് കൂടിയതും. സോറിയാസിസ്, ഫംഗസ് രോഗങ്ങൾ തുടങ്ങി നിരവധി ത്വക്ക് രോഗങ്ങളെയും പ്രായാധിക്യത്തിന്റെ ചുളിവുകൾ എന്നിവയെപ്പോലും ഇല്ലാതാക്കാൻ ഈ മണ്ണിന് കഴിയുമെന്ന് വിശ്വാസം ( ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല). ഇക്കാരണം കൊണ്ട്തന്നെ ചാവുകടലിനെ തേടിയെത്തുന്ന ലക്ഷക്കണക്കിന് സഞ്ചാരികളിൽ പലരും ആദ്യം വാരിപ്പുണരുന്നത് ഈ മണ്ണിനെയാണ്.