ഇലക്ട്രിക് മോട്ടോർ
ഇലക്ട്രിക് മോട്ടോർ -കൊല്ലപ്പുരയിൽ പിറവിയെടുത്ത വിസ്മയം
⭕മനുഷ്യ പുരോഗതിക്കു കാരണമായ മിക്ക കണ്ടുപിടുത്തങ്ങളും നടത്തിയത് വലിയ ശാസ്ത്രജ്ഞന്മാരോ ,പണ്ഡിതന്മാരോ ആയിരുന്നില്ല . അവ പിറവിയെടുത്തത് സർവ്വകലാശാലകളിലോ ഗവേഷണ സ്ഥാനാപനങ്ങളിലോ ആയിരുന്നില്ല . ഇന്നുൽപ്പാദിപ്പിക്കുന്ന വൈദുതിയുടെ അമ്പതു ശതമാനത്തിലധികം ഉപയോഗിച്ച് തീർക്കുകയും മനുഷ്യനാവശ്യമായ കായിക പ്രയത്നത്തിന്റെ നല്ലൊരു ഭാഗം ചെയുകയും ചെയുന്നത് ഇലക്ട്രിക് മോട്ടോറുകൾ ആണ്. ഇക്കാലത്തെ വ്യാവസായിക , ഗാർഹിക മോട്ടോറുകളിൽ ഭൂരിഭാഗവും എ സി ഇൻഡക്ഷൻ മോട്ടോറുകൾ ആണെങ്കിലും വൈദുത മോട്ടോറുകളുടെ ചരിത്രം തുടങ്ങി വച്ചത് ഡി സി മോട്ടോറുകൾ ആയിരുന്നു . തോമസ് ദാവെൻപോർട്ട് (Thomas Davenport ) എന്ന സാധാരണക്കാരനായ അമേരിക്കൻ ലോഹപ്പണിക്കാരന്റെ കൊല്ലപ്പുരയിൽ ആയിരുന്നു മനുഷ്യ പുരോഗതിയുടെ നാഴികകല്ലായി ത്തീർന്ന വൈദുത മോട്ടോർ പിറവിയെടുത്തത്.
⭕ദരിദ്രനെങ്കിലും ജിജ്ഞാസുവായ ഒരു മനുഷ്യനായിരുന്നു തോമസ് ദാവെൻപോർട്ട് .1833 ൽ അദ്ദേഹം വലിയ കാന്തങ്ങൾ ഉപയോഗിച്ച് ഇരുമ്പയിര് വേർതിരിക്കുന്ന ഒരു പുതിയ സങ്കേതത്തെ കുറിച്ച് കേൾക്കാനിടയായി . അക്കാലത് അദ്ദേഹത്തിന് വൈദുതിയെപ്പറ്റിയോ, മാഗ്നെറ്റിസത്തിനെപ്പറ്റിയോ ഒരറിവും ഇല്ലായിരുന്നു . എന്നാലും വലിയ ഇരുമ്പു കാട്ടികൾ പൊക്കിയെടുക്കാൻ ശേഷിയുള്ള ഇലക്ട്രോ മാഗ്നെറ്റുകളെപ്പറ്റിയുള്ള വാർത്ത അദ്ദേഹത്തിലെ കണ്ടുപിടുത്തക്കാരനെ ഉണർത്തി .ദാവെൻപോർട്ടിന് യാതൊരു ഔപചാരിക വിദ്യാഭ്യാസവും ഇല്ലായിരുന്നു . തീരെ ചെറുപ്പത്തിൽ തന്നെ ഒരു കൊല്ലപ്പണിക്കാരന്റെ സഹായിയായി ജീവിതം തുടങ്ങിയ അദ്ദേഹം ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ പ്രഗത്ഭനായ ഒരു ലോഹ പണിക്കാരനായി.
⭕ഉയർന്നു വന്നുകൊണ്ടിരുന്ന ഇരുമ്പു വ്യവസായത്തിന് പ്രാധാന്യമുള്ള ഒരു പട്ടണത്തിനടുത്തു ജീവിച്ചതിനാൽ അദ്ദേഹത്തിന് സ്വയം പഠിക്കാനും ചെറിയതോതിൽ പരീക്ഷണങ്ങൾ നടത്താനുമുള്ള അവസരങ്ങൾ ലഭിച്ചു . ശക്തമായ വൈദുത കാന്തങ്ങൾ കണ്ടുപിടിച്ച ജോസെഫ് ഹെൻറിയെ ( Joseph Henry ) തേടി അലഞ്ഞെങ്കിലും ,പണമില്ലാത്തതിനാൽ ആ തെരച്ചിൽ അദ്ദേഹത്തിന് തുടരാനായില്ല . . വഴിവാണിഭക്കാരനായ സഹോദരന്റെ സഹായത്തോടെ ഒരു സാമാന്യം വലിയ ഇലക്ട്രോ മാഗ്നെറ്റ് വാങ്ങാൻ ദാവെൻപോർട്ടിനായി .പണിപ്പുരയിലെത്തിയ ദാവെൻപോർട് ആ ഇലക്ട്രോ മാഗ്നെറ്റ് സൂക്ഷ്മമായി അഴിച്ചു നോക്കി . അദ്ദേഹത്തിന്റെ പത്നി ഓരോ തലത്തിലും എലെക്ട്രോ മാഗ്നെറ്റിന്റെ ഘടന വരച്ചെടുത്തു .എലെക്ട്രോമാഗ്നെറ്റിന്റെ ഘടന മനസ്സിലാക്കിയ ദാവെൻപോർട്ട് അത്തരം രണ്ടെണ്ണം സ്വയം നിർമിച്ചു.
⭕ജിജ്ഞാസുവായ ദാവെൻപോർട് കൂടുതൽ പരീക്ഷണങ്ങൾ നടത്തി . അദ്ദേഹം ഒരു എലെക്ട്രോമാഗ്നെറ്റിനെ സ്ഥിരമാക്കി വച്ച് രണ്ടാമതൊരെണ്ണം സ്ഥിരമായതിനു ചുറ്റും സ്ഥാപിച്ച ഒരു ചക്രത്തിൽ വച്ചു. എലെക്ട്രോമാഗ്നെറ്റുകളിലെ വൈൻഡിങ്ങുകളിലൂടെ വൈദ്യുതി കടത്തി വിട്ടപ്പോൾ ചക്രത്തിൽ ഘടിപ്പിച്ച എലെക്ട്രോമാഗ്നെറ്റ് ചക്രത്തിനൊപ്പം കറങ്ങുനനതായും . കടത്തിടിടുന്ന വൈദ്യുതിയുടെ പൊളാരിറ്റി മാറ്റിയപ്പോൾ കറക്കത്തിന്റെ ദിശ വിപരീതമാവുന്നതായും ദാവെൻപോർട്ട് കണ്ടെത്തി . അങ്ങിനെ ദാവെൻപോർട്ടിന്റെ പണിപ്പുരയിൽ ആദ്യ ഇലക്ട്രിക് മോട്ടോർ രൂപം കൊണ്ടു. വളരെപെട്ടെന്നുതന്നെ അദ്ദേഹം തന്റെ കണ്ടുപിടുത്തത്തെ നവീകരിച്ചു തന്റെ കൊല്ല പ്പുരയിൽ പണിയെടുക്കാൻ പ്രാപ്തമായ ഒരു മോട്ടോർ ആക്കി മാറ്റി.തന്റെ ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ചുകൊണ്ട് ലോകത്തിലെ ആദ്യ ഇലക്ട്രിക് ലോക്കോമോട്ടീവും അദ്ദേഹം നിർമിച്ചു . കാലത്തിനെ കവച്ചു വയ്ക്കുന്ന ഒരു കണ്ടുപിടുത്തമായിരുന്നു അത്.
⭕അക്കാലത്തു തന്റെ ഇലക്ട്രിക് മോട്ടോറുകൾ നിർമിച്ചു വിൽപ്പന നടത്തിയതിലൂടെ കിട്ടിയ പണം ഉപയോഗിച്ച് തന്റെ മോട്ടോറിന് പേറ്റന്റ് സമ്പാദിക്കാൻ അദ്ദേഹം ശ്രമിച്ചു . വളരെക്കാലത്തെ പരിശ്രമത്തിനൊടുവിലാണ് അദ്ദേഹത്തിനതു സാധിച്ചത് .പല ശാസ്ത്രജ്ഞർക്കും ''കൊല്ലന്റെ '' കണ്ടുപിടുത്തം അത്ര ഇഷ്ടപ്പെട്ടില്ല . ദാവെൻപോർട്ട്ന്റെ ഡി സി മോട്ടോർ കാലത്തിനു മുൻപേ വന്ന കണ്ടുപിടുത്തമായിരുന്നു . ബാറ്ററികൾ ആയിരുന്നു അക്കാലത്തെ പ്രധാന വൈദ്യുത സ്രോതസ്സ് . രാസ ബാറ്റെറികൾക്ക് വളരെയധികം വൈദ്യുതോർജ്ജം ശേഖരിക്കാനാവുമായിരുന്നില്ല . അതിനാൽ തെന്നെ അക്കാലത്തെ വമ്പൻ ആവി എഞ്ചിനുകളോട് കിടനിൽക്കാൻ ദാവെൻപോർട്ടിന്റെ ഡി സി മോട്ടോറിന് കഴിഞ്ഞില്ല . പരമ ദരിദ്രനായി 1851 ൽ അദ്ദേഹം അന്തരിച്ചു.
⭕ദാവെൻപോർട്ടിന്റെ മരണത്തിനും ഏതാനും പതിറ്റണ്ടുകൾ കഴിഞ്ഞപ്പോൾ വൻതോതിലുള്ള വൈദ്യുത ഉല്പാപദനം സാധ്യമായി ദാവെൻപോർട്ടിന്റെ ഇലക്ട്രിക് മോട്ടോറുകൾ വ്യാവസായിക വിപ്ലവത്തിന്റെ പതാക വാഹകരായി . ദാവെൻപോർട്ടിന്റെ ഡി സി മോട്ടോർ പലരും വീണ്ടും ''കണ്ടുപിടിച്ചു ''. അദ്ദേഹത്തിന്റെ ഡി സി മോട്ടോറിന്റെ രൂപകൽപ്പന കോപ്പിയടിച്ചു അവ വൻതോതിൽ നിർമിച്ചു കച്ചവടം ചെയ്ത ''ശാസ്ത്രജ്ഞന്മാർ '' പലരും സഹസ്ര കോടീശ്വരന്മാരായി