വൈറസും വവ്വാലും
വവ്വാലുകള്‍ വൈറസുകളുടെ വാഹകരാകുന്നത് എന്തുകൊണ്ട് ?വൈറസും വവ്വാലും തമ്മിലെന്ത് ?
⭕ വവ്വാലുകള്‍ വൈറസുകളുടെ വാഹകരാകുന്നത് എന്തുകൊണ്ട് ? സമീപകാലത്ത് ലോകം നേരിട്ട അതിഭീകരമായ വൈറൽ രോഗങ്ങളാണ് എബോള, നിപ, സാർസ് (SARS- Severe acute respiratory syndrome), മേർസ് (MERS- Middle East Respiratory Syndrome), മാർബർഗ് തുടങ്ങിയവ. ഇവയെല്ലാം തമ്മിൽ വലിയ ചില സാമ്യതകൾ ഉണ്ട്. ഒന്ന്- ഇവയ്ക്ക് കാരണമായ വൈറസുകൾ എല്ലാം പുതിയതായി രൂപപ്പെട്ടവയായിരുന്നു. രണ്ട്- ഇവയെല്ലാം മനുഷ്യനിൽ എത്തിയത് വവ്വാലിൽ നിന്നായിരുന്നു.
⭕ സമീപകാലത്ത് ലോകം നേരിട്ട അതിഭീകരമായ വൈറൽ രോഗങ്ങളാണ് എബോള, നിപ, സാർസ് (SARS- Severe acute respiratory syndrome), മേർസ് (MERS- Middle East Respiratory Syndrome), മാർബർഗ് തുടങ്ങിയവ. ഇവയെല്ലാം തമ്മിൽ വലിയ ചില സാമ്യതകൾ ഉണ്ട്. ഒന്ന്- ഇവയ്ക്ക് കാരണമായ വൈറസുകൾ എല്ലാം പുതിയതായി രൂപപ്പെട്ടവയായിരുന്നു. രണ്ട്- ഇവയെല്ലാം മനുഷ്യനിൽ എത്തിയത് വവ്വാലിൽ നിന്നായിരുന്നു. ഈ രോഗങ്ങൾ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടതു മുതൽ രോഗവാഹകർ ആരാണ് എന്ന ചർച്ചയും ശാസ്ത്ര ലോകത്ത് സജീവമായിരുന്നു. പുതുതായി ഉണ്ടായ രോഗങ്ങളെ പറ്റി പഠിക്കുമ്പോൾ ആ പഠനങ്ങളെല്ലാം വവ്വാലാണ് രോഗം മനുഷ്യരിലേക്ക് എത്തിക്കുന്നത് എന്ന നിഗമനത്തിൽ എത്തിച്ചേർന്നു. അന്നു തൊട്ട് വവ്വാലും രോഗകാരികളായ പുതിയ വൈറസുകളും തമ്മിലുള്ള ബന്ധം വ്യാപകമായി പഠിക്കപ്പെട്ടു. ഈ പഠനങ്ങളിൽ ശ്രദ്ധേയമായ ഒന്ന് ഈ ഇടയ്ക്ക് eLIFE എന്ന സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ചു. കാലിഫോർണിയ സർവ്വകലാശാലയിലെ ക്യാര ഇ. ബ്രൂക്കിന്റെ (Cara Brook) നേതൃത്വത്തിൽ ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ശാസ്ത്രജ്ഞന്മാർ പങ്കെടുത്ത വിപുലമായ ഈ പഠനം എങ്ങനെയാണ് വവ്വാലുകൾ പുതിയ വൈറസ്സുകളുടെ വാഹകരാകുന്നത് എന്നതിലേക്ക് വെളിച്ചം വീശുന്നു.
വവ്വാലുകളെക്കുറിച്ച് അല്പം
⭕ നട്ടെല്ലുള്ള ജീവികളിൽ (Vertebrates) പ്രസവിക്കുകയും മുലയൂട്ടുകളും ചെയ്യുന്ന സസ്തനികളിലെ (Mammals) പറക്കാൻ കഴിയുന്ന ഒരേയൊരു അംഗമാണ് കൈറോപ്ട്ടീറ (Chiroptera) എന്ന ഓർഡറിൽ ഉൾപ്പെടുന്ന വവ്വാലുകൾ. കടവാതിൽ, കടവാവൽ, നരിച്ചീറ് തുടങ്ങി അനേകം പേരുകളിൽ അറിയപ്പെടുന്ന ഇവർക്ക് പക്ഷികൾക്ക് ഉള്ളതുപോലെ തൂവലുകളാൽ നിർമ്മിതമായ യഥാർത്ഥ ചിറകുകൾ ഇല്ല. വിരലുകൾക്ക് മുകളിൽ ഉണ്ടായിവരുന്ന നേർത്ത സ്തരമാണ് ഇവരെ പറക്കാൻ സഹായിക്കുന്നത്. ആ സ്തരത്തെ പെറ്റാജിയം (Petagium) എന്ന് വിളിയ്ക്കുന്നു.
⭕ യഥാർത്ഥ ചിറകുകൾ ഇല്ലാത്തതുകൊണ്ടുതന്നെ ഇവയ്ക്ക് പറക്കാൻ പക്ഷികളിലും അധികം ഊർജ്ജം ആവശ്യമാണ്. ഈ ആവശ്യത്തെ നിറവേറ്റാൻ തക്കവണ്ണം ഉയർന്ന ഉപാപചയ നിരക്കും ഇവയ്ക്കുണ്ട് (Metabolic Rate).പ്രധാനമായും വവ്വാലുകളെ രണ്ടായി തരംതിരിക്കാറുണ്ട്. പഴം തീനികളായ വലിയ മെഗാബാറ്റുകളും, പ്രാണികളെയും മറ്റും ആഹരിയ്ക്കുന്ന ചെറിയ മൈക്രോ ബാറ്റുകളും. കൂടെ രക്തം കുടിക്കുന്ന വാമ്പയർ ബാറ്റുകളും മീൻപിടിക്കുന്ന വവ്വാലുകളും വരെ ഈ കൂട്ടത്തിലുണ്ട്.
⭕ ഭൂരിഭാഗം വവ്വാലുകളും രാത്രിഞ്ചരന്മാരാണ് (Nocturnal). പകൽ, മരങ്ങളിലോ ഒഴിഞ്ഞ കെട്ടിടങ്ങളിലോ ഗുഹകളിലോ പാലങ്ങൾക്കടിയിലോ ഒക്കെ തല കീഴായി കിടക്കും. തലകീഴായുള്ള കിടത്തം ഇവയുടെ പറക്കലിനെ സഹായിക്കുന്നു. വവ്വാൽ കാഷ്ടം പോഷക സമ്പുഷ്ടമായ വളമാണ്. കൂടാതെ പ്രാണി- കീട നിയന്ത്രണത്തിലും വവ്വാലുകൾ വലിയ പങ്കുവഹിയ്ക്കുന്നു
വവ്വാലുകൾ- വൈറസ്സുകളുടെ ഇഷ്ട്ട വാസസ്ഥാനം!
⭕ വവ്വാലുകൾ എങ്ങനെയാണ് മാരകരോഗകാരികളുടെ വാഹകരാകുന്നത് എന്നതായിരുന്നു ബ്രൂക്കിന്റെ നേതൃത്വത്തിൽ നടന്ന പഠനത്തിലെ പ്രധാന ചോദ്യം. ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഗവേഷകർ മൂന്ന് ജീവികളിൽ നിന്നുള്ള സെല്ലുകളെ പഠനത്തിനായി ഉപയോഗിച്ചു. മാർബർഗ് വൈറസ്സുകളുടെ വാഹകരായ ഈജിപ്ത് പഴംതീനി വവ്വാൽ (Egyptian Fruit Bat), ഹെൻഡ്ര വൈറസ്സുകളുടെ വാഹകരായ ആസ്ട്രേലിയൻ ഫ്‌ളൈയിങ് ഫോക്സ് (Australian Flying Fox) കൂടാതെ വവ്വാലിതര സസ്തനികളിൽ വൈറസിന്റെ പ്രവർത്തനം പഠിക്കാൻ ആഫ്രിക്കൻ ഗ്രീൻ കുരങ്ങിൽനിന്നുള്ള സെല്ലുകളെയും ഗവേഷകർ ഉപയോഗിച്ചു.
⭕ ഏത് വൈറസുകൾ കുരങ്ങിന്റെ സെല്ലിൽ കുത്തിവച്ചാലും ഒരു നിശ്ചിത സമയത്തിനുള്ളിൽ അവ ക്രമാതീതമായി പെരുകുകയും ആ സെല്ലിനെ നശിപ്പിക്കുകയും ചെയ്യുന്നതായി ഗവേഷക സംഘം നിരീക്ഷിച്ചു. എന്നാൽ അത്ഭുതകരമെന്നുപറയട്ടെ വവ്വാലുകളുടെ സെല്ലുകളിൽ വൈറസുകൾ പെറ്റുപെരുകുന്നുണ്ടെങ്കിലും അവ ആ സെല്ലുകളെ നശിപ്പിക്കുന്നില്ല.
⁉️എന്തുകൊണ്ടാണ് കുരങ്ങിന്റെ സെല്ലിനെ നശിപ്പിക്കുന്ന വൈറസ്സുകൾക്ക് വവ്വാലുകളുടെ സെല്ലുകളെ നശിപ്പിക്കാൻ കഴിയാത്തത്? ഈ ചോദ്യത്തിന്റെ ഉത്തരം നൽകിയത് വവ്വാലുകളുടെ സെല്ലുകളിൽ നടത്തിയ തന്മാത്രാ പഠനമാണ്.
⭕ വൈറസ്സുകളുടെ ആക്രമണം നേരിടുമ്പോൾ അവയെ നേരിടാൻ സെല്ലുകൾ ഉത്പാദിപ്പിക്കുന്ന പ്രത്യേക തരം മാംസ്യങ്ങളാണ് (Proteins) സൈറ്റോകൈനുകൾ (Cytokines). സൈറ്റോകൈനുകളിലെ ഒരു ഉപവിഭാഗമാണ് ഇന്റർഫെറോണുകൾ (Interferons- IFN). ഒരു സെല്ലിൽ ഇന്റർഫെറോൺ ഉത്പാദനം ഉണ്ടായാല്‍ അത് സമീപ സെല്ലുകളിലെ IS ജീനുകളെ (Inteferon Stimulating Genes- ISG) ഉത്തേജിപ്പിക്കുകയും ഇതു മൂലമുള്ള ഇൻ്റർഫറോൺ ഉൽപ്പാദനം വഴി വൈറസ്സ് ബാധ അടുത്ത സെല്ലുകളിലേക് പകരുന്നത് തടയുകയും ചെയ്യും. സാധാരണയായി ഏതെങ്കിലും വൈറസുകൾ ശരീരത്തിൽ പ്രവേശിക്കുമ്പോൾ മാത്രമാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്. എന്നാൽ വവ്വാലുകളിലെ ഈ പ്രവർത്തനം തുടർച്ചയായി, വൈറസ്സുകളുടെ അഭാവത്തിലും നടക്കുന്നു. വവ്വാലുകളിൽ തുടർച്ചയായി ഇന്റർഫെറോൺ ആൽഫ (Interferon- α) ഉത്പാദിപ്പിക്കപ്പെടുകയും ഇവ സെല്ലുകളിൽ പ്രവേശിക്കുന്ന വൈറസ്സുകളെ എതിരിടുകയും ചെയ്യുന്നു. ഇന്റർഫെറോൺ ആൽഫ പക്ഷെ വൈറസുകളെ പൂർണ്ണമായും നശിപ്പിക്കുന്നില്ല. അവയെ മിതമായ തോതിൽ പെറ്റുപെരുകാൻ അനുവദിക്കുകയും എന്നാൽ രോഗം ഉണ്ടാക്കി സെല്ലിനെ നശിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ വൈറസുകൾ അതിവേഗത്തിൽ പെരുകുവാൻ കഴിവുള്ളവയായിത്തീരുകയും മറ്റ് സസ്തനികളിൽ എത്തിപ്പെട്ടാൽ കൂടുതൽ കൂടുതൽ രോഗ ശേഷിയുള്ളവരായി മാറുകയും ചെയ്യുന്നു.
⭕ ഈ വ്യവസ്ഥയിൽ പെരുകുന്ന വൈറസ്സുകളാകട്ടെ അതീവ ഗുരുതരമായ തോതിൽ രോഗം പരത്താൻ കഴിവുള്ളവരായിരിക്കും. അതിനാൽ അവ എപ്പോഴാണോ വവ്വാലിന്റെ ശരീരത്തിൽ നിന്ന് മറ്റൊരു ജീവിയുടെ ശരീരത്തിൽ പ്രവേശിക്കുന്നത് അപ്പോൾ തന്നെ ആ ജീവിയിൽ രോഗമുണ്ടാക്കാൻ പര്യാപ്തമായിരിക്കും. ഇതുതന്നെയാണ് നിപയുടെയും എബോളയുടെയും കോറോണയുടെയും എല്ലാം കാര്യത്തിൽ സംഭവിച്ചതും.
എന്തുകൊണ്ട് ഈ സവിശേഷതകൾ?
⭕ എന്തുകൊണ്ടാണ് വവ്വാലുകൾക്ക് മാത്രം ഇത്തരത്തിൽ ഒരു സവിശേഷത? ഇത് സംബന്ധിച്ച് ചില സൂചനകളും പഠനം മുന്നോട്ടുവയ്ക്കുന്നതുണ്ട്. വവ്വാലുകൾക്ക് പറക്കാൻ ഉയർന്ന ഊർജ്ജം ആവശ്യമാണ് എന്ന് മുൻപ് സൂചിപ്പിച്ചുവല്ലോ! ഈ ഊർജ്ജ ആവശ്യത്തെ തൃപ്‌ത്തിപ്പെടുത്തുന്നതിന് ഉയർന്ന ഉപാപചയ നിരക്കും ആവശ്യമാണ്. അതുകൊണ്ടുതന്നെ വവ്വാലിൽ ഹൃദയമിടിപ്പും കൂടുതലാണ്. ഉയർന്ന ഉപാപചയ നിരക്ക് കുറേ സ്വതന്ത്ര റാഡിക്കലുകളെ (Free radicals) സൃഷ്ടിക്കും.
⭕ സ്വതന്ത്ര റാഡിക്കലുകൾ സെല്ലുകളുടെ സ്തരത്തെപോലും (Cell membrane) നശിപ്പിക്കാൻ പര്യാപ്തമാണ്. ഈ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനാണ് വവ്വാലിന്റെ രോഗപ്രതിരോധ വ്യവസ്ഥയ്ക്ക് ഈ അനുകൂലനങ്ങൾ എന്ന് പഠനം സൂചിപ്പിക്കുന്നു. ഉയർന്ന ഉപാപചയ നിരക്കും ഹൃദയമിടിപ്പും പൊതുവിൽ ജീവികളുടെ ജീവിതകാലയളവ് (Life Span) കുറയ്ക്കുകയാണ് ചെയ്യുക. പക്ഷെ വവ്വാലുകൾ നാല്പത് വർഷം വരെ ജീവിക്കുന്നു. ഈ പ്രത്യേകതയും രോഗപ്രതിരോധ വ്യവസ്ഥയുടെ സവിശേഷതകളുമായി കൂട്ടിവായിക്കാവുന്നതാണ്