ഒരു വാക്സിൻ അപാരത

Simple Science Technology

ഒരു വാക്സിൻ അപാരത

✍️ Ravichandran C.

(1) പ്രതിരോധകുത്തിവെപ്പ് (Vaccine) ഒരുതരം പ്രകോപനമാണ്. ശരീരകോശങ്ങള്‍ക്ക് തെറ്റായ ഓര്‍മ്മ (false memory) നല്‍കുകയാണത് ചെയ്യുന്നത്. നമ്മുടെ പ്രതിരോധ വ്യവസ്ഥയെ ഉത്തേജിപ്പിച്ചാണ്‌ (triggered) വാക്സിന്‍ രോഗപ്രതിരോധം സൃഷ്ടിക്കുന്നത്. പ്രതിരോധവ്യവസ്ഥ(immune system) ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ വാക്സിന്‍ പ്രയോജനരഹിതമാകും. നിര്‍വീര്യമാക്കപെട്ടനിലയില്‍, കുറഞ്ഞ ഡോസില്‍ രോഗാണുവോ അതിന്റെ ഭാഗങ്ങളോ വാക്സിന്‍രൂപത്തില്‍ ഉള്ളിലെത്തുമ്പോള്‍ ശരീരകോശങ്ങള്‍ അവയ്ക്കെതിരെയുള്ള ആന്റിബോഡികള്‍(antibodies) നിര്‍മ്മിക്കാന്‍ തുടങ്ങും. നിര്‍മ്മാണ പാചകവിധി ഓര്‍ത്തുവെച്ചാല്‍ ഭാവിയില്‍ ഇതേ രോഗാണുക്കള്‍ ആക്രമിച്ചാല്‍ അവയെ നേരിടാന്‍ പര്യാപ്തമായ തോതില്‍ ആന്റിബോഡികള്‍ നിര്‍മ്മിക്കാനാവും. It is a chemical memory. അത്തരത്തില്‍ ആയിരക്കണക്കിന് രോഗാണുക്കള്‍ക്കെതിരെയുള്ള പ്രതിരോധത്തിന്റെ ഓര്‍മ്മ നമ്മുടെ സ്പീഷിസ് ശരീരം പേറുന്നുണ്ട്. ഓര്‍മ്മ പട്ടികയില്‍ ഇല്ലാത്തവ ആക്രമിക്കുമ്പോഴാണ് നാം രോഗത്തിന് അടിപ്പെടുന്നത്. 

(2) 1796 ലാണ് ആദ്യത്തെ വാക്‌സിന്‍ എഡ്വേര്‍ഡ് ജന്നര്‍(1749-1823) കണ്ടെത്തുന്നത്. കൗ പോക്‌സ് (Cow Pox) വന്നുപോയവര്‍ക്ക് വസൂരി(Small pox/Variola) വരുന്നില്ല എന്ന കാര്യം ജന്നര്‍ നിരീക്ഷിച്ചിരുന്നു. ബുദ്ധിയെ ഉണര്‍ത്തിയ നിരീക്ഷണമായിരുന്നു അത്. ജന്നര്‍ കുറച്ച് കൗപോക്‌സ് വൈറസ് ശേഖരിച്ച് ഒരു എട്ടുവയസ്സുകാരനില്‍ കുത്തിവെച്ചു. അവന് പിന്നീട് വസൂരി വന്നില്ലെന്ന് മനസ്സിലാക്കി. ഈ രണ്ട് രോഗങ്ങളും ഉണ്ടാക്കുന്നത് ഏറെക്കുറെ സമാനമായ വൈറസുകളായിരുന്നു. തുടര്‍ന്ന് വസൂരി ബാധിച്ചവരില്‍നിന്ന് രോഗാണുക്കള്‍ ശേഖരിച്ച് കുറഞ്ഞയളവില്‍ രോഗബാധിതരല്ലാത്തവരില്‍ കുത്തിവെക്കാന്‍ തുടങ്ങി. അവര്‍ക്കെല്ലാം ചെറിയ തോതില്‍ രോഗലക്ഷണങ്ങള്‍ വന്നുപോയെങ്കിലും വസൂരിക്കതിരെ ശക്തമായ പ്രതിരോധം ലഭിച്ചു. വേരിയലേഷന്‍(Variolation) എന്നാണ് ഇതറിയപ്പെടുന്നത്. രോഗാണു ശരീരത്തിലെത്തിയാല്‍ നമ്മുടെ ശരീരത്തിലെമൈക്രോഫാജുകള്‍ (Micro phages), ബി-കോശങ്ങള്‍(B cells), റ്റി കോശങ്ങള്‍(T Cells/Killer Cells) എന്നിവ ചേര്‍ന്ന് രോഗാണുക്കളെ(pathogens) നശിപ്പിക്കും. രോഗാണുവുമായുള്ള യുദ്ധം കഴിഞ്ഞാല്‍ നടന്ന കാര്യങ്ങള്‍ ഓര്‍മ്മകോശങ്ങള്‍(Memory Cells) റെക്കോഡ് ചെയ്തു സൂക്ഷിച്ചുവെക്കുകയുംചെയ്യും. ഈ പ്രക്രിയയെ നാം മൊത്തത്തില്‍ പ്രതിരോധ വ്യവസ്ഥ (Immune System) എന്നു പറയുന്നു. ഓര്‍മ്മകോശങ്ങള്‍ സജീവമായി നിലനില്‍ക്കുന്നിടത്തോളും അതേ രോഗാണു വീണ്ടും ആക്രമിച്ചാല്‍ തിരിച്ചടി ഉറപ്പാണ്. സ്ഥിരമായി നായ്ക്കളുടെ ശല്യമുണ്ടെങ്കില്‍ നേരിടാന്‍ കല്ല് കരുതിവെക്കുന്നതുപോലെ. ആദ്യമായി നായ ആക്രമിക്കുമ്പോള്‍ പക്കല്‍ ഒന്നുമുണ്ടാവില്ല. സ്ഥിരമായി നായ വരാതിരുന്നാല്‍ കരുതല്‍ ഇല്ലാതാവും. നായയ്ക്ക് പകരം പാമ്പാണ് ആക്രമിക്കുന്നതെങ്കില്‍ കല്ലിന് പകരം വടി വേണ്ടിവരും! വടി ഒരുപക്ഷെ രണ്ടിടത്തും പ്രയോജനപെട്ടെന്നുംവരാം!

(3) ചുമ, മൂക്കുചീറ്റല്‍, നീര്‍വീക്കം, പനി തുടങ്ങിയ രോഗലക്ഷണങ്ങളൊക്കെ നമ്മുടെ പ്രതിരോധവ്യവസ്ഥ പ്രവര്‍ത്തിച്ച് തുടങ്ങിയതിന്റ അടയാളങ്ങളാണ്. പ്രതിരോധശേഷി ഉത്തമ(optimum) അവസ്ഥയില്‍ ആയിരിക്കണം. അമിതമായി വര്‍ദ്ധിക്കുന്നതും തീരെ കുറയുന്നതും പ്രശ്‌നഹേതുവാണ്. കോവിഡ് 19 രോഗികളുടെ രക്തംപരിശോധിച്ചതില്‍ നിന്നും പ്രതിരോധവ്യവസ്ഥയിലെ മുന്നണിപോരാളികളായ T കോശങ്ങളുടെ എണ്ണം വലിയതോതില്‍ കുറവുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതായത് നമ്മുടെ പ്രതിരോധവ്യവസ്ഥയെ ഒതുക്കാനുള്ള വൈഭവംകൂടി പുതിയ കൊറോണ വൈറസുകള്‍ക്കുണ്ട്. ഇന്ന് വാക്‌സിന്‍ നിര്‍മ്മാണ ജന്നറിന്റെ കാലത്തേതില്‍ നിന്നും ഏറെ മുന്നോട്ടുപോയി. ഇന്ന് വാക്‌സിനുകള്‍ പലയിനം, പലതരം:

(4) (A) രോഗാണു മുഴുവനായും കുത്തിവെക്കുന്നു (Whole Agent Vaccines)

(a) ജീവനുള്ള രോഗാണു നേര്‍പ്പിച്ച അളവില്‍(Live and attenuated)കുത്തിവെക്കുന്നു. പ്രതിരോധ വ്യവസ്ഥ പെട്ടെന്ന് പ്രകോപിതമാകുന്നു. ഒന്നു രണ്ട് ഡോസ് കൊണ്ട് ദീര്‍ഘകാല/ആജീവനാന്ത പ്രതിരോധം. രോഗാണുവിന് ജീവനുള്ളതിനാല്‍ രോഗിശരീരത്തില്‍ വെച്ച് ഇരട്ടിക്കാനുള്ള ശേഷിയുണ്ടാവും. കുറഞ്ഞ പ്രതിരോധശേഷിയുള്ളവരും രോഗികളും പ്രത്യേകം ശ്രദ്ധിക്കണം. എപ്പോഴും തണുപ്പില്‍ സൂക്ഷിക്കുക. ഉദാ- Measles, mumps, rubella (MMR combined vaccine),  Rotavirus, Smallpox, Chickenpox, Yellow fever എന്നീ രോഗങ്ങള്‍ക്കെതിരെയുള്ള വാക്‌സിനുകള്‍.

(b) രോഗു ഹേതുവായ അണുക്കള്‍ നിര്‍വീര്യമാക്കപെട്ട(inactivated) നിലയില്‍ കുത്തിവെക്കുന്നു. രോഗി ശരീരത്തില്‍വെച്ച് ഇരട്ടിക്കില്ല. ഫലപ്രാപ്തി ലഭിക്കാന്‍ നിരവധി ഡോസുകള്‍(booster shots) വേണ്ടി വരും. ഉദാ-Hepatitis A, Flu (shot only), Polio (shot only), Rabies എന്നിവയ്‌ക്കെതിരെയുള്ള വാക്‌സിനുകള്‍.

(5) c.രോഗാണുവിന്റെ ഘടകങ്ങള്‍ മാത്രം കുത്തിവെക്കുന്നു.(Sub unit Vaccines)

ബയോസിന്തറ്റിക്/റീ കോമ്പിനന്റ്- പോളി സാക്കറൈഡ്, കണ്‍ജുഗേറ്റ്(recombinant, polysaccharide, and conjugate ) വാക്‌സിനുകള്‍: ഇവിടെ രോഗാണു മുഴുവനായി കുത്തിവെക്കുന്നില്ല. വൈറസിനെ മൊത്തത്തില്‍ പ്രതിരോധിക്കുന്നുമില്ല. പകരം അതിന്റെ ചില ഭാഗങ്ങള്‍ മാത്രം കുത്തിവെക്കുന്നു. പ്രോട്ടീനുകള്‍, സുഗര്‍, ആവരണപാളികള്‍(കാപ്‌സിഡ്) എന്നിവയാണ് ആ ഭാഗങ്ങള്‍. രോഗാണുവിന്റെ ഒരു ഭാഗം മാത്രം കുത്തിവെക്കുന്നതിനാല്‍ ആ ഭാഗത്തിനെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കാന്‍ ശരീരത്തിന് സാധിക്കുന്നു. രോഗപ്രതിരോധത്തിന് അത് മതിയാകും. രോഗികള്‍ക്കും കുറഞ്ഞ പ്രതിരോധശേഷിയുള്ളവര്‍ക്കും ഉപയോഗിക്കാം. ബൂസ്റ്റര്‍ ഡോസുകള്‍ ആവശ്യമാണ്. ഉദാ-Hib (Haemophilus influenzae type b) disease, Hepatitis B, HPV (Human papillomavirus), Whooping cough (part of the DTaP combined vaccine), Pneumococcal disease, Meningococcal disease, Shingles എന്നീ രോഗങ്ങള്‍ക്ക് എതിരെയുള്ള വാക്‌സിനുകള്‍

(6) d.ടോക്‌സോയിഡ്(Toxoid)വാക്‌സിനുകള്‍: രോഗാണുവോ രോഗാണുഭാഗമോ അല്ല ഇവിടെ കുത്തിവെക്കുന്നത്, പകരം അവ മനുഷ്യശരീരത്തില്‍ നിക്ഷേപിക്കുന്ന രോഗഹേതുവായ വിഷവസ്തുക്കളാണ്. ഇവിടെ പ്രതിരോധം രോഗാവസ്ഥ ഉണ്ടാക്കുന്ന വിഷവസ്തുവിന് എതിരെയാണ്. ഫലത്തില്‍ അത് രോഗമുണ്ടാക്കുന്ന രോഗാണുവിനെതിരെയുള്ള പ്രതിരോധം തന്നെ. ബൂസ്റ്റര്‍ ഡോസുകള്‍ അവശ്യമാണ്. ഉദാ-Diphtheria, Tetanus എന്നീ രോഗങ്ങള്‍ക്ക് എതിരെയുള്ള കുത്തിവെപ്പ്.

♦️e. DNA/RNA വാക്‌സിനുകളാണ് മറ്റൊന്ന്. നിര്‍മ്മാണം പൊതുവെ എളുപ്പമാണ്, ചെലവും കുറവ്. ഭാവിയിലെ വാക്‌സിന്‍ നിര്‍മ്മാണം ഈ വഴിക്കായിരിക്കും.

♦️f. പുനര്‍സംയോജിത വെക്റ്റര്‍ വാക്‌സിനുകള്‍(Recombinant vector vaccines): ഇവ സാധാരണ രോഗബാധ എങ്ങനെയോ അതുപോലെ പ്രവര്‍ത്തിക്കും. പ്രതിരോധ വ്യവസ്ഥയ്ക്ക് നല്ല ഓര്‍മ്മശക്തി നല്‍കുന്നു. ശക്തമായ ആജീവനാന്തപ്രഭാവം ഉണ്ടാക്കാന്‍ കഴിയും. (https://www.vaccines.gov/basics/types)

(7) DNA-RNA വാക്‌സിനുകളില്‍പെട്ട പുതിയ ഇനമാണ് mRNA വാക്‌സിന്‍. അമിനോ ആസിഡുകളുടെ സംഘാതമായ പ്രോട്ടീന്‍ നിര്‍മ്മിക്കുന്നതിനും RNA യുടെ പതിപ്പുകളെടുക്കാനും നിര്‍ദ്ദേശം നല്‍കുന്ന, RNA ഭാഗമായ ഒരു തന്മാത്രയാണ് mRNA അഥവാ മെസഞ്ചര്‍ RNA. mRNA വാക്‌സിനുകള്‍ പുതിയ സാങ്കേതികതയാണ്. ഇപ്പോള്‍ കൂടുതലും കേള്‍ക്കുന്നത് കോവിഡ് 19 മായി ബന്ധപെട്ടാണ്. mRNA 1273 എന്നൊരു വാക്‌സിന്‍ നിര്‍മ്മിച്ച് കൊണ്ട് അമേരിക്കയിലെ സ്വകാര്യ കമ്പനിയായ മൊഡേണ (Moderna) മുന്നോട്ടുവന്നിട്ടുണ്ട്. വാക്‌സിന്‍ പരീക്ഷിച്ചറിയാന്‍ സമ്മതംനല്‍കിയ 45 പേരുടെ പട്ടികയും അവര്‍ പുറത്തിറക്കി. മൊഡേമ ഒരുദാഹരണമെന്ന നിലയില്‍ പറഞ്ഞെന്നേയുള്ളൂ. മറ്റനവധി കമ്പനികള്‍ കോവിഡ് വാക്‌സിന്‍ നിര്‍മ്മാണരംഗത്തുണ്ട്. ഏതെങ്കിലും രാജ്യം വിജയകരമായ വാക്‌സിന്‍ നിര്‍മ്മിച്ചാല്‍ ആദ്യം സ്വന്തം ജനതയിലാവും പ്രയോഗിക്കുക. അതിന് ശേഷം മാത്രമേ ആഗോളതലത്തില്‍ ലഭ്യമാകൂ.

(8) വാക്‌സിന്‍നിര്‍മ്മാണം കുട്ടിക്കളിയല്ല. ദൈര്‍ഘ്യമേറിയ, സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ്. മരുന്നുനിര്‍മ്മാണത്തിന് ഏര്‍പ്പെടുത്തയിട്ടുള്ളതിലും കര്‍ക്കശമായ സുരക്ഷാമാനദണ്ഡങ്ങളളാണ് വാക്‌സിന്‍ നിര്‍മ്മാണത്തില്‍ പാലിക്കേണ്ടത്. എന്തെന്നാല്‍ രോഗമില്ലാത്ത മനുഷ്യരിലാണ് വാക്‌സിന്‍ പരീക്ഷിക്കേണ്ടതും പ്രയോഗിക്കേണ്ടതും. എഡ്വേര്‍ഡ് ജന്നര്‍ അണുക്കള്‍ നേരിട്ട് കുത്തിവെച്ചതുപോലെയുള്ള പ്രാകൃതരീതികള്‍ ഇന്ന് അചിന്ത്യമാണ്. അമേരിക്കയിലെ ആരോഗ്യ റഗുലേറ്ററി ഏജന്‍സിസായ CDC (Centers for Disease Control and Prevention) യുടെ മാനദണ്ഡമനുസരിച്ച് വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ 5 ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്.

▪️1. exploratory 

▪️2. per-clinical 

▪️3. clinical development 

▪️4. regulatory review and approval 

▪️5. manufacturing and quality control. 

ഈ ഘട്ടങ്ങള്‍ പൂര്‍ത്തിയാകാന്‍ ചിലപ്പോള്‍ ദശകങ്ങള്‍തന്നെ വേണ്ടിവരും. ആദ്യം രോഗാണുവിനെ ഉണ്ടാക്കണം. രോഗംബാധിച്ചവരില്‍ നിന്ന് രോഗാണുവിനെ വേര്‍തിരിച്ചെടുത്ത് മുട്ടയിലോ കള്‍ച്ചര്‍ ചെയ്ത മനുഷ്യകോശങ്ങളിലോ അവയെ വളര്‍ത്തിയെടുത്ത് വേര്‍തിരിക്കുന്നു. പിന്നീട് പ്രിസര്‍വേറ്റീവുകള്‍ ഉള്‍പ്പടെയുള്ള രാസഘടകങ്ങള്‍ ചേര്‍ത്ത് അവയെ വാക്‌സിന്‍രൂപത്തിലാക്കുന്നു. മൃഗങ്ങളില്‍(എലിമുതല്‍ മനുഷ്യേതര പ്രമേറ്റുകള്‍ വരെ) പരീക്ഷിച്ച് വിജയിക്കണം. ശേഷം മനുഷ്യരിലെ ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങും. ആദ്യം ഇരുപതോ അമ്പതോ സന്നദ്ധപ്രവര്‍ത്തകരില്‍ കുത്തിവെക്കുന്നു. അമേരിക്കയിലെ സീയറ്റിലില്‍ mRNA-1273 ട്രയല്‍ വാക്‌സിന്‍ സ്വീകരിച്ച ജെന്നിഫര്‍ ഹാലര്‍ (Jennifer Haller)എന്ന രണ്ടുകുട്ടികളുടെ മാതാവ് ഈ ഗണത്തില്‍പെട്ടതാണ്. വുഹാനിലെ വൈറസിന്റെ പ്രോട്ടീന്‍മുള്ള് നിര്‍മ്മിക്കുന്ന mRNAയുടെ കൃത്രിമ പതിപ്പാണ് ഹാലറില്‍ കുത്തിവെച്ചത്. 45 പേജ് വരുന്ന സമ്മതപത്രം ഒപ്പിട്ടുകൊടുത്തിട്ടാണ് അവര്‍ കുത്തിവെപ്പിന് വിധേയ ആയത്. ജന്നര്‍ രോഗാണുക്കള്‍ കുത്തിവെച്ച ആ എട്ടു വയസ്സുകാരനെ ഓര്‍മ്മവരുന്നുവോ?

(9) ആദ്യഘട്ടം വിജയംകണ്ടാല്‍ കുറൈക്കൂടി വലിയ ഗ്രൂപ്പിന്(നൂറ് മുതല്‍ ആയിരംവരെ) നല്‍കുന്നു. അതില്‍വിജയം കണ്ടാല്‍ ശാസ്ത്രജ്ഞര്‍ വാക്‌സിന്റെ പ്രവര്‍ത്തനമികവ്, ആവര്‍ത്തനവിജയം, പാര്‍ശ്വഫലങ്ങള്‍ എന്നിവ പരിശോധിച്ചുറപ്പുവരുത്തുന്നു. ശേഷം പതിനായിരക്കണക്കിന് മനുഷ്യരില്‍ പ്രയോഗിക്കാന്‍ അനുമതി നല്‍കുന്നു. ആ ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ വാക്‌സിന് ഉദ്പാദന അനുമതി നല്‍കുന്നു-സ്ഥിരമായി നിലവാരം ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നു. ചുരുക്കത്തില്‍ സുരക്ഷ(safety)-പ്രവര്‍ത്തനക്ഷമത(efficacy)- വര്‍ദ്ധിച്ച പ്രയോഗക്ഷമത (expansion) എന്നിങ്ങനെ മൂന്ന് തത്വങ്ങളാണ് വാക്‌സിന്‍ നിര്‍മ്മാണത്തിന് പിന്നിലുള്ളത്. ഇതെല്ലാംകൂടി പൂര്‍ത്തിയാകാന്‍ എത്ര വര്‍ഷംവേണ്ടിവരുന്നെന്ന് ആലോചിച്ചുനോക്കൂ.

(10) mRNA 1273 ന്റെ കാര്യത്തില്‍ ഈ ഘട്ടങ്ങളൊക്കെ ലഘൂകരിക്കപെടുന്നുണ്ട്. ഒന്നാമതായി, പുതിയ കൊറോണ (SARS-Cov 2 ) വൈറസിന്റ പുറത്തുള്ള പ്രോട്ടീന്‍ മുള്ള് (protein spikes) നിര്‍മ്മിക്കുന്ന മെസഞ്ചര്‍ RNA മാത്രമാണ് ഇവിടെ വാക്‌സിനായി ഉപയോഗിക്കുന്നത്. ഈ മുളളുകളാണല്ലോ നമ്മുടെ കോശസ്വീകരണികളില്‍ (receptors of cells) ചെന്ന് ഒട്ടിയിരിക്കാന്‍(stick) പുതിയ കൊറോണ വൈറസിനെ സഹായിക്കുന്നത്. അങ്ങനെ ഒട്ടിയിരിക്കുന്നതുകൊണ്ടാണല്ലോ നമ്മുടെ കോശങ്ങള്‍ ഈ വൈറസിനെ അറിയാതെ അകത്തേക്ക് ആഗിരണം ചെയ്യുന്നത്. അതുകൊണ്ടാണല്ലോ വൈറസ് കോശത്തിനുള്ളില്‍വെച്ച് സ്വന്തം കോപ്പികള്‍ സൃഷ്ടിക്കുന്നത്... അതുകൊണ്ടാണല്ലോ നമുക്ക് കോവിഡ് പിടിപെടുന്നത്..... 

(11) പ്ലാസ്റ്റിക് പാമ്പിനെ കണ്ടാലും യഥാര്‍ത്ഥ പാമ്പിനെ കണ്ടാലും ഭയപെടുന്നത് സമാനമായിരിക്കും. ഡ്യൂപ്ലിക്കേറ്റ് ഭയം എന്നൊന്നില്ലല്ലോ. സമാനമാണ് ഇവിടെയും കാര്യങ്ങള്‍.വൈറസിനെ മൊത്തം കാണേണ്ട കാര്യമില്ല മറിച്ച് അതിന്റെ പ്രോട്ടീന്‍ മുള്ള് മാത്രം കണ്ടാല്‍ മതി നമ്മുടെ പ്രതിരോധവ്യവസ്ഥ ഉത്തേജിപ്പിക്കപെടാന്‍. അതുണ്ടാക്കാനാണ് അതിന്റെ mRNA വാക്‌സിനായി കുത്തിവെക്കുന്നത്. വുഹാന്‍ വൈറസ് ബാധകൊണ്ട് വിറങ്ങലിച്ചു നിന്ന കാലത്ത് പുതിയകൊറോണ വൈറസിന്റെ RNA കോഡ് 2020 ജനുവരിയില്‍തന്നെ ചൈന സ്വീക്വന്‍സ് ചെയ്തു ഇന്റര്‍നെറ്റില്‍ പരസ്യപെടുത്തിയിട്ടുണ്ട്. ആരെങ്കിലും പെട്ടെന്ന് വാക്‌സിന്‍ കണ്ടുപിടിച്ചാല്‍ തങ്ങള്‍ക്കും പ്രയോജനപെടും എന്നതായിരുന്നു ചൈനയുടെ താല്പര്യം. 2003 ലെ SARS വൈറസുമായി 80-90% സാമ്യമാണ് പുതിയ കൊറോണ വൈറസിനുള്ളത്. സാര്‍സ് വൈറസിനെതിരെയുള്ള വാക്‌സിന്‍നിര്‍മ്മാണത്തിന്റെ പല വിശദാംശങ്ങളും കോവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തിലും പ്രയോജനപ്പെടുത്താം. ലോകമെമ്പാടും ലക്ഷങ്ങള്‍ രോഗബാധിതരായിക്കുന്നതിനാല്‍ ഒരു മിനിറ്റ് നേരത്ത വന്നാല്‍ അത്രയും നല്ലത് എന്ന അവസ്ഥയിലാണ് നാമിപ്പോള്‍. അതുകൊണ്ട് തന്നെ ആദ്യത്തെ ചെറിയ ഗ്രൂപ്പില്‍ പരീക്ഷിച്ച് ഫലത്തിന് കാത്തിരിക്കാതെ അടുത്ത ഘട്ടത്തിലുള്ള വലിയ ഗ്രൂപ്പില്‍ പ്രയോഗിക്കാം. സമയത്തിനെതിരെയാണ് നാം മത്സരിക്കുന്നത്. 12-18 മാസം കാലയളവാണ് ഇപ്പോള്‍ മുന്നില്‍കാണുന്നത്. ഒരുപക്ഷ അതിനുള്ളില്‍ വാക്‌സിന്‍ തയ്യാറായേക്കാം. മൂന്നു മാസത്തിനുള്ളില്‍ കോവിഡ് വാക്‌സിന്‍ തയ്യാറാകും എന്ന പ്രവചിക്കുന്നവരുമുണ്ട്. അമിതശുഭാപ്തിവിശ്വാസം എന്നൊക്കെ കേട്ടിട്ടില്ലേ :) 

(12) രോഗാണു(വൈറസ്) നേരിട്ട് കുത്തിവെക്കാത്തതിനാല്‍ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കപെടേണ്ടതില്ല. 2004 ല്‍ സാര്‍സ് വൈറസിന് വേണ്ടി നിര്‍മ്മിച്ച ഒരു വാക്‌സിന്‍ ട്രയല്‍ഘട്ടത്തില്‍ പലര്‍ക്കും ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. 2015 ല്‍ പൂര്‍ത്തിയായ സാര്‍സ് വാക്‌സിന്‍നിര്‍മ്മാണം പിന്നീട് ഫണ്ടിന്റെ അഭാവത്തില്‍ അലസിപോകുകയാണുണ്ടായത്. സ്വാഭാവികമായ പ്രതിരോധം കിട്ടിയതിനാലാവണം ഇന്നതിന് ആവശ്യക്കാരില്ല. കോവിഡ് വാക്‌സിനും ആ ഗതി വരുമോ? കാത്തിരുന്ന് അറിയേണ്ട വിഷയമാണ്. മുമ്പ് ഉണ്ടാക്കിയിട്ടുള്ള വാക്‌സിന്‍ ആണെങ്കില്‍ പുതിയ വേര്‍ഷന്‍ ഉണ്ടാക്കാന്‍ എളുപ്പമാണ്. ഉദാഹരണമായി വര്‍ഷംതോറും പരിഷ്‌കരിക്കുന്ന ഫ്‌ളൂ വാക്‌സിന്‍. പക്ഷെ പുതിയ കൊറോണ വൈറസ് ഉല്‍പ്പരിവര്‍ത്തിത രൂപമായതിനാല്‍ മുന്‍പരിചയംവെച്ച് എല്ലാം ചെയ്യാനാവില്ല. ഫലപ്രദമായ കോവിഡ് വാക്‌സിന്‍ എന്നു പുറത്തിറങ്ങും? എത്രമാത്രം പ്രയോജനപ്രദമായിരിക്കും? അതോ അതിനുമുമ്പ് മനുഷ്യരാശി കോവിഡിനെതിരെ സ്വാഭാവികമായ കൂട്ടപ്രതിരോധം കൈവരിക്കുമോ? അതിനിടയില്‍ എത്ര നഷ്ടമുണ്ടാകും? വൈറസ് തന്നെ മ്യൂട്ടേറ്റ് ചെയ്യുമോ? മനുഷ്യരാശിയെ മൊത്തം അലട്ടുന്ന ചോദ്യങ്ങളാണിവ. പ്രതീക്ഷയോടെ കാത്തിരിക്കാം. ഓര്‍മ്മ മസ്തിഷ്‌ക ഗുണമാണ്. തന്മാത്രതലത്തില്‍ ശരീരത്തിനും ഓര്‍മ്മയുണ്ട്. രാസ ഓര്‍മ്മകള്‍! അതുകൊണ്ടാണ് നാം അതിജീവിച്ചത്. നമ്മോടൊപ്പം ആ ഓര്‍മ്മകളും ജീവിക്കുന്നു. പുതിയ ഓര്‍മ്മകള്‍ ഉണ്ടാക്കിയെടുത്താലേ പിടിച്ചു നില്‍ക്കാനാവൂ. അതിനാണ് വാക്‌സിന്‍. ഏതു വാക്‌സിന്‍ ഉണ്ടാക്കണം എന്ന് തീരുമാനിക്കുന്നത് നാമല്ല. ശത്രുവാണ് ആയുധങ്ങള്‍ തീരുമാനിക്കുന്നത്