ഇന്ത്യയുടെ സ്വന്തം നാവിക് മാപ്പ്
ഇന്ത്യയുടെ സ്വന്തം നാവിക് Map
ലോകത്ത് അതിവേഗം വളര്‍ച്ച നേടുന്ന രാജ്യങ്ങളിലൊന്നായി മാറുകയാണ് ഇന്ത്യ. ഗതിനിര്‍ണയ മേഖലയില്‍ (നാവിഗേഷന്‍) സ്വയംപര്യാപ്തത നേടിക്കൊണ്ട് സ്വന്തം ജിപിഎസ് സംവിധാനം ഒരുക്കിയതിലൂടെ ശാസ്ത്ര സാങ്കേതിക മേഖലയില്‍ രാജ്യം ബഹുദൂരം മുന്നിലാണെന്നു കൂടി തെളിയിച്ചു കഴിഞ്ഞു. ലോക ശക്തികൾക്ക് മാത്രം കുത്തകയായിരുന്ന നാവിഗേഷൻ സംവിധാനം ഇപ്പോൾ ഇന്ത്യയും സ്വന്തമാക്കിയിരിക്കുന്നു. ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനമായ നാവിക് ഇനി വിപണിയിലേക്ക് ഇറങ്ങുകയാണ്. നേരത്തെ നിരവധി തവണ പ്രതിരോധ ആവശ്യങ്ങൾക്ക് അമേരിക്കയുടെ ജിപിഎസ് സഹായം ഇന്ത്യ തേടിയിരുന്നെങ്കിലും നൽകിയിരുന്നില്ല. കാർഗിൽ യുദ്ധം നടക്കുമ്പോൾ ഇസ്രയേലാണ് നാവിഗേഷൻ സംവിധാനങ്ങൾ നൽകി ഇന്ത്യയെ സഹായിച്ചത്.
നാവികിന്റെ വിപണി സാധ്യതകള്‍ മുതലെടുക്കാന്‍ ഒടുവില്‍ ഇസ്രോ തീരുമാനിച്ചു കഴിഞ്ഞു. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയുടെ വ്യവസായ വിഭാഗമായ ആന്‍ഡ്രിക്‌സ് കോര്‍പറേഷനാണ് ഇതിന് മന്‍കയ്യെടുത്ത് രണ്ട് ടെണ്ടറുകള്‍ ക്ഷണിച്ചിട്ടുള്ളത്. നാവിക് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ചിപ്പുകളും ഉപകരണങ്ങളും നിര്‍മിക്കുകയാണ് ലക്ഷ്യം.
എട്ട് കൃത്രിമോപഗ്രഹങ്ങളാണ് നാവിക് (Navigation in Indian Constellation) എന്ന ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനത്തെ നിയന്ത്രിക്കുന്നത്. അമേരിക്കയുടെ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റ (ജിപിഎസ്)ത്തിന് സമാനമായ രീതിയിലാണ് നാവികിന്റെയും പ്രവര്‍ത്തനം. എന്നാല്‍ ഇന്ത്യന്‍ ഭാഗത്തെ 1500 ചതുരശ്ര കിലോമീറ്ററില്‍ മാത്രമേ നമ്മുടെ നാവിഗേഷന്‍ സംവിധാനം പ്രവര്‍ത്തിക്കുകയുള്ളൂ. നാവിക്കിനു വേണ്ടി 2013 ജൂലൈയില്‍ ആദ്യ സാറ്റലൈറ്റും 2016 ഏപ്രിലില്‍ ഏഴാമത്തെ സാറ്റലൈറ്റും വിജയകരമായി ഇന്ത്യ വിക്ഷേപിച്ചിരുന്നു.
നാവിക്കിന് ആവശ്യമായ ചിപ്പുകളും മറ്റും നിര്‍മിക്കുന്നതിന് യോഗ്യരായ കമ്പനികളെ കണ്ടെത്താനായി കരാറുകള്‍ ക്ഷണിച്ചതായി ആന്‍ഡ്രിക്‌സ് ചെയര്‍മാനും എംഡിയുമായ എസ്. രാകേഷ് വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ ഉൽപന്നങ്ങളും വാഹനങ്ങളും എവിടെ എത്തിയെന്ന കാര്യം അറിയേണ്ട കമ്പനികളായിരിക്കും ആദ്യഘട്ടത്തില്‍ നാവിക്കിന്റെ ഉപയോക്താക്കളെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ ഇത്തരക്കാരെല്ലാം അമേരിക്കന്‍ ജിപിഎസാണ് ഉപയോഗിക്കുന്നത്.
ഉപരിതല ഗതാഗതം, ചരക്കു നീക്കം, വ്യോമ-കടല്‍ നാവിഗേഷന്‍, രക്ഷാപ്രവര്‍ത്തനം, മൊബൈലുമായി ചേര്‍ന്നുള്ള സേവനം, പര്‍വതാരോഹണം പോലുള്ള സാഹസിക പ്രവര്‍ത്തികള്‍ക്ക് തുടങ്ങി നിരവധി ഉപയോഗങ്ങളാണ് നാവിഗേഷന്‍ സംവിധാനങ്ങള്‍ക്കുള്ളത്. നാവിക് ശക്തമാകുന്നതോടെ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും ഇത് അടസ്ഥാനമാക്കിയുള്ള ഉപകരണങ്ങളുടെ നിര്‍മാണം അടക്കം നിരവധി സാധ്യതകള്‍ തുറക്കും.
കഴിഞ്ഞ വര്‍ഷം കേന്ദ്ര ഗതാഗത ദേശീയപാത മന്ത്രാലയം എല്ലാ നാഷണല്‍ പെര്‍മ്മിറ്റ് വാഹനങ്ങളിലും ട്രാക്കിങ് ഡിവൈസുകള്‍ സ്ഥാപിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. മത്സ്യബന്ധന ബോട്ടുകളിലും ഇത്തരം സംവിധാനങ്ങള്‍ അത്യാവശ്യമാണ്. ഒക്ടോബര്‍ മധ്യത്തില്‍ ക്വാല്‍കം ടെക്‌നോളജീസുമായി ചേര്‍ന്ന് നാവിക്കിന് ആവശ്യമായ ചിപ്പുകള്‍ നിര്‍മിച്ച് ഇസ്രോ പരീക്ഷിച്ചിരുന്നു. ഇന്ത്യന്‍ നാവിഗേഷന്‍ സംവിധാനത്തിനൊപ്പം യൂറോപ്പിലേയും (ഗലീലിയോ) റഷ്യയിലേയും (GLONASS) ചൈനയിലെയും (ബെയ്ദു) നാവിഗേഷന്‍ സംവിധാനങ്ങളിലും പ്രവര്‍ത്തിക്കുന്ന ചിപ്പുകളാണ് ഇവര്‍ നിര്‍മിച്ചത്.
നാവിക്കിന് 3GPP സര്‍ട്ടിഫിക്കേഷന്‍ ഉണ്ടെന്നതും ഗുണകരമാണ്. ആഗോളതലത്തില്‍ മൊബൈല്‍ ഫോണ്‍ സേവനങ്ങളുടെ നിലവാരം നിശ്ചയിക്കുന്നവരാണ് 3ജിപിപി. അടുത്ത വര്‍ഷത്തോടെ 4ജി, 5ജി ഉപകരണങ്ങളില്‍ നാവിക് നാവിഗേഷന്‍ കൂടി ഉള്‍പ്പെടുത്താന്‍ കഴിയുന്ന രീതിയില്‍ പരിഷ്‌ക്കരിക്കാനാണ് ടെലികമ്മ്യൂണിക്കേഷൻ സ്റ്റാൻഡേർഡ്സ് ഡവലപ്മെന്റ് സൊസൈറ്റി, ഇന്ത്യ (TSDSI) ലക്ഷ്യമിടുന്നത്.