ജൂൺ അൽമേഡ
ജൂൺ അൽമേഡ ( June Almeida )
മരണത്തോടെ ലോകം മറന്നുകളഞ്ഞ മഹാ ശാസ്ത്രജ്ഞയായിരുന്നു ജൂൺ അൽമേഡ.
2007-ൽ തന്റെ 77-ാം വയസ്സിൽ മരണമടയുന്നതിന് മുമ്പ് എച്ച്.ഐ.വി. വൈറസിന്റെ ഏറ്റവും വ്യക്തമായ ചിത്രങ്ങൾ പകർത്തിയ പഠനത്തിന് നേതൃത്വം നൽകിരുന്നു അവർ.
1930 ൽ സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ ഒരു ദരിദ്ര കുടുംബത്തിലാണ് ജൂൺ ജനിച്ചത്. കാനഡയിലെ ഒന്റാറിയോ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ലാബിലെ ഇലക്ട്രോൺ മൈക്രോസ്കോപ്പ് വിദഗ്ധയായിരുന്ന സമയത്താണ് വൈറസുകളെക്കുറിച്ചുള്ള പഠനങ്ങൾ ജൂൺ നടത്തുന്നത്.
രോഗബാധിതരിൽ നിന്നെടുത്ത ആന്റിബോഡികളെ ഉപയോഗിച്ച് വൈറസുകളെ തിരിച്ചറിയാമെന്ന് അൽമേഡ മനസ്സിലാക്കി.
ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ സൂക്ഷ്മജീവികളെ വളരെ കൃത്യമായി കാണാമെങ്കിലും അവയിൽ വൈറസുകൾ, കോശങ്ങൾ,മറ്റു വസ്തുക്കൾ എന്നിവയെ തിരിച്ചറിയുന്നത് ദുഷ്കരമായിരുന്നു.
വിപ്ലവകരവും ലളിതവുമായ തന്റെ പുതിയരീതിയിലൂടെ ജൂൺ അൽമേഡ ഈ വെല്ലുവിളി മറികടന്നു. വൈറസുകളിലെ ആന്റിജനുകളോട് പ്രതികരിക്കുന്ന ആന്റിബോഡികൾ അവയെ വലയം ചെയ്യും. ഇത്തരത്തിൽ വൈറസുകളെ തിരിച്ചറിയാൻ കഴിയുമെന്ന് മനസ്സിലാക്കി.
ജൂൺ തയ്യാറാക്കിയ ഈ രീതിയാണ് ഇന്നും വൈറോളജിസ്റ്റുകൾ ഉപയോഗിക്കുന്നത്.
ഗർഭിണികളിൽ അഞ്ചാംപനിയുണ്ടാക്കുന്ന റൂബെല്ല വൈറസിനെ കണ്ടെത്തിയതടക്കമുള്ള ബഹുമതികൾ ജൂൺ അൽമേഡയുടെ പേരിലുണ്ട്.
1964-ൽ തന്റെ 34-ാം വയസ്സിൽ ലണ്ടനിലെ സെയ്ന്റ് തോമസ് മെഡിക്കൽ സ്കൂളിൽ ശാസ്ത്രജ്ഞയായിരിക്കുമ്പോഴാണ് ജൂണിന്റെ ശ്രദ്ധയിൽ കൊറോണ വൈറസ് പെടുന്നത്.
ജലദോഷമെന്ന് സംശയിച്ച ചില രോഗികളുടെ ലക്ഷണങ്ങളിൽ അസാധാരണ മാറ്റം കണ്ട ഡേവിഡ് ടെറൽ എന്ന ഡോക്ടറാണ് വൈറസിനെ തിരിച്ചറിയാൻ ജൂൺ അൽമേഡയുടെ സഹായമഭ്യർഥിച്ചത്.
ഇലക്ട്രോൺ മൈക്രോസ്കോപ്പിൽ കണ്ട തവിട്ടുനിറമുള്ള ചെറിയപുള്ളികളെ ചുറ്റുന്ന പ്രകാശവലയവും അവയെപൊതിഞ്ഞ മുള്ളുകളുമുള്ള വൈറസ് ഇതുവരെ കണ്ടെത്തിയിട്ടുള്ളതല്ലെന്ന് അവർ തിരിച്ചറിഞ്ഞു.
'ബി 814'എന്ന് പേരിട്ടിരുന്ന വൈറസിന് സൂര്യന്റെ പ്രകാശവലയമായ കൊറോണയോടുള്ള സാമ്യം പരിഗണിച്ച് ലാറ്റിനിൽ 'കിരീടം' എന്നർഥം വരുന്ന കൊറോണയെന്ന പേരുനൽകിയത് ഡേവിഡ് ടെറൽ, ജൂൺ അൽമേഡ എന്നിവർ ചേർന്നാണ്.
കോഴികളിലെ ബ്രോങ്കൈറ്റിസും എലികളിലെ ഹെപ്പറ്റൈറ്റിസും പുതിയൊരു തരം വൈറസിന്റെ ഫലമാണെന്ന ജൂണിന്റെ നേരത്തേയുള്ള പഠനം തള്ളിയ വിദഗ്ധർക്ക്, അതും കൊറോണയാണെന്ന് സമ്മതിക്കേണ്ടിവന്നു.
വൈറൽ രോഗങ്ങളുടെ റാപ്പിഡ് ലബോറട്ടറി ഡയഗ്നോസിനുള്ള ഒരു മാനുവൽ ലോകാരോഗ്യ സംഘടനയ്ക്കുവേണ്ടി 1979-യിൽ ജൂൺ തയ്യാറാക്കിയിട്ടുണ്ട്.
ഇന്ന് മെഡിക്കൽ വിദ്യാർത്ഥികളുടെയും, ജീവശാസ്ത്ര വിദ്യാർത്ഥികളുടെയും പഠന പുസ്തകങ്ങളിൽ ഉള്ള വൈറസുകളുടെ പല ചിത്രവും ജൂൺ എടുത്തതാണ്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ജൂൺ അൽമേഡയെയും അവരുടെ സംഭാവനകളെയും വേദനയോടെ ഓർക്കുകയാണ് ലോകം.