ആന്റി സ്‌നേക്ക് വെനം
പാമ്പ് കടി ചികിത്സയ്ക്കുപയോഗിക്കുന്ന ASV അഥവാ anti snake venom
Dr. Jamal
1800 കളുടെ അവസാനത്തിൽ കണ്ടുപിടിക്കപ്പെടുകയും 1950 മുതൽ വ്യാപകമായി ഉപയോഗത്തിലുള്ളതുമായ ജീവൻ രക്ഷാ മരുന്നാണ് പാമ്പ് കടി ചികിത്സയ്ക്കുപയോഗിക്കുന്ന ASV അഥവാ anti snake venom. ഫ്രാൻസിലെ പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായിരുന്ന Albert calamette എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞനാണ് ഇന്ത്യൻ മൂർഖൻ പാമ്പിനെതിരെ ആദ്യമായി ഈ മരുന്ന് കണ്ടുപിടിച്ചത്.
എന്താണ് ASV?
ഒരു അന്യവസ്തു പ്രവേശിച്ചാൽ അതിനെ തുരത്തിയോടിക്കാൻ വേണ്ട സജ്ജീകരണങ്ങൾ ശരീരം സ്വയം ചെയ്യും എന്ന തത്വമാണ് asv യുടെ കണ്ടുപിടുത്തത്തിലേക്കു നയിച്ചത്. മനുഷ്യരിലും മനുഷ്യരോട് സാമ്യമുള്ള ജന്തുക്കളിലും ഈ പ്രവർത്തനങ്ങൾ നടക്കുന്നത് ഏതാണ്ട് ഒരേപോലെയാണ്. ചെറിയ അളവുകളിൽ പാമ്പ് വിഷം കുതിര, ഒട്ടകം, കുരങ്ങ്, മുയൽ തുടങ്ങിയ മൃഗങ്ങളിൽ കുത്തിവെക്കുകയാണ് ASV നിർമ്മാണത്തിലെ ആദ്യ ഘട്ടം. പാമ്പ് വിഷം ഒരു അന്യ വസ്തുവായി പരിഗണിക്കപ്പെടുകയും അതിനെ നിർവീര്യമാക്കാനുള്ള പ്രതിരോധം അഥവാ ആന്റിബോഡി എന്ന പ്രോട്ടീൻ ഈ മൃഗങ്ങളുടെ രക്തത്തിൽ നിർമ്മിക്കപ്പെടുകയും ചെയ്യുന്നു. ഈ ആന്റിബോഡികൾ രക്തത്തിൽ നിന്നും വേർതിരിച്ചെടുത്തു ശുദ്ധീകരിച്ചു പൗഡർ രൂപത്തിലാക്കിയാണ് ASV വ്യവസായികാടിസ്ഥാനത്തിൽ ലഭ്യമാകുന്നത്.
എത്ര തന്നെ ശുദ്ധീകരിച്ചാലും വളരെ ചെറിയ അളവിലെങ്കിലും മൃഗങ്ങളുടെ മറ്റു പ്രോട്ടീനുകളും ASV യിൽ അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്. ASV മനുഷ്യരിൽ പ്രയോഗിക്കേണ്ടി വരുമ്പോൾ ഈ മൃഗ പ്രോട്ടീനുകളെ അന്യവസ്തുവായി ശരീരം പരിഗണിക്കാനും അതുവഴി ചെറുതോ, ചിലപ്പോൾ വലിയ അളവിലോ ഉള്ള അലർജി രൂപപ്പെടാൻ സാധ്യത നിലനിൽക്കുന്നു. സാധാരണ മറ്റു അസുഖങ്ങൾക്ക് കഴിക്കുന്ന മരുന്നുകളേക്കാൾ കൂടുതൽ തീവ്രമായ അലർജി ASV ക്ക് വരാൻ കാരണം ഈ അന്യ പ്രോട്ടീനുകളുടെ സാന്നിധ്യമാണ്.
അങ്ങനെയെങ്കിൽ എന്തുകൊണ്ട് മനുഷ്യരിൽ നിന്നു തന്നെ ASV വേർതിരിക്കാൻ ശ്രമിച്ചു കൂടാ എന്ന ഒരു ചോദ്യം ഉടലെടുക്കാം. പാമ്പ് വിഷം സ്വയം കുത്തിവച്ചു ശരീരത്തിൽ ആന്റിബോഡി ഉൽപ്പാദിപ്പിക്കുകയും ആ രക്തം ദാനം ചെയ്തു കടിയേറ്റവരെ രക്ഷിക്കുകയും ചെയ്ത ചിലരുടെ കഥകൾ ചരിത്രത്തിൽ കാണാം. എന്നാൽ ഇത്തരം റിസ്കുകൾ എടുക്കാൻ അധികം ആളുകൾ തയ്യാറാവില്ല. മാത്രമല്ല വളരെ ചെറിയ അളവിലുള്ള വിഷം പോലും ചിലപ്പോൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയുകയുമില്ല. പാമ്പ് കടി സമൂഹത്തിലെ ചെറിയ ഒരു വിഭാഗം ആളുകളെ മാത്രം ബാധിക്കുന്ന പ്രശ്നമാകയാൽ ഒരു പരിധിയിലധികം റിസ്ക് ഇക്കാര്യത്തിൽ എടുക്കുന്നതിൽ കഴമ്പില്ല താനും.
ASV ഒരു അത്ഭുത മരുന്നാണോ?
തീർച്ചയായും കൃത്യ സമയത്ത്, വേണ്ട അളവിൽ നൽകിയാൽ ASV ഒരു ജീവൻ രക്ഷിക്കാൻ പര്യാപ്തമായ അത്ഭുതമരുന്ന് തന്നെയാണ്. WHO യുടെ ഏറ്റവും അത്യാവശ്യ ജീവൻ രക്ഷാ മരുന്നുകളുടെ ലിസ്റ്റിൽ ASV ഇടം നേടിയിട്ടുണ്ട്.
ASV കൊടുത്തിട്ടും ചിലർ മരിക്കുന്നത് എന്തുകൊണ്ട്?
ഒരു കോട്ടയ്ക്ക് മുകളിൽ സ്ഥാപിച്ച പീരങ്കി പോലെയാണ് ASV. കോട്ടയിലേക്ക് അതിക്രമിച്ചു കടക്കാൻ വരുന്ന ശത്രുവിനെ അടുത്തേക്ക് വരാൻ സമ്മതിക്കാതെ വെടിവെച്ചിടുകയാണ് പീരങ്കിയുടെ ജോലി. കോട്ടക്കകത്തുകോട്ടക്കകത്ത് ശത്രു കടന്നു കഴിഞ്ഞാൽ പിന്നെ പുറത്തേക്കു വെടിവച്ചിട്ടു കാര്യമില്ല. അതുപോലെ കടിയേറ്റ ഭാഗത്തു നിന്നും രക്തത്തിൽ പ്രവേശിച്ചു ഒഴുകി നടക്കുന്ന വിഷത്തെ നിർവീര്യമാക്കാൻ മാത്രമേ ASV ക്ക് കഴിയൂ. വിഷം ശരീരത്തിലെ വിവിധ അവയവങ്ങളിൽ കടന്നു കഴിഞ്ഞാൽ അതിനെ ആക്രമിച്ചു കീഴ്പ്പെടുത്താനുള്ള കഴിവില്ല. അത്തരം ഒരു മരുന്ന് ഇന്ന് നിലവിൽ ഇല്ലാത്തതാണ് പാമ്പുകടിയിൽ ചികിത്സ തേടിയ ശേഷവും ആളുകൾ മരിക്കാനുള്ള കാരണം. ഭാവിയിൽ അങ്ങിനെയൊരു കണ്ടുപിടുത്തമുണ്ടായാൽ പാമ്പുകടി മൂലമുള്ള മരണങ്ങൾ ഗണ്യമായി കുറയും. വിഷബാധ സംശയിച്ചാൽ ഒട്ടും സമയം കളയാതെ ASV നൽകേണ്ടതുണ്ട്. വൈകും തോറും ASV പരാജയപ്പെടാനുള്ള സാധ്യത കൂടിക്കൊണ്ടിരിക്കും. .
ASV അപകടകരമായ മരുന്നാണോ?
മഗപ്രോട്ടീനുകളുടെ സാനിധ്യം മനുഷ്യരിൽ അലർജി ഉണ്ടാക്കാമെന്ന് പറഞ്ഞല്ലോ. ഈ അലർജിയുടെ തോത് മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ല. ചിലപ്പോൾ ചെറിയ വിറയൽ, ഛർദി, തൊലി പുറമെ തിണർപ്പുതിണർപ്പ്, ചൊറി തുടങ്ങിയ ചെറിയ അലർജി പലരിലും കാണാറുണ്ട്. ചിലരിൽ ബിപി അൽപ്പം കുറഞ്ഞു പോവാറുമുണ്ട്. പക്ഷെ ജീവൻ അപകടത്തിലായേക്കാവുന്ന Anaphylaxis എന്നറിയപ്പെടുന്ന ഗുരുതരമായ അലർജിവരാനുള്ള സാധ് യത 10-15% വരെയാണെന്ന് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ഈ 10-15%ആളുകൾ എല്ലാം അലർജി മൂലം മരിക്കുമെന്നല്ല അതിനർത്ഥം. Anaphylaxis മരുന്നുകൾ കൊണ്ട് നിയന്ത്രണത്തിലാക്കാൻ കഴിയും. പക്ഷേ അതിനു സൗകര്യമുള്ള ഒരു സ്ഥലത്തായിരിക്കണം രോഗി എന്ന് മാത്രം. ഈ സാധ്യത ഭയന്നാണ് മികച്ച സൗകര്യങ്ങൾ ഇല്ലാത്ത ആശുപത്രികകിൽ ASV കൊടുക്കാൻ ഡോക്ടർമാർ മടിക്കുന്നത്. ചെറുതോ വലുതോ ആയ അലർജി വന്നാൽ പോലും ASV കൊടുത്തേ മതിയാകൂ. കാരണം അലർജി മരുന്നുകൾ കൊണ്ട് നിയന്ത്രിച്ച്, അതുമൂലമുള്ള മരണം ഒട്ടുമിക്ക സന്ദർഭങ്ങളിലും തടയാൻ കഴിയും. പക്ഷേ പാമ്പ് കടി മൂലമുള്ള മരണം ASV കൊടുക്കാതെ തടയാൻ കഴിയില്ല.
എല്ലാ പാമ്പുകടിക്കും ഒരേ ASV ആണോ?
ഓരോ പാമ്പിനെയും വിഷം വ്യത്യസ്തമായതിനാൽ ASV യും വ്യത്യസ്തമാകേണ്ടതാണ്. എന്നാൽ കടിച്ച പാമ്പ് ഏതാണെന്നു കൃത്യമായി പറയാൻ കഴിയാത്ത, പാമ്പാണോ എന്ന് പോലും ഉറപ്പില്ലാത്ത അവസ്ഥയായിരിക്കും പലപ്പോഴും. അങ്ങനെ വരുമ്പോൾ ഏതു പാമ്പിനെതിരെയുള്ള മരുന്ന് കൊടുക്കും എന്ന് തീരുമാനമെടുക്കാൻ കഴിയില്ല. പിന്നെയുള്ള പ്രായോഗികമായ വഴി നാട്ടിൽ കാണപ്പെടുന്ന പ്രധാന വിഷപാമ്പുകൾക്കെതിരെയുള്ള ASV കോമ്പിനേഷൻ ആയി നിർമ്മിക്കുക എന്നതാണ്.
ഇന്ന് ഇന്ത്യയിൽ ലഭ്യമായ ASV യിൽ മൂർഖൻ, വെള്ളിക്കട്ടൻ, Russell's viper, saw scaled viper എന്നീ രണ്ടിനം അണലികൾക്കുമെതിരെയുള്ള മരുന്ന് അടങ്ങിയിരിക്കുന്നു. Pit viper എന്ന മറ്റൊരിനം അണലിയുടെ വിഷം മനുഷ്യനെ കൊല്ലാൻ മാത്രം ശക്തമല്ല എന്ന ധാരണയിൽ നിലവിലെ ASV യിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ Hump-nosed pit viper കടിച്ചു അപൂർവ്വമായി ആളുകൾ മരണപ്പെടുന്ന സാഹചര്യം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ ഭാവിയിൽ അതിനുള്ള ആന്റിബോഡി കൂടെ ASV യിൽ ഉൾപ്പെടുത്താൻ ആലോചനയുണ്ടെന്നു കേൾക്കുന്നു. രാജവെമ്പാലയുടെ കടി നാട്ടിൻപുറങ്ങളിൽ വളരെ അപൂർവ്വമായതിനാൽ അതിനെയും ASV യിൽ നിന്നു ഒഴിവാക്കിയിട്ടുണ്ട്.
ചികിത്സയ്ക്ക് എത്ര ASV ആവശ്യമായി വരും?
പാമ്പ് കടിക്കുമ്പോൾ എത്ര അളവിൽ വിഷം inject ചെയ്തെന്നോ ASV കൊടുക്കുന്ന സമയത്തു എത്ര വിഷം രക്തത്തിൽ ഒഴുകുന്നുണ്ടെന്നോ മനസിലാക്കാൻ ടെസ്റ്റുകളൊന്നും നിലവിലില്ലാത്ത കാരണം കൃത്യമായ ഒരു ഡോസ് നിർവ്വചിക്കാൻ കഴിയില്ല. 10-20വയലാണ് സാധാരണ ഉപയോഗിക്കുന്ന ഡോസ്. ചെറിയ തോതിലുള്ള വിഷബാധയിൽ അതിലും കുറഞ്ഞ അളവേ വേണ്ടി വരാറുള്ളൂ. പ്രധാനമായും അത് ചികില്സിക്കുന്ന ഡോക്ടറുടെ Judgement അനുസരിച്ചിരിക്കും. മരുന്ന് കൊടുത്ത ശേഷം എത്രത്തോളം നില മെച്ചപ്പെട്ടു എന്നു വിലയിരുത്തിയാണ് വീണ്ടും കൊടുക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കുന്നത്. ഡോസിന്റെ കാര്യത്തിൽ മുതിർന്നവർ, കുട്ടികൾ എന്നോ ഗർഭിണിയെന്നോ വ്യത്യാസമില്ല. എല്ലാവർക്കും ഒരേപോലെയാണ്. പാമ്പ് ഇതൊന്നും നോക്കിയല്ലല്ലോ കടിക്കുന്നത്. Inject ചെയ്യപ്പെടുന്ന വിഷത്തിന്റെ അളവും ശരീര ഭാരവും തുലനം ചെയ്തു നോക്കുമ്പോൾ കുട്ടികളിൽ പാമ്പുകടി മൂലമുള്ള അപകടം മുതിർന്നവരേക്കാൾ കൂടുതലായിരിക്കും.
പാമ്പ് കടിച്ചു എന്ന് സംശയിക്കുന്ന എല്ലാവർക്കും ഉടനടി ASV കൊടുക്കാമോ?
പാമ്പുവിഷബാധയുടെ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കാതെ ASV നൽകാറില്ല. കൂടുതൽ കടികളും വിഷമില്ലാത്ത പാമ്പുകളുടെയാണ്. വിഷമുള്ള പാമ്പുകളുടെ കടിയിൽ തന്നെ 30% വരെ വിഷമേൽക്കാത്ത കടികളുമാണ് . അതിനാൽ ASV പോലത്തെ വില കൂടിയതും availability കുറഞ്ഞതും അപൂർവ്വമെങ്കിലും ഗുരുതരമായ അലർജിക്ക് വഴിവച്ചേക്കാവുന്നതുമായ ഒരു മരുന്ന് വെറും ഒരു സംശയത്തിന്റെ പേരിൽ മാത്രം ഒരാളിൽ പ്രയോഗിക്കുന്നത് ശരിയായ രീതിയല്ല.
എപ്പോഴാണ് ASV കൊടുക്കാൻ തീരുമാനിക്കുന്നത്?
താഴെ വിവരിക്കുന്ന ലക്ഷണങ്ങൾ കടിയേറ്റയാളിൽ കാണുമ്പോളാണ് ASV കൊടുക്കാൻ ഡോക്ടർമാർ തീരുമാനിക്കുന്നത്.
കടിയേറ്റ ഭാഗത്തു കൂടി വരുന്ന വീക്കം, വേദന, കഴല തടിപ്പ്
വയറു വേദന, ഛർദി
വിവിധ ശരീര ഭാഗങ്ങളിൽ നിന്നും രക്തസ്രാവം, രക്തസമ്മർദ്ധം കുറഞ്ഞു പോകൽ, ഹൃദയമിടിപ്പിലെ വ്യതിയാനങ്ങൾ, രക്തം 20 മിനിറ്റ് കഴിഞ്ഞിട്ടും കട്ടയാവാതെയിരിക്കുക, കിഡ്നി പ്രവർത്തനം തകരാറിലാവുക, പേശികളിൽ കടുത്ത വേദനയനുഭവപ്പെടുക. (അണലിയുടെ വിഷബാധ)
കണ്ണുകൾ തുറന്നു വെക്കാൻ കഴിയാതിരിക്കുക, കഴുത്തു നേരെ നിർത്താൻ ബുദ്ധിമുട്ട് വരിക, കാഴ്ച മങ്ങൽ, രണ്ടെണ്ണമായി കാണൽ, വിഴുങ്ങാൻ പ്രയാസം തോന്നുക, ഒറ്റ ശ്വാസത്തിൽ സംസാരിക്കാൻ ബുദ്ധിമുട്ട് തോന്നുക, ശ്വാസം എടുക്കാൻ പ്രയാസം അനുഭവപ്പെടുക, സംസാരത്തിലെ വ്യക്തതകുറവ്, മുഖത്തും കൈകാലുകളിലും തരിപ്പ്, ബലക്കുറവ് (മൂർഖൻ, വെള്ളിക്കട്ടൻ എന്നിവയുടെ വിഷം )
ASV കൊടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
മൂർഖൻ, വെള്ളിക്കട്ടൻ എന്നിവയുടെ വിഷം ആദ്യമേ കാര്യമായി ശരീരത്തിൽ വ്യാപിച്ചിട്ടുണ്ടെങ്കിൽ ASV കൊടുത്തുകൊണ്ടിരിക്കുമ്പോഴോ അതിനു ശേഷമോ രോഗിയുടെ ശ്വാസം നിലച്ചു പോവാൻ സാധ്യതയുണ്ട്. അത് കൃത്യമായി നോക്കികൊണ്ടിരിക്കണം. ശ്വാസതടസം വരികയാണെങ്കിൽ വെന്റിലേറ്റർ ചികിത്സ അത്യാവശ്യമാണ്. ASV തുടങ്ങുന്ന മുന്നേ തന്നെ രക്തസമ്മർദ്ദം കുറവാണ് കാണുന്നത െങ്കിൽ അത് വിഷത്തിന്റെ effect ആണെന്ന് മനസിലാക്കി എത്രയും വേഗം ASV കൊടുക്കുകയാണ് വേണ്ടത്. ASV കൊടുത്തു കൊണ്ടിരിക്കുമ്പോൾ ബിപി കുറഞ്ഞുപോകുന്നുവെങ്കിൽ ASV യുടെ effect ആവാനും സാധ്യതയുണ്ട്. അത് പോലെ ചെറുതോ വലുതോ ആയ ASV അലർജിയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടോ എന്നും ശ്രദ്ധിക്കണം. അങ്ങനെയെങ്കിൽ അലർജിയുടെ മരുന്നുകൾ കൂടി കൊടുത്തു സാവകാശം ASV കൊടുത്തു തീർക്കണം. കഠിനമായ anaphylaxis വന്നാൽ ASV താൽക്കാലികമായി നിർത്തി anaphylaxis ചികിൽസിച്ചു നില മെച്ചപ്പെടുത്തിയ ശേഷം വളരെ സാവകാശം വീണ്ടും ASV കൊടുക്കണം. വളരെ ശ്രമകരമായ, അപകടം നിറഞ്ഞ ജോലിയാണത്. ആ സമയത്തു ബഹളം വച്ചും ഭയപ്പെട്ടും ഡോക്ടറെ മാനസിക പിരിമുറുക്കത്തിലാക്കാതെ പിന്തുണ കൊടുക്കുകയാണ് കൂടെ വന്നവർ ചെയ്യേണ്ടത്.
വളരെ കുറച്ചു കമ്പനികൾ മാത്രമേ ASV വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കുന്നുള്ളു. ഒരു വയലിന് 350-500 രൂപ വരെ വില വരുന്നുണ്ട്. ചിലപ്പോൾ വേണ്ടത്ര അളവിൽ ASV മാർക്കെറ്റിൽ ലഭ്യമല്ലാതാകുന്ന സന്ദർഭങ്ങൾ വരെ ഉണ്ടാവാറുണ്ട്.
ASV യെ അകാരണമായി ഭയക്കേണ്ടതില്ല. ശരിയായ സന്ദർഭത്തിൽ സൂക്ഷ്മതയോടെ ഉപയോഗിച്ചാൽ വിലപ്പെട്ട ഒരു ജീവൻ അത് മൂലം രക്ഷപ്പെട്ടേക്കും. പാമ്പ് കടിച്ചു ഒരാൾ അപകടാവസ്ഥയിലേക്കു നീങ്ങുമ്പോൾ ASV യുടെ സൈഡ് എഫക്റ്റുകളല്ല, മറിച്ചു ജീവൻ രക്ഷിക്കാനുള്ള അതിന്റെ കഴിവിനെയാണ് നാം ആദ്യം ഓർക്കേണ്ടത്.