എന്താണ് ശാസ്ത്രം ?
എന്താണ് ശാസ്ത്രം ?
പ്രാപഞ്ചിക നിയമങ്ങളെ ഒന്നിനേയും മാറ്റിമറിക്കാൻ ശാസ്ത്രത്തിനു കഴിയില്ല. പക്ഷെ യുക്തിസഹമായി അത് തേടുന്ന ഒരു വഴിയാണ് ശാസ്ത്രം .
എന്തിന് വേണ്ടിയാണ് പ്രപഞ്ച നിയമങ്ങളെ അറിയുന്നത് ?
1. അറിയാനുള്ള കൗതുകത്തിനു വേണ്ടി .
2. അവയെ അറിഞ്ഞാൽ ആ അറിവിനെ പ്രയോജനപ്പെടുത്താം അതുപയോഗിച്ച് മനുഷ്യ ജീവിതം എളുപ്പമാക്കാം. ഒരു ഉദാഹരണം പറയാം. കാന്തിക മണ്ഡലത്തിൽ ഒരു ലോഹ കഷ്ണം അനങ്ങിയാൽ അവിടെ വൈദ്യുതി ഉണ്ടാകും എന്നത് ഒരു പ്രപഞ്ചനിയമമാണ്. അത് അറിഞ്ഞാൽ , അത് ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കാം. അത് ഉപയോഗപ്പെടുത്തി മോട്ടോറുകൾ കറക്കാം. അത് മനുഷ്യ ജീവികത്തിന് പ്രയോജനകരമാണ്. എന്നാൽ ആ നിയത്തിൽ ഒരു ചെറിയ മാറ്റത്തിനു പോലും ശാസ്ത്രത്തിന് കഴിയുകില്ല താനും.
ചില നിയന്ത്രണങ്ങളിൽ ഒരു ലോഹ കമ്പിയിൽ വൈദുതി കടത്തിയാൽ അത് ആന്റിനയായി മാറും എന്നത് ഒരു പ്രപഞ്ചനിയമമാണ്. അതുപയോഗപ്പെടുത്തിയാണ് മനുഷ്യൻ വാർത്താ വിനിമയം നടത്തുന്നത്. മൊബൈലും ടി വി യും ഉപഗ്രഹ വാർത്താ വിനിമയവും ഒക്കെ അത് ഉപയോഗപ്പെടുത്തിയാണ്.
അറിയാവുന്ന പ്രാപഞ്ചിക നിയമങ്ങളിൽ നിന്ന് അടുത്തത് അറിയാനാണ് ശാസ്ത്രം ശ്രമിക്കുന്നത്. പുതിയ ഒരു തിയറി കണ്ടെത്തിയാൽ അത് പരീക്ഷണങ്ങൾ വഴി ശരിയാണോയെന്ന് നോക്കും. അത് ആർക്കും പരീക്ഷിക്കാം. സയൻസിൽ ആത്യന്തികമായ സത്യമില്ല. പുതിയ ഒരു തിയറി വരുമ്പോൾ പഴയത് തെറ്റായി മാറാം. ന്യൂട്ടന്റെ തിയറികൾ രണ്ട് നൂറ്റാണ്ടുകളോളം ശരിയായി നില നിന്നു ഐൻസ്റ്റീന്റെ വരവിൽ അത് തെറ്റായി മാറി. എക്കാലത്തേയും പരമമായ ഒരു സത്യവും ശാസ്തത്തിൽ ഇല്ല . എല്ലാ പ്രപഞ്ച നിയമങ്ങളും മനസ്സിലാക്കിയാൽ ശാസ്ത്രം അവിടെ അവസാനിയ്ക്കും. ശാസ്ത്രം തേടുന്നത് സൃഷ്ടികളെയാണ് സൃഷ്ടാവിനെയല്ല . സൃഷ്ടാവെന്നത് അവസാനത്തെ പ്രപഞ്ച നിയമത്തിൽ മാത്രമാണ്.
പ്രപഞ്ച നിയമങ്ങളിൽ വളരെ തുച്ചമായവ മാത്രമേ ശാസ്ത്രത്തിനറിയൂ. കാരണം ശാസ്ത്രം മനുഷ്യ നിർമിതമാണ്. പ്രപഞ്ചത്തിലെ പല സൃഷ്ടികളുടേയും ആയുസ്സിനെ അപേക്ഷിച്ച് മനുഷ്യായുസ് തീരെ തുച്ഛമാണ് . എന്തിന് മനുഷ്യ വർഗ്ഗത്തിന്റെ ആയുസ്റ്റ് പോലും പ്രപഞ്ചത്തെ മനസ്സിലാക്കുവാൻ പര്യാപ്തതമല്ല. മനുഷ്യൻ പ്രപഞ്ചത്തെ അറിയുന്നത് കണ്ണിന്റെ സഹായത്താലാണ്. കണ്ണിന് തിരിച്ചറിയാവുന്നത് വൈദ്യുതകാന്തിക സ്പെക്ട്രത്തിലെ ഒരു തുച്ഛമായ ഭാഗമായ ദൃശ്യപ്രകാശത്തെ മാത്രമാണ്. നാം മരങ്ങളെ പച്ചയായും ആകാശത്തെ നീലയായും കാണുന്നു. എന്നാൽ അതല്ല ആത്യന്തിക സത്യം. മറ്റൊരു ജീവി പ്രകൃതിയെ നോക്കിയാൽ കാണുന്നത് അങ്ങനെ ആയിരിക്കണമെന്നില്ല. അതിനാൽ ഹരിതാഭമായ പ്രകൃതിയും നീലാകാശവും മനുഷ്യന്റെ ആപേക്ഷികമായ ശരി മാത്രമാണ്.അത് പ്രപഞ്ച സത്യം ആകണമെന്നില്ല. ആന്റിനകളുടെ കണ്ടുപിടിത്തത്തോടെ കൂടുതൽ വൈദ്യുതകാന്തിക തരംഗങ്ങളെ കാണാനും കൂടുതൽ വിശാലമായ പ്രപഞ്ചത്തെ കാണുവാനും നമുക്ക് കഴിഞ്ഞു. എന്നാൽ നമുക്കറിയാവുന്ന വൈദ്യുതകാന്തിക തരംഗങ്ങൾ എസി വേവ് മുതൽ ഗാമാ റേഡിയേഷൻ വരെ മാത്രമാണ്. അതിനർത്ഥം അതിന് അപ്പുറവും ഇപ്പുറവും വൈദ്യുതകാന്തിക തരങ്ങൾ ഇല്ല എന്നായിരിക്കണമെന്നില്ല. മാത്രമല്ല മറ്റ് ഊർജ്ജ രൂപങ്ങളും കണ്ടേക്കാം. ഉദാഹരണം ടാക്കിയോൺ, അതിനെ തിരിച്ചറിയാനുള്ള നമ്മുടെ കഴിവില്ലായ്മ അത് ഇല്ല എന്നു പറയുവാനുള്ള ലൈസൻസാകുന്നില്ല.
ശാസ്ത്രത്തിന് പരിമിതികളുണ്ട്. പക്ഷെ ശാസ്ത്രം മനുഷ്യന്റെ പ്രപഞ്ച നിരീക്ഷണത്തിനും ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള നല്ല ഒരു ഉപാധിതന്നെയാണ്.