ക്ലൗഡ് സീഡിങ്
എന്താണ് ക്ലൗഡ് സീഡിങ് അഥവാ കൃത്രിമമായി മഴ
സാങ്കേതികവിദ്യയുടെ സഹായത്തോടെ മഴ പെയ്യിക്കുന്നതാണ് കൃത്രിമ മഴ. ക്ലൗഡ് സീഡിങ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കൃത്രിമമായി മഴ പെയ്യിക്കുന്നത്. രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് കൃത്രിമ മഴ ഉണ്ടാക്കുന്നത്.
കാലാവസ്ഥയില്‍ മാറ്റം വരുത്തുന്നതിനുപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ക്ലൗഡ് സീഡിംങ്. കൃത്രിമ മഴ, കൃത്രിമ മഞ്ഞുണ്ടാക്കുക, മൂടല്‍ മഞ്ഞ് കുറയ്ക്കുക എന്നിവയാണ് ക്ലൗഡ് സീഡിംങ് ഉപയോഗിച്ച് ചെയ്യാവുന്ന കാര്യങ്ങള്‍. 1946 ല്‍ അമേരിക്കല്‍ ശാസ്ത്രജ്ഞനായ വിന്‍സെന്റ് ഷെയ്ഫറാണ് ആദ്യമായി ക്ലൗഡ് സീഡിംഗ് അവതരിപ്പിക്കുന്നത്. മഴമേഘങ്ങളില്‍ സ്വാഭാവികമായി നടക്കേണ്ട ഭൗതിക പ്രവര്‍ത്തനങ്ങള്‍ രാസവസ്തുക്കളുടെ സഹായത്തോടെ കൃത്രിമമായി സൃഷ്ടിക്കുകയാണ് ക്ലൗഡ് സീഡിംങ്ങില്‍ ചെയ്യുന്നത്. സില്‍വര്‍ അയഡൈഡ്, പൊട്ടാസ്യം അയഡൈഡ്, ഡ്രൈ ഐസ് (ഖരാവസ്ഥയിലുളള കാര്‍ബണ്‍ ഡയോക്‌സൈഡ്), ലിക്വിഡ് പ്രൊപെയ്ന്‍ എന്നീ രാസവസ്തുക്കളാണ് ക്ലൗഡ് സീഡിംഗിന് ഉപയോഗിക്കുന്നത്.
എങ്ങനെയാണ് ക്ലൗഡ് സീഡിങ് നടത്തുന്നതെന്ന് നോക്കാം. ചിതറിക്കിടക്കുന്ന മേഘങ്ങളെ ഒരുമിച്ച് കൂട്ടുകയാണ് ആദ്യം ചെയ്യുന്നത്. രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. മഴ പെയ്യിക്കേണ്ട പ്രദേശത്തിന് മുകളിലായി മേഘങ്ങളെ എത്തിക്കും. തുടര്‍ന്ന് സില്‍വര്‍ അയഡൈഡ്, ഡ്രൈ ഐസ് എന്നിവ മേഘങ്ങളില്‍ വിതറും. വിമാനങ്ങള്‍ ഉപയോഗിച്ചാണ് മേഘങ്ങളില്‍ രാസവസ്തുക്കള്‍ വിതറുന്നത്. ഭൂമിയില്‍ നിന്ന് ജനറേറ്ററുകള്‍ ഉപയോഗിച്ചും റോക്കറ്റുകള്‍ ഉപയോഗിച്ചും സീഡിംങ് നടത്താറുണ്ട്. മേഘങ്ങളില്‍ എത്തുന്ന രാസവസ്തുക്കള്‍ അവിടെയുളള നീരാവിയെ ഖനീഭവിപ്പിച്ച് വെളളത്തുളളികളാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഭൂമിയില്‍ നിന്ന് ഏകദേശം 12,000 അടി ഉയരത്തിലുളള മേഘങ്ങളാണ് ക്ലൗഡ് സീഡിംങ്ങിന് കൂടുതല്‍ അനുയോജ്യമായുളളത്. റഡാറുകള്‍ ഉപയോഗിച്ചാണ് അനുയോജ്യമായ മേഘങ്ങളെ കണ്ടെത്തുന്നത്.
ഇന്ത്യയില്‍ ഇതിന് മുന്‍പും ക്ലൗഡ് സീഡിങ് പരീക്ഷിച്ചിട്ടുണ്ട്. 1983 മുതല്‍ 1987 വരെയും, 1993 മുതല്‍ 1994 വരെയും തമിഴ്‌നാട് സര്‍ക്കാര്‍ ക്ലൗഡ് സീഡിങ് നടത്തിയിട്ടുണ്ട്. 2003-2004 ല്‍ കര്‍ണ്ണാടക സര്‍ക്കാരും ഈ വിദ്യ പരീക്ഷിച്ചിട്ടുണ്ട്. ഇതേ വര്‍ഷത്തില്‍ തന്നെ അമേരിക്ക ആസ്ഥാനമായുളള വെതര്‍ മോഡിഫിക്കേഷന്‍ ഇന്‍കോര്‍പ്പറേറ്റഡ് എന്ന കമ്പനിയുടെ സഹായത്തോടെ മഹാരാഷ്ട്രയിലും ക്ലൗഡ് സീഡിങ് നടത്തി. ആന്ധ്രപ്രദേശിലെ പന്ത്രണ്ട് ജില്ലകളില്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതി കൊണ്ടുവന്നത് 2008-ല്‍ ആയിരുന്നു. 2005-ലെ വരള്‍ച്ച സമയത്ത് പാലക്കാട് ജില്ലയില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ താല്‍പര്യം കാണിച്ചിരുന്നുവെങ്കിലും നടന്നില്ല. ക്ലൗഡ് സീഡിങ്ങിന് സാധാരണയായി ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ സില്‍വര്‍ അയഡൈഡ്, പൊട്ടാസ്യം അയഡൈഡ്, ഡ്രൈ ഐസ് എന്നിവയാണ്. എന്നാല്‍ ദ്രവീക്യത പ്രൊപേയ്ന്‍ ആണ് മേഘങ്ങളില്‍ ഐസ് പാരലുകള്‍ സൃഷ്ടിക്കാന്‍ കൂടുതല്‍ ഫലപ്രദം. കറിയുപ്പ് ഉപയോഗിച്ചും ക്ലൗഡ് സീഡിങ് നടത്താറുണ്ട്. 2010-ല്‍ ജനീവ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ സള്‍ഫര്‍ ഡയോക്‌സൈഡും നൈട്രജന്‍ ഡയോക്‌സൈഡും ഉപയോഗിച്ചുള്ള ക്ലൗഡ് സീഡിങ് പരീക്ഷണം നടത്തിയിരുന്നു.
ക്ലൗഡ് സീഡിങ് പൂര്‍ണമായും വിജയകരമാണെന്ന് പറയാന്‍ കഴിയില്ല. ഏഷ്യ, ആഫ്രിക്ക, വടക്ക അമേരിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലുളള മിക്കവാറും രാജ്യങ്ങളിലും ക്ലൗഡ് സീഡിങ് ഉപയോഗിച്ച് കൃത്രിമ മഴ പെയ്യിക്കുകയോ, മൂടല്‍ മഞ്ഞ് നീക്കം ചെയ്യുകയോ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയ ക്ലൗഡ് സീഡിങ്ങിനോട് വിമുഖത കാണിക്കുകയാണ്. ക്ലൗഡ് സീഡിങ് നടത്തുക വഴി സ്വാഭാവികമായി ഉണ്ടാകുന്ന മഴയുടെ അളവില്‍ പത്ത് ശതമാനത്തിലധികം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് ടെല്‍ അവീവ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ 2010 ല്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. എന്നാല്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ആലിപ്പഴ വര്‍ഷത്തിനും ക്ലൗഡ് സീഡിംഗ് കാരണമാകാറുണ്ട്.
1978 ല്‍ 2740 ടണ്‍ സില്‍വര്‍ അയഡൈഡ് ആണ് യു.എസ്. ഗവണ്‍മെന്റ് കൃത്രിമ മഴചെയ്യിക്കാനായി മേഘങ്ങളില്‍ വര്‍ഷിച്ചത്. മനുഷ്യര്‍ക്കും മറ്റ് സസ്തനികള്‍ക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാനും മണ്ണിന്റേയും സസ്യങ്ങളുടേയും സ്വാഭാവികത നഷ്ടപ്പെടുന്നതിനും ജലമലിനീകരണത്തിനും ഇത് കാരണമാകുമെന്ന് ചില പാരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ടെങ്കിലും അതിന് വേണ്ടത്ര ശാസ്ത്രീയ പിന്‍ബലമൊന്നുമില്ല. കാലാവസ്ഥയെ നിയന്ത്രിക്കുന്ന തരത്തിലുളള മനുഷ്യന്റെ ഇടപെടലുകള്‍ ആഗോളതാപത്തിനും പൊതുജനാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനും കാരണമാകുമെന്ന ആരോപണവും നിലവിലുണ്ട്. എങ്കിലും കടുത്തവരള്‍ച്ചയെ പ്രതിരോധിക്കാന്‍ ഇന്ന് ലോക രാഷ്ട്രങ്ങള്‍ ആശ്രയിക്കുന്നത് ക്ലൗഡ് സീഡിങ്ങിലൂടെയുളള കൃത്രിമ മഴ മാത്രമാണ്. എന്നാല്‍ അതിന് സാങ്കേതിക വിദ്യയുയെ ഫലപ്രദമായ ഉപയോഗം ആവശ്യമാണ്. കൂടാതെ അന്തരീക്ഷത്തില്‍ കുമുലോ നിംബസ് മേഘങ്ങളുടെ സാന്നിധ്യവും അനിവാര്യമാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ നല്ല പണച്ചെലവുളള പദ്ധതിയാണ് ക്ലൗഡ് സീഡിങ്.