ഡയമണ്ട്

Simple Science Technology

ചില ഡയമണ്ട് (Diamond) വിശേഷങ്ങൾ

   ⭕ഗ്രീക്ക് പദമായ adamas എന്ന വാക്കിൽ നിന്നാണ് ഡയമണ്ട് എന്ന വാക്കിന്റെ വരവ്. ഈ വാക്ക് സൂചിപ്പിക്കുന്നതുപോലെ തന്നെ പ്രകൃതിദത്തമായ ഏറ്റവും കടുപ്പമേറിയ വസ്തുവാണ് ഡയമണ്ട് അഥവാ വജ്രം. പ്രകൃതിയിൽ കണ്ടുവരുന്നതിൽ ഏറ്റവും കഠിനമായ പദാർത്ഥം വെറും കരിയിലെ ആറ്റങ്ങൾ മാത്രമുള്ള വജ്രത്തിന് ഇത്രയും കാഠിന്യം വരാനുള്ള കാരണമെന്താണ്?. പ്രകൃതിയുടെ അസാധാരണമായ കരവിരുതാണ് ഇതിനു പിന്നിൽ. കാർബൺ ആറ്റങ്ങൾ പ്രത്യേക രീതിയിൽ അടുക്കപ്പെട്ടതിനാലാണ് വജ്രത്തിന് ഇത്രയും കാഠിന്യമുള്ളത്. വജ്രത്തിന് ഓരോ കാർബൺ ആറ്റവും മറ്റുനാലു കാർബൺ ആറ്റങ്ങളുമായി സഹസംയോജക ബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ഒരർത്ഥത്തിൽ ഒരു വജ്രക്കട്ട മൊത്തത്തിൽ ഒരൊറ്റ ഭീമൻ തന്മാത്രയാണ് എന്നു പറയാം. അതിനാൽ വജ്രത്തെ പൊടിക്കുക അല്ലെങ്കിൽ മുറിക്കുക എന്നത് സാധ്യമല്ലെന്നു തന്നെ പറയാം. വജ്രത്തെ മുറിക്കുന്നത് വജ്രം കൊണ്ടുതന്നെയാണ്. സഹസംയോജകബന്ധങ്ങളെ മുറിക്കുവാൻ വൻതോതിൽ ഊർജ്ജം വേണ്ടി വരുന്നതുകൊണ്ടാണ് വജ്രത്തിന് കാഠിന്യമുള്ളതായി പറയുന്നത്. സ്വതന്ത്രമായ ഇലക്ട്രോൺ ഇല്ലാത്തതിനാൽ വജ്രത്തിലൂടെ വൈദ്യുതി കടന്നു പോവുകയുമില്ല. വൈരക്കല്ലുകൾ അഥവാ ഡയമണ്ടുകൾ ആരെയും ആകർഷിക്കുന്ന രത്നക്കല്ലുകളാണല്ലോ. ഇവ കരിയുടെ മറ്റൊരു രൂപം മാത്രമാണെന്ന് പ്രസിദ്ധ ഫ്രഞ്ച് രസതന്ത്രജ്ഞനായിരുന്ന ലാവോസിയെ 1772 ൽ ഒരു പരീക്ഷണത്തിലൂടെ തെളിയിക്കുകയുണ്ടായി. അദ്ദേഹം ഒരു വൈരക്കല്ലിൻമേൽ ലെൻസ് ഉപയോഗിച്ച് സൂര്യപ്രകാശത്തെ കേന്ദ്രീകരിച്ചു കഠിനമായ ചൂടിൽ വൈരക്കല്ല് കാണാതായി. ചൂടായി ചുറ്റുപാടിൽനിന്നു ഓക്സിജനെ സ്വീകരിച്ച വൈരം കാർബൺഡൈ ഓക്സൈഡായി മാറിയതാണ് ഇതിനു കാരണമെന്ന് അദ്ദേഹം തെളിയിച്ചു.

⭕വജ്രം വെറും കരിയാണെന്ന രഹസ്യം അങ്ങനെയാണ് വെളിച്ചത്തായത്. ഭൂമിക്കടിയിലെ ആയിരക്കണക്കിനു വർഷത്തെ കൊടും ചൂടും സമ്മർദ്ദവും മൂലമാണ് കാർബണുകൾ വജ്രമായി മാറുന്നത്. ഭൂഗർഭത്തിൽ സൃഷ്ടിക്കപ്പെടുന്ന ഇത്തരം വജ്രപ്പാറകൾ അഗ്നിപർവ്വത സ്ഫോടനത്തിലൂടെയോ ഭൂഗർഭ ഉറവകൾ വഴിയോ ഭൗമോപരിതലത്തിലെത്തുന്നു. ആഴമാർന്ന നദികളിൽ നിന്നും ഭൂഗർഭക്കുഴികളിൽ നിന്നുമൊക്കെയാണ് ഇവ ഖനനം ചെയ്തെടുക്കുന്നത്. വജ്രത്തിന്റെ കാഠിന്യവും പരിശുദ്ധിയും ചന്തവും പുരാതന കാലം മുതൽക്കു തന്നെ അതിനെ വിലപിടിപ്പുള്ള വസ്തുവാക്കി. ഖനികളിൽ നിന്നു ലഭിക്കുന്ന ഈ സുതാര്യമായ പാറക്കഷണത്തെ ചെത്തി മിനുക്കി പ്രകാശം വർഷിക്കുന്ന അസുലഭ സൗന്ദര്യമുള്ള വസ്തുവായി രൂപം മാറുന്നതു കലാകാരന്മാരുടെ വൈദഗ്ധ്യമാണ്. വജ്രത്തിളക്കം. വജ്രത്തിലെ പ്രകാശത്തിന്റെ വേഗം വായുവിനേക്കാൾ കുറവാണ്. തന്മൂലം ഒരു പ്രകാശ കിരണം വായുവിൽ നിന്നു വജ്രത്തിലേക്ക് കടക്കുമ്പോഴുണ്ടാകുന്ന വ്യതിയാനം കൂടുതലായിരിക്കും. അഥവാ വജ്രത്തിന്റെ അപവർത്തകനാങ്കം ഏറ്റവും ഉയർന്നതായിരിക്കും. പ്രകാശകിരണം വജ്രത്തിന്റെ ഉപരിതലത്തിൽ പതിച്ചാൽ അത് വജ്രത്തിനുള്ളിലേക്ക് അപവർത്തനം ചെയ്യപ്പെടുന്നു. ഇവിടെ അപവർത്തന കോൺ (r) എപ്പോഴും പതനകോണിലും (i) കുറവായിരിക്കും. പതനകോൺ 90 ഡിഗ്രി ആയാൽ അപവർത്തനകോൺ 24.5 ഡിഗ്രിയേ ഉണ്ടാവൂ. അതായത്, വജ്രത്തിന്റെ ഉപരിതല ത്തിൽ വീഴുന്ന എല്ലാ പ്രകാശകിരണങ്ങളും അത് ഏതു കോണിൽ വീഴുന്നതായാലും ശരി വജ്രത്തിനുള്ളിൽ പ്രവേശിക്കുമ്പോൾ 49 ഡിഗ്രി കോണിൽ ഒതുക്കപ്പെടുന്നു. പ്രകാശകിരണം പുറത്തുപോകാതെ വജ്രത്തിനുള്ളിൽ തന്നെ കുടുങ്ങിക്കിടക്കുന്നു. ഈ പ്രതിഭാസത്തെ പൂർണ്ണ ആന്തരികപ്രതിഫലനം എന്നു പറയുന്നു. 24ഡിഗ്രിക്കും 9 ഡിഗ്രിക്കും ഇടയിൽ വീഴുന്ന പ്രകാശകിരണങ്ങളെല്ലാം അതായത് മുക്കാൽ ഭാഗം പ്രകാശകിരണങ്ങളും പൂർണ ആന്തരിക പ്രതിഫലനം വഴി വജ്രത്തിനുള്ളിലേക്കു തന്നെ തിരിച്ചു പോകുന്നു. വജ്രം ചെത്തിമിനുക്കുന്നത് അവയ്ക്ക് പലമുഖങ്ങൾ നൽകികൊണ്ടാണ്. പല മുഖങ്ങളുള്ളതുകൊണ്ട് ഈ പ്രക്രിയ പലതവണ ആവർത്തിക്കുന്നു. അതുപോലെ തന്നെ പലമുഖങ്ങളിലൂടെയും ഇങ്ങനെ ഉള്ളിലേക്കു കടന്ന് ശക്തിയാർജ്ജിച്ച പ്രകാശവുമായി ഇവ കൂടിച്ചേരുന്നു. ഒരു പ്രത്യേക മുഖത്തിലെത്തുമ്പോൾ പതനകോൺ 24.5 ഡിഗ്രിയിലും കുറവാകുന്നുവെന്ന് കരുതുക, ഇവയെല്ലാം അതുവഴി പുറത്തുപോകും. ആ ഭാഗം ശക്തമായ പ്രകാശം പുറത്തേക്കു വിടുന്നതിനാൽ നോക്കുന്ന ആൾക്ക് ആ ഭാഗം തിളങ്ങുന്നതായി തോന്നും. മറ്റു ഭാഗങ്ങൾ മങ്ങിയതായും തോന്നും. വജ്രം ചലിപ്പിക്കുമ്പോൾ മറ്റുചില മുഖത്തുനിന്ന് പ്രകാശം പുറത്തേക്ക് വരികയും ചില ഭാഗങ്ങളിൽ നിന്ന് വരാതിരിക്കുകയും ചെയ്യുന്നു. ചലിപ്പി ക്കുമ്പോൾ വജ്രം വെട്ടിത്തളങ്ങുന്നതിനു കാരണം ഇതാണ്. അലങ്കാര വജ്രത്തിന്റെ തരം നിശ്ചയിക്കുന്നത് അതിന്റെ നിറത്തെയും പരിശുദ്ധിയേയും ആധാരമാക്കിയാണ്. പലതരം മാലിന്യങ്ങൾ കലർന്ന് സുതാര്യത നഷ്ടപ്പെട്ടാൽ അത് വജ്രത്തിന്റെ ഗണത്തെയും ബാധിക്കും. വജ്രങ്ങൾക്ക് പേരുകേട്ട രാജ്യത്തെയും അവിടെ ലഭ്യമാക്കുന്ന കല്ലുകളുടെ ഗണവും ചെത്തിമിനുക്കുന്നവരുടെ മിടക്കും പണിതീർന്നകല്ലുകൾ നോക്കി മനസ്സിലാക്കാൻ കഴിയും. ഇന്ത്യ വളരെക്കാലമായി ഇക്കാര്യത്തിൽ മുന്നിലാണ്.

കനപ്പെട്ട കുള്ളിനൻ

ഇതുവരെ കണ്ടുപിടിച്ചിട്ടുള്ള ഏറ്റവും ഭാരമുള്ള വൈരക്കല്ല് കുള്ളിനൻ ആണ്. പ്രീമിയർ ഡയമണ്ട് കമ്പനിയുടെ ചെയർമാനായ തോമസ് കുള്ളിനന്റെ പേരിലാണിത് അറിയപ്പെടുന്നത്. 3106 കാരറ്റ് ആണ് ഇതിന്റെ തൂക്കം. 1905 - ൽ ദക്ഷിണാഫ്രിക്കയിലുള്ള പ്രീമിയർ ഡയമണ്ട് ഖനിയിൽ നിന്നാണിത് കണ്ടെടുക്കപ്പെട്ടത്. വെള്ളത്തിന്റെ നിറമുള്ള ഈ വജ്രം ട്രാൻസ്വാൾ സർക്കാർ അന്നു വിലക്കുവാങ്ങി ബ്രിട്ടീഷ് രാജാവായിരുന്ന എഡ്വേർഡ് ഏഴാമന് ജന്മദിന സമ്മാനമായി സമർപ്പിച്ചു. എഡ്വേർഡ് രാജാവ് ഇത് ചെത്തിമിനുക്കനായി ആംസ്റ്റർഡാമിലെ ഐ.ജെ.ആഷർ ആൻഡ് കമ്പനിയെയാണ് ഏൽപ്പിച്ചത്. ചെത്തിമിനുക്കിയപ്പോൾ കുള്ളിനൻ 530.2 ഭാരമായി കുറഞ്ഞു. കുള്ളിനന്റെ ബാക്കി കഷണങ്ങളിൽ നിന്നും നൂറോളം പ്രശസ്തമായ വജ്രങ്ങൾ വേറെയും ലഭിച്ചു. കുള്ളിനൻ ഇപ്പോൾ ബ്രിട്ടീഷ് രാജ്ഞിയുടെ ചെങ്കോലിനെ അലങ്കരിക്കുകയാണ്. കുളിനനെ ചെത്തി മിനുക്കുമ്പോൾ ലഭിച്ച 317.4 കാരറ്റ് തൂക്കമുള്ള മറ്റൊരു വജ്രം ബ്രിട്ടീഷ് രാജകിരീടത്തെ അലങ്കരിക്കുന്നു. 63.65 കാരറ്റ് തൂക്കമുള്ള മറ്റ് രണ്ടു വജ്രങ്ങൾ ക്വീൻമേരിയുടെ 1911 ലെ സ്ഥാനാരോഹണ ചടങ്ങിന് ഉപയോഗിച്ച കിരീടത്തെയും അലങ്കരിക്കുന്നു.

പിറ്റ് ഡയമണ്ട്

കോഹിന്നൂർ രത്നത്തിനു ശേഷം ഇന്ത്യയിൽ നിന്നു ലഭിച്ച മറ്റൊരു പ്രശസ്ത വജ്രമാണ് പിറ്റ് ഡയമണ്ട്. ആന്ധ്രാപ്രദേ ശിലെ ഗോൽകൊണ്ടാ വജ്രഖനിയിൽ നിന്നു 1701 ലാണിത് ഖനനം ചെയ്തെടുത്തത്. 410 കാരറ്റ് തൂക്കമുണ്ടായിരു ന്നു അന്നതിന്. അന്നത് സ്വന്തമാക്കിയ ജാംചന്ദ് എന്ന പാർസി വ്യാപാരി ഈസ്റ്റിന്ത്യാകമ്പനിയുടെ മദ്രാസിലെ പ്രതിനിധിയായ വില്യം പിറ്റ്സിന് 20400 പൗണ്ടിന് വിറ്റു. പിറ്റ് ഈ വജ്രം സ്വന്തമാക്കിയ ശേഷമാണ് ഇത് പിറ്റ് ഡയമണ്ട് എന്നറിയപ്പെടാൻ തുടങ്ങിയത്. വില്യം പിറ്റ് ഇത് ഇംഗ്ളണ്ടിൽ കൊണ്ടുപോയി ചെത്തി മിനുക്കി. രണ്ടു വർഷമെടുത്തു ചെത്തിമിനുക്കിയതിന് അന്ന് 5000 പൗണ്ട് ചെലവായി. ഇതോടെ 410 കാരറ്റുള്ള പിറ്റ് 140.5 കാരറ്റായി ചുരുങ്ങുകയും ചെയ്തു. ചെത്തിമിനുക്കിയ പിറ്റിന്റെ ബാക്കി ഭാഗം വിറ്റത് 7000 പൗണ്ടിനാണത്രെ. മോഷ്ടാക്കളുടെ ഭീഷണിയെ തുടർന്ന് വില്യം പിറ്റ് 1717 ൽ പിറ്റ് വജ്രം ഫ്രാൻസിന്റെ റീജന്റ് ആയിരുന്ന ഒർലൻസ് ഡ്യൂക്കിന് 13500 പൗണ്ടിനു കൈമാറി. അതിനുശേഷം പിറ്റ് ഡയമണ്ടിന് റീജന്റ് ഡയമണ്ട് എന്ന പേരുകൂടി ലഭിച്ചു. റീജന്റ് ഡയമണ്ട് കിരീടത്തിലുറപ്പിച്ച് അണിയാനുള്ള ഭാഗ്യം ലഭിച്ചത് ഫ്രാൻസിന്റെ ഭരണാധികാരിയായിരുന്ന ലൂയി 14–ാമനാണ്. 1792 ൽ ഫ്രഞ്ച് വിപ്ലവകാലത്ത് ഇത് മറ്റ് രാജകീയ ആഭണങ്ങളോടൊപ്പം കൊള്ളയടിക്കപ്പെട്ടു. നെപ്പോളിയൻ ബോണപ്പാർട്ടിന്റെ ഖജനാവിലാണ് പിറ്റ് ഡയമണ്ട് പിന്നീട് പ്രത്യക്ഷപ്പെട്ടത്. യുദ്ധച്ചെലവിനായി നെപ്പോളിയൻ പിറ്റ് ഡയമണ്ട് പണയം വച്ചു. 1887 ൽ നടന്ന ഫ്രഞ്ച് രാജകീയ ആഭരണങ്ങളുടെ പ്രദർശനത്തിൽ പിറ്റ് വീണ്ടും പ്രത്യക്ഷപ്പെട്ടു. പാരീസിലെ ലൂവർ മ്യൂസിയത്തിൽ ഇന്നിത് സംരക്ഷിക്കപ്പെട്ടിരിക്കുന്നു

ഓർലൊവ് വജ്രം

17–ാം നൂറ്റാണ്ടിൽ ആന്ധ്രപ്രദേശിലെ കൊല്ലൂർ ഖനിയിൽ നിന്നാണീ വജ്രം കണ്ടെടുത്തത്. 300 കാരറ്റ് തൂക്ക മായിരുന്നു അന്നതിന്. മുസ്ലീം ഭരണാധികാരിയായ ജഹാൻഷി അതു സ്വന്തമാക്കി. റോസാപ്പൂവിന്റെ ആകൃതിയിൽ ചെത്തിമിനുക്കിയെടുത്തു. ചെത്തിമിനുക്കപ്പെട്ടപ്പോൾ ഓർലൊവിന്റെ തൂക്കം 199.6 കാരറ്റായി കുറഞ്ഞു. നീല കലർന്ന പച്ചനിറമാണ് ഓർലൊവിന്. 18–ാം നൂറ്റാണ്ടിൽ മോഷണം പോയ ഈ വജ്രം 1773 ൽ ലാസറെവിലുള്ള ഒരമേരിക്കൻ വ്യാപാരിയിൽ നിന്നു ഗ്രിഗറി ഗ്രെഗോറിവിച്ച് ഓർലോവ് രാജകുമാരൻ 90000 പൗണ്ടിന് സ്വന്തമാക്കിയെ ന്നും റഷ്യയിലെ കാതറിൻ–രണ്ട് രാജകുമാരിക്ക് സമ്മാനിച്ചു എന്നുമാണ് കഥ. ഈ വജ്രം ഇന്ന് റഷ്യയിലെ ഡയമണ്ട് ട്രഷറി മ്യൂസിയത്തിൽ സംരക്ഷിച്ചിരിക്കുന്നു.

ഷായും അക്ബർഷായും

16–ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഗൊൽക്കൊണ്ടയിലെ വജ്രഖനിയിൽ നിന്നു ലഭിച്ച വജ്രമാണ് ഷാ. നേർത്ത മഞ്ഞ നിറമാണിതിന്റെ പ്രത്യേകത. 88.7 കാരറ്റ് തൂക്കമുള്ള ഈ വജ്രം ചരടിൽ കോർത്ത് അണിയത്തക്കവിധത്തിൽ തുളയ്ക്കപ്പെട്ടതാണ് എന്ന പ്രത്യേകതയുമുണ്ട്. ഷായെ കൈവശം വച്ച മൂന്ന് മൂസ്ലീം ഭരണാധികാരികളുടേയും പേരുകൾ ഈ വജ്രത്തിൽ കൊത്തിവയ്ക്കപ്പെട്ടിട്ടുണ്ട്. നിസാം ഷാ, ജഹാൻഷാ, ഫെത്ത് അലിഷാ എന്നിവരുടെ പേരുകൾ. ഹിജറാ വർഷമായ 1000 (എഡി 1591),1051 (എഡി 1641), 1242(എഡി 1826) എന്നീ വർഷങ്ങളും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അലക്സാണ്ടർ ഗ്രിബോയ്ഡോവ് എന്ന ദൂതനെ വധിച്ച കുറ്റത്തിനു പിഴയായി അവസാനത്തെ ഷായുടെ പുത്രൻ 1829 ൽ ഈ വജ്രത്തെ റഷ്യൻ ഭരണാധികാരികൾക്ക് കൈമാറി. റഷ്യയിലെ ഡയമണ്ട് ട്രഷറിയിലാണ് ഇന്നിതുള്ളത്. മുഗൾ സാമ്രാജ്യത്തിന്റെ സ്വത്തായിരുന്നു അക്ബർ ഷാ എന്ന വജ്രം. 119 കാരറ്റ് തൂക്കമുള്ള ഈ ഇളംപച്ച വജ്രം. 1866 ൽ കണ്ണുനീർത്തുള്ളിയുടെ രൂപത്തിൽ ചെത്തിമിനുക്കി. ഷാ അക്ബർ എന്നും ഷാജഹാൻ ഇരുലോകങ്ങളുടെ ഭരണാധികാരിയായി എന്നും അക്ബർഷായിൽ കൊത്തിവച്ചിട്ടുണ്ടായിരുന്നുത് ഈ ചെത്തി മിനുക്കലിലൂടെ അലങ്കോലമായി. അതോടെ ഈ വജ്രത്തിന്റെ ചരിത്രപരമായ പ്രധാന്യത്തിനും മൂല്യത്തിനും കുറവുണ്ടായി. അക്ബർ ഷാ ഇന്ന് ബറോഡയിലെ ഗെയ്ക്ക് വാദ് രാജവംശത്തിന്റെ രത്ന ശേഖരത്തിലാണുള്ളത്.

⭕   നാസിക്കിലെ നസ്സാക്ക്

നാസിക്കിലെ ത്രൈംബകേശ്വർ ശിവക്ഷേത്രസ്വത്തായിരുന്നു ഈ നീല വജ്രം. അങ്ങനെ നസ്സാക്ക് എന്ന പേരും വീണു. മറാത്തികൾ നാസിക് ആക്രമിച്ച സമയത്ത് അവർ ഇത് കൊള്ളയടിച്ചു. 1818 ലെ മറാത്ത യുദ്ധത്തിൽ ഈസ്റ്റിന്ത്യാ കമ്പനി ഇതു തട്ടിയെടുത്തു. ഈസ്റ്റിന്ത്യാകമ്പനി ഈ വജ്രം ഇംഗ്ളണ്ടിലെ വ്യാപാരിയായിരുന്ന റൻഡൽ ആൻഡ് ബ്രിഡ്ജിനു വിറ്റു. പിയർ ആകൃതിയണ്ടായിരുന്ന നസ്സാക്ക് പിന്നീട് ത്രികോണാകൃതിയിൽ ചെത്തിമിനുക്കപ്പെട്ടു. 1839 ൽ നടന്ന ഒരു ലേലത്തിൽ വെസ്റ്റ് മിനിസ്റ്ററിലെ മാർക്വെസ് പ്രഭു ഇതു സ്വന്തമാക്കി. മാർക്വെസ് പാരീസുകാരനായ ജോർജ് മബോസിന് ഈ രത്നം കൈമാറി. മബോസ് നസ്സാക്കിനെ ദീർഘചതുരാകൃതിയിലുള്ള എമറാൾഡ‍് കട്ടരൂപത്തിൽ ചെത്തിമിനുക്കി 43.4 കാരറ്റ് തൂക്കമുള്ള നസ്സാക്ക് വജ്രം ഇന്ന് യൂ.എസി.ലെ എഡ്വാർഡ് ജെ ഹാന്റിന്റെ കയ്യിലാണുള്ളത്.

 താജ്–ഇ–മാഹ്

ഗൊൽക്കൊണ്ടാ വജ്ര ഖനിയിൽ നിന്നു ലഭിച്ച 150 കാരറ്റ് ഭാരമുളള താജ് ഇ–മാഹ് ചന്ദ്ര കിരീടം റോസാപുഷ്പത്തിന്റെ ആകൃതിയിലാണഅ ചെത്തിമിനുക്കിയിരിക്കുന്നത്. 1739 ൽ നാദിർഷാ ഇത് കൊള്ളയടിച്ചു. ചന്ദ്രന്റെ കിരീടമെന്നറിയപ്പെടുന്ന ഈ അമൂല്യരത്നം ഇറാനിയൻ രാജകീയ രത്നശേഖരത്തിലാണിന്നുള്ളത്.

ദരിയ–ഇ–നൂർ

ആന്ധ്രാപ്രദേശിലെ കൊല്ലൂർ ഖനിയിൽ നിന്നും കണ്ടെടുക്കപ്പെട്ട 182 കാരറ്റ് തൂക്കവും നേർത്ത പിങ്ക് നിറവുമുള്ള വജ്രക്കല്ലാണ് ദരിയ–ഇ–നൂർ. ഭാരതം കൊള്ളയടിച്ച നാദിർഷാ ഈ വജ്രവും കൊള്ളയടിച്ചു് പേർഷ്യയിലേക്ക് കൊണ്ടു പോയി. ഇറാന്റെ രാജ്യത്തെ ആഭരണശേഖരത്തിന്റെ ഭാഗമായി ഇത് ഇന്ന് സംരക്ഷിക്കപ്പെട്ടിരിക്കുന്നു

പട്യാലയിലെ സാൻസി

‌1570 ൽ ഓട്ടോമൺ സാമ്ര്യാജ്യത്തിന്റെ ഫ്രഞ്ച് അംബാസിഡറായിരുന്ന നിക്കോളസിന്റെ ഉടമസ്ഥതയിലുള്ള വജ്രമായിരുന്നു സാൻസി. ബദാമിന്റെ ആകൃതിയിൽ രണ്ടുഭാഗവും ചെത്തിമിനുക്കപ്പെട്ടതായിരുന്നു 60.4 കാരറ്റ് തൂക്കം വരുന്ന ഈ വജ്രക്കല്ല്. 16–ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇംഗ്ളണ്ടിലെ എലിസബത്ത്–1 രാജ്ഞി ഇത് സ്വന്തമാക്കി. 1675 ൽ ഫ്രഞ്ച് ഭരണാധികാരിയായിരുന്ന ലൂയി പതിനാലാമൻ 25000 പൗണ്ടിന് സാൻസിയെ സ്വന്തമാക്കി. ഫ്രഞ്ച് വിപ്ലവകാലത്ത് ഇത് കൊള്ളയടിക്കപ്പെട്ടു. 1867 ൽ‌ പാരീസിൽ നടന്ന ഒരു പ്രദർശനത്തിൽ സാൻസിയും പ്രദർശിപ്പിക്കപ്പെട്ടു. 19–ാം നുറ്റാണ്ടിന്റെ അവസാനത്തിൽ ഒരു ഇന്ത്യൻ വജ്രവ്യാപാരി സാൻസി സ്വന്തമാക്കി. ഇന്ത്യയിലെത്തിച്ചു. പട്യാല മഹാരാജാവിന്റെ ആഭരണശേഖരത്തിൽ പിന്നീട് ഇത് ഇടം പിടിച്ചു. പാരീസിലെ ലൂവർ കൊട്ടാരത്തിന്റെ ഭാഗമായ അപ്പോളോ ഗാലറിയിലാണ് ഇതിപ്പോഴുള്ളത്.

⭕  ഡയമണ്ട് അല്ലാത്ത വജ്രം

വജ്രത്തെക്കാൾ കാഠിന്യമുള്ള ഗ്ലാസ് പോലുള്ള പദാർത്ഥമാണ് അമോർഫസ് ഡയമണ്ട്. സ്റ്റാൻഫോർഡ് ലബോറട്ടറിയാണ് ഇതിന്റെ സ്രഷ്ടാവ്. കാർബണിൽ അതിതീവ്രസമ്മർദ്ദം ചെലുത്തിയപ്പോളാണിതു രൂപപ്പെട്ടത്. വജ്രത്തിനറെ ക്രിസ്റ്റൽ ഘടനയല്ല അമോർഫസിനുള്ളത്. എന്നാൽ, ഓരോ സൂഷ്മാംശത്തിലും ഒരേ കടുപ്പം എന്ന ഗുണം ഇതിനു സ്വന്തമാണ്. അന്തരീക്ഷ മർദ്ദത്തിന്റെ 60,000 ഇരട്ടി അഥവാ 60 ജിഗാ പാസ്കൽസിലാണ് സാധാരണ വജ്രങ്ങൾ പിറവിയെടുക്കുന്നത്. അമോർഫസ് ഡയമണ്ട് ആകട്ടെ 70 ജിഗാ പാസ്കിൽ സമ്മർദ്ദത്തിലും

കട്ടിങ് കലയും ശാസ്ത്രവും

അസംസ്കൃതവസ്തുവായ വജ്രപ്പാറയെ ചെത്തിമിനുക്കി മൂല്യവത്തായ രത്നമാക്കിമാറ്റുന്ന പ്രക്രിയയാണ് ഡയമണ്ട് കട്ടിങ്. വജ്യപ്പാറയെ സ്കാനിങ്ങിനു വിധേയമാക്കി ത്രിമാന ചിത്രമെടുത്താണ് ഇന്നത്തെക്കാലത്ത് ഒരു ഡയമണ്ട് എങ്ങനെ ചെത്തിമിനുക്കിയെടുക്കണമെന്ന് തീരുമാനിക്കുന്നത്. കാരറ്റ് വാല്യൂ പരമാവധി നിലനിർത്തി, അതിന്റെ തനതു നിറത്തിനു കോട്ടമൊന്നുമുണ്ടാക്കാതെ വജ്രത്തിന് പരമാവധി മൂല്യം ഉറപ്പാക്കാൻ ഈ രീതി സഹായകരമാകുന്നു. ഓരോ വജ്രപ്പാറയ്ക്കും വ്യത്യസ്ത കടുപ്പമായിരിക്കും ഉണ്ടാവുക. അതിനനുസരിച്ചുള്ള ബ്ലേഡുകളും മറ്റും ഇന്ന് ലഭ്യമാണ്. ഏറ്റവും തുച്ഛമായ ചെലവിൽ വജ്രം ചെത്തിമിനുക്കുന്നതിന് ലോക പ്രശസ്തമാണ് ഗുജറാത്തിലെ സൂററ്റ് നഗരം. ഇസ്രയേലിലെ ടെൽ–അവീവ്. അമേരിക്കയിലെ ന്യൂയോർക്ക് സിറ്റി എന്നിവയും വജ്രരൂപകൽപ്പനയ്ക്ക് പ്രസിദ്ധമാണ്. ലോകത്തിലെ 80 ശതമാനം ഡയമണ്ടുകളും കൈകാര്യം ചെയ്യപ്പെടുന്നത് ബൽജിയത്തിലെ ആന്റ്്വെർപ്പ് ഡയമണ്ട് ഡിസ്ട്രിക്ടിലാണ്. മനുഷ്യാവകാശങ്ങൾ ലംഘിച്ച് സ്ത്രീകളെയും കുട്ടികളെയും ഖനികളിൽ അടിമവേല ചെയ്യിച്ച് ആഫ്രിക്കൻ രാജ്യങ്ങളിൽ അനധികൃതമായി വജ്രം ഖനനം ചെയ്യപ്പെടുന്നുണ്ട്. ഭീകരസംഘടനകൾക്കും സൈനിക ഗ്രൂപ്പുകൾക്കും പട്ടള ഭരണാധികാരികൾക്കുമൊക്കെ ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങാനുള്ള പ്രധാന വരുമാന മാർഗ്ഗങ്ങളിലൊന്നായാണ് ഈ അനധികൃത വജ്രഖനനംകൊണ്ടുള്ള ലാഭം പ്രയോജനപ്പെടുത്തുന്നത്. വിലകുറഞ്ഞു ലഭിക്കുന്നതിനാൽ റഷ്യയും ഇസ്രയേലുമൊക്കെ ഇത്തരം വജ്രം വൻതോതിൽ വാങ്ങിക്കുന്നണ്ടത്രെ. ഇസ്രയേലിന്റെ കയറ്റുമതി വരുമാനത്തിന്റെ മൂന്നിലൊന്ന് ഭാഗവും വജ്രക്കച്ചവടത്തിലൂടെയാണ് ഇത്തരം അനധികൃത വജ്രക്കച്ചവടത്തിന്റെ കഥപറയുന്ന ഹോളിവുഡ് സിനിമയാണ് ബ്ലഡ് ഡയമണ്ട്. 2006 ലാണ് ലിയനാർഡോ ഡികാപ്രിയോ, ദിമോൺ ഹോൺസോ എന്നിവർ മുഖ്യ അഭിനേതാക്കളായ ബ്ലഡ് ഡയമണ്ട് റിലീസായത്. ഈ സിനിമയിറങ്ങിയ ശേഷം ഇത്തരം ഡയമണ്ടുകൾ ബ്ലഡ് ഡയമണ്ട് എന്നറിയപ്പെടാൻ തുടങ്ങി. ലോകത്തിലാകെയുള്ള വജ്രശേഖരണത്തിന്റെ 25 ശതമാനം ബ്ലഡ് ഡയമണ്ടുകളാണത്രെ.

⭕   വജ്രത്തിന്റെ നിറം :-

മിക്ക വജ്രക്കല്ലുകൾക്കും നിറമില്ല, എന്നാൽ അപൂർവമായി പച്ച, നീല, ചുവപ്പ് എന്നീ നിറങ്ങളിലും കാണപ്പെടുന്നുണ്ട്. ലോകത്ത് ഇതുവരെ അഞ്ചോളം ചുമപ്പു വജ്രക്കല്ലുകളേ കണ്ടെത്തിയിട്ടുള്ളൂ. കാർബണിൽ കലരുന്ന മിനറലുകളാണ് വജ്രത്തിന്റെ നിറങ്ങൾക്കു കാരണം. കാർബണിൽ നൈട്രജൻ കലർന്ന രൂപപ്പെടുന്നതാണ് മഞ്ഞ ഡയമണ്ട് ബോറോൺ കലർന്നാൽ നീലനിറവും പരലുകളുടെ അടുക്കുകളിലുള്ള സ്ഥാന ഭ്രംശം മൂലം ബ്രൗൺ, പച്ച, പീച്ച് നിറങ്ങളിലും കാണപ്പെടുന്നു.

 കൃത്രിമ വൈരവും‌

അമേരിക്കയിലെ ജനറൽ ഇലക്ട്രിക് കമ്പനിയിലെ ഗവേഷക സംഘമാണ് കൃത്രിമ വൈരക്കല്ല് ആദ്യമായി നിർമ്മിച്ചത്. 1955 ൽ സാധാരണ കാർബണിനെ അത്യുന്നത മർദ്ദത്തിലും താപത്തിലും ഒരു ഉൽപ്രേരകത്തിന്റെ സഹായത്തോടെ വജ്രമാക്കി മാറ്റുകയാണ് ഇവർ ചെയ്തത്. കട്ടിങ്, പോഷീഷിങ് ഉപകരണങ്ങളിൽ ഇത്തരം വജ്രമാണ് ഉപയോഗിക്കുന്നത്. കോൺക്രീറ്റ് കട്ടിങ്ങിനും മറ്റുമുപയോഗിക്കുന്ന ബ്ലേഡുകളിൽ പൂശാൻ ഉപയോഗിക്കുന്നത് കൃത്രിമ വജ്രപ്പരലുകളാണ്. പ്രകൃതിജന്യ വജ്രത്തേക്കാൾ വിലകുറവാണ്. ശുദ്ധമാണ് എന്നിവയെല്ലാം കൃത്രിമ വജ്രത്തിന്റെ മെച്ചമാണ്. ഇന്ത്യയിൽ 3000 കോടി രൂപയുടെയെങ്കിലും കൃത്രിക ഡയമണ്ടുകൾ പ്രചാരത്തിലുണ്ട് എന്നാണ് ഒരു ഏകദേശ കണക്ക്.

⭕നമ്മുടെ‌ കോഹിനൂർ‌

ലോകപ്രശസ്തമായ രത്നങ്ങൾക്കു പേരുകേട്ട രാജ്യമായിരുന്നു ഭാരതം. ഇതിൽ ഒന്നാമൻ കോഹിനൂർ തന്നെ. കോഹിനൂർ എന്ന വാക്കിന്റെ അർത്ഥം പ്രഭാപർവതം (Mountain of light) എന്നാണ്. 5000 വർഷങ്ങൾക്കു മുമ്പ് അംഗരാജാവായ കർണ്ണന്റെ ശേഖരണത്തിലായിരുന്നു ഈ രത്നമെന്നൊരു ഐതീഹ്യം നിലവിലുണ്ട്. പിന്നീട് ഉജ്ജയിനിയിലെ രാജാവായ വിക്രമാദിത്യന്റെ കയ്യിലെത്തി. പിന്നീട് മുഗളന്മാരും പേർഷ്യയിൽ നിന്നുവന്ന നാദിർഷായും ഇതു കൈക്കലാക്കി. പിന്നീടതു പല കൈമറിഞ്ഞ് സിഖ് ഭരണാധിപനായ മഹാരാജാ രഞ്ജിത് സിങ്ങിന്റെ കൈയിലെത്തി. 1849 ൽ ബ്രിട്ടീഷുകാർ പഞ്ചാബ് കീഴടക്കിയപ്പോൾ കോഹിനൂർ രത്നവും സ്വന്തമാക്കി. അവരത് വിക്ടോറിയ രാജ്ഞിക്കു സമർപ്പിച്ചു. ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തിലെ പ്രധാന രത്നമായി ഇന്ന് കോഹിനൂർ വിരാജിക്കുന്നു. 191 കാരറ്റ് തൂക്കമുണ്ടായിരുന് കോഹിനൂർ മുറിക്കപ്പെട്ടതായും ഇപ്പോഴുള്ളതിന് 108.93 കാരറ്റ് തൂക്കം മാത്രമേ ഉള്ളൂവെന്നും പറയപ്പെടുന്നു. ഇന്ത്യയുടെ സ്വന്തമായ കോഹിനൂർ ഇന്ത്യക്കു തന്നെ തിരിച്ചു നൽകണമെന്ന് ഇന്ന് പല രാഷ്ട്രനേതാക്കളും ബ്രിട്ടണോട് ആവശ്യപ്പെടുന്നുണ്ട്.

⭕ വജ്രത്തിന്റെ ജന്മനാട് :-

വജ്രഖനനത്തിന്റെ ജന്മനാട് ഇന്ത്യയാണ്. ക്രിസ്തുവിന് മുമ്പ് 300–400 കളിൽ തന്നെ ഇവിടെ വജ്രഖനനത്തിനു തുടക്കമായി എന്നാണ് കരുതപ്പെടുന്നത്.

കാഠിന്യം അളക്കുന്നത്

കാഠിന്യം അളക്കാനുള്ള യൂണിറ്റാണ് മോഹ്മാപനം (Mohs scale). ഈ സ്കെയിലിനനുസരിച്ച് വജ്രത്തിന്റെ കാഠിന്യം 10 ആണ്. അളവിന് കാരറ്റ് വൈരക്കല്ലിന്റെ വലുപ്പത്തെ കാരറ്റ് അളവിലാണ് പറയാറുള്ളത്. അതുപോലെ സ്വർണ്ണത്തിനും 24 കാരറ്റ് 22 കാരറ്റ് എന്നൊക്കെയാണ് പറയാറുള്ളത്. ഈ രണ്ടു കാരറ്റും തമ്മിലുള്ള വ്യത്യാസം, വജ്രത്തിൽ കാരറ്റ് എന്ന പദം ഉപയോഗിക്കുന്നത് അതിന്റെ ഭാരത്തെ സൂചിപ്പിക്കാനാണ്. അഞ്ചുകാരറ്റുള്ള ഒരു വജ്രക്കല്ലിന്റെ ഭാരം ഒരു ഗ്രാം ആണ്. അതായത് വജ്രത്തിന്റെ കാര്യത്തിൽ ഒരു കാരറ്റ് സമം 200 മില്ലിഗ്രാം. സ്വർണത്തിന്റെ കാര്യത്തിലാകട്ടെ അതിന്റെ പരിശുദ്ധിയുടെ അളവാണ് കാരറ്റ്. 24 കാരറ്റ് എന്നത് ശുദ്ധ സ്വര്‍ണം അഥവാ തങ്കം ആണ്. 18 കാരറ്റ് സ്വർണ്ണത്തിൽ 18/24 ഭാഗം മാത്രമേ സ്വർണ്ണമുള്ളൂ. ബാക്കി ചെമ്പോ മറ്റു ലോഹമോ ആയിരിക്കും. സ്വർണത്തിനു ബലം കൂട്ടാനായാണ് മറ്റു ലോഹം ചേർക്കുന്നത്.

സിന്തറ്റിക് ഡയമണ്ട് ഡിറ്റക്ടർ‌ :-

ഏറ്റവും മികവുറ്റ രീതിയിൽ നിർമ്മിക്കപ്പെടുന്ന കൃത്രിമ വജ്രം തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്. ഈ പ്രശ്നം പരിഹരിക്കാനായി അമേരിക്കയിലെ ജെമ്മോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ഉപകരണമാണ് സിന്തറ്റിക് ഡയമണ്ട് ഡിറ്റക്ടർ.

കേമൻ ഐസി വൈറ്റ് (Icy white) :- വിപണിയിൽ ഏറ്റവും കൂടുതൽ വില ലഭിക്കുന്ന വജ്രമാണ് ഐസി വൈറ്റ്. നൂറ് ശതമാനം കാർബൺ മാത്രമടങ്ങിയ സുതാര്യ വജ്രമാണിത് ! ഭാരത്തിൽ കുള്ളിനനെ തോൽപ്പിക്കുന്ന ഒരു വജ്രവും ഇതുവരെ കണ്ടെത്തിയിട്ടില്ല. 3/06 കാരറ്റ് ആയിരുന്നു കുള്ളിനന്റെ ഭാരം. കുള്ളിനന് ഒരു പിൻഗാമിയുണ്ടായത് ഈയിടെയാണ്. ബോട്സ്വാനയിലെ ഖനിയിൽ നിന്നാണ് 1,111 കാരറ്റ് ഭാരമുള്ള വജ്രം കണ്ടെത്തിയത്.

  ജെമ്മോളജി :-    രത്നക്കല്ലുകളെക്കുറിച്ചുള്ള പഠനശാഖയാണ് ജെമ്മോളജി. രത്നങ്ങളെ തിരിച്ചറിയുക, ഗുണനിലവാരം പരിശോധിക്കുക, മുറിച്ചുമാറ്റി രൂപപ്പെടുത്തുക, പോളീഷ് ചെയ്യുക, കൃത്രിമ രത്നങ്ങളുണ്ടാക്കുക തുടങ്ങിയവയാണ് ജെമ്മോളജിസ്റ്റിന്റെ ജോലി.