പോയ്‌സണും വെനോമും
പോയ്‌സണും വെനോമും
✍️: Chinta Sidharthan
Senior Research Fellow, Center for Ecological Sciences
Indian Institute of Science, Bangalore
Ctrsy: ScienceInAction
⭕വിഷപ്പാമ്പുകളെകുറിച്ച് മനുഷ്യൻ എക്കാലവും ഒരുതരം ആദരവ് കലർന്ന ഭയം പുലർത്തിപോന്നിട്ടുണ്ട്. അവയെ കുറിച്ച് എണ്ണമറ്റ കെട്ടുകഥകളും അന്ധവിശ്വാസങ്ങളും ഉണ്ട്. പക്ഷെ അത്തരം വിശ്വാസങ്ങൾക്ക് യാഥാർഥ്യവുമായി ഒരു ബന്ധവുമില്ല. പാമ്പുകൾ നമുക്ക് ഒരു ഉപദ്രവവും ചെയ്യുന്നില്ല. അത്തരം തെറ്റിദ്ധാരണകൾ മാറ്റാനും പ്രകൃതിയുടെ അഭൗമമായ ജൈവ വൈവിധ്യം മനസ്സിലാക്കാനും നമുക്ക് ജന്തുവിഷം (Venom ) എന്തിനുവേണ്ടി പരിണമിച്ചു ഉണ്ടായി എന്ന് അറിയുന്നത് സഹായകരമാവും.
⭕അതിനു മുൻപായി നമുക്ക് വിഷവും ജന്തുവിഷവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടതുണ്ട്. മലയാളത്തിൽ രണ്ടും വിഷമാണ്, ഇംഗ്ലീഷിൽ പോയ്സണും വെനോമും- രണ്ടും രണ്ടാണ്. (ഇംഗ്ലീഷിൽ പോയ്സണസ് സ്നേക്ക് [poisonous snake] എന്നല്ല, വെനോമസ് സ്നേക്ക് [venomous snake] എന്നാണ് പറയുക). ശരീരത്തിൽ തട്ടിയാലോ, കഴിച്ചാലോ അലർജിയുണ്ടാക്കുന്നതോ, ചിലപ്പോൾ മരണ കാരണം വരെ ആകാവുന്നതോ ആയ രാസവസ്തുക്കളോ, ജന്തുക്കളോ സസ്യങ്ങളോ ഉണ്ടാക്കുന്ന സ്രവങ്ങളെയോയാണ് വിഷം അഥവാ പോയ്സൺ എന്നുപറയുക. ജന്തുവിഷം (വെനോം) അവയുടെ ഗ്രന്ധികളിൽ ശേഖരിക്കുന്ന എൻസയ്‌മുകളാണ്. ഇവ മറ്റു ജന്തുക്കളുടെ ശരീരത്തിൽ പ്രവേശിച്ചാൽ മാത്രമേ അപകടമുണ്ടാവൂ. പാമ്പ് കടിച്ചാലും ത്വക്കിൽ മുറിവുണ്ടായില്ലെങ്കിൽ അത് അപകടം ചെയ്യില്ല. വളരെ ലളിതമായി പറഞ്ഞാൽ ജന്തുവിഷം (വെനോം ) മാറ്റം വന്ന ഉമിനീരാണ്.
⭕വേട്ടയാടിയും, പെറുക്കിത്തിന്നും (gathering), കൃഷി ചെയ്തും ഭക്ഷണം നേടാൻ മനുഷ്യന് കഴിവുണ്ടായിരുന്നതിനാൽ നമ്മുടെ ഉമിനീര് വിഷമായി പരിണമിച്ചില്ല. പക്ഷെ ജന്തുക്കൾക്ക് ഇര പിടിക്കാൻ പ്രത്യേക കഴിവ് വേണം. മനുഷ്യർക്ക് സ്വയം രക്ഷക്കായുള്ള സംവിധാനങ്ങളും ഉപകരണങ്ങളും ഉണ്ടാക്കാനുള്ള കഴിവുണ്ട്. മറ്റു ജീവികൾക്ക് ആ കഴിവില്ല. ഇരപിടിക്കാനും അതിജീവിതത്തിന്നും വേണ്ടിയാണു ജീവികളിൽ ഉമിനീര് പരിണമിച്ചു ജന്തുവിഷം (Venom) ആയി മാറിയത്. എല്ലാ പാമ്പുകൾക്കും ഒരു കാലത്ത് വിഷമുണ്ടായിരുന്നുവെന്നും ചിലവ ഇരപിടിക്കാൻ മറ്റു മാര്ഗങ്ങള് തേടിയപ്പോൾ അവ വിഷമില്ലാത്തവയായി പരിണമിച്ചതാണെന്നും പഠനങ്ങൾ പറയുന്നു. ഇതിനു ഉദാഹരണമാണ് ഇരയെ ചുറ്റിവരിഞ്ഞു ശ്വാസം മുട്ടിച്ചുകൊകൊല്ലുന്ന പെരുമ്പാമ്പുകൾ
⭕പല ജീവികളിലും വിഷം ചില ഗ്ലാൻഡുകളിലാണ് ഉണ്ടാവുന്നത്. പാമ്പുകളിൽ വായിലെ രൂപഭേതം വന്ന പാരാറ്റിഡ് ഗ്രന്ഥികളിലാണ് വിഷം ഉല്പാദിപ്പിക്കുന്നത് . ഇരയുടെ മേൽ വിഷം ഏല്പിക്കുന്ന സംവിധാനങ്ങളിലും പരിണാമം ഉണ്ടായിട്ടുണ്ട്. വായിൽ പിൻ ഭാഗത്തു ഉണ്ടായിരുന്ന വിഷപ്പല്ലുകൾക്ക് ശത്രുവിന്റെയോ ഇരയുടെയെയോ ശരീരത്തിൽ ഏല്പിക്കുന്ന വിഷത്തിന്റെ അളവ് നിയന്ത്രിക്കാനാവുമായിരുന്നില്ല. ശരിക്കും കടിയേൽപ്പിക്കുക തന്നെ വിഷമമായിരുന്നിട്ടുണ്ടാവും. കാലക്രമേണ അവ മുൻഭാഗത്തേക്ക് നീങ്ങി. അതോടെ വിഷത്തിന്റെ അളവ് നിയന്ത്രിക്കാനായി. മറ്റു ജന്തുവിഭാഗങ്ങളിലും അവയുടെ വിഷം ഏല്പിക്കുന്ന അവയവങ്ങൾ പരിണമിച്ചിട്ടുണ്ട്. തേളുകളിൽ വിഷം ഉല്പാദിപ്പിക്കുന്ന ഗ്രന്ഥികൾ അവയുടെ വാലിന്റെ അറ്റത്താണ്. വാലിന്റെ അഗ്രം പരിണമിച്ചു കുത്താനുള്ള ഒരു മുള്ളു പോലെ ആയിരിക്കുന്നു. വളരെ അപൂർവമായിട്ടാണെങ്കിലും ഇണകളെ നേടാനുള്ള മത്സരത്തിൽ എതിരാളിക്കെതിരെ വിഷം ഉപയോഗിക്കാറുണ്ട്. സസ്തനികളിലും പ്ലാറ്റിപ്പസിലും ഇത് കാണാം. പ്ലാറ്റിപസ്സുകളുടെ പിന് കാലുകളിൽ വിഷഗ്രന്ഥിയോട് ഘടിപ്പിച്ച ഒരു നഖമുണ്ട്. എതിരാളികളെ നേരിടുമ്പോൾ ഇത് ഉപയോഗിക്കുന്നതായി കണ്ടിട്ടുണ്ട്. ഇണ ചേരുന്ന കാലത്തു മാത്രമേ ഈ വിഷഗ്രന്ഥി പ്രവർത്തിക്കൂ എന്നത് വിഷത്തിന്റെ പ്രത്യേക ഉപയോഗത്തിന് തെളിവാണ്.
⭕പരിണാമം പ്രകൃതിയിൽ അത്ഭുതപ്പെടുത്തുന്ന പല അനുകൂലനങ്ങൾക്കും കാരണമായിട്ടുണ്ട്. തുറന്ന മനസ്സോടെ പ്രകൃതിയെ നിരീക്ഷിക്കുകയാണെങ്കിൽ നാം ആ അത്ഭുതലോകം കണ്ടു ആശ്ചര്യപെട്ടുപോകും , നമ്മുടെ ഭയം മാറും, നമ്മൾ കൂടി ഭാഗമായിട്ടുള്ള ഈ പ്രകൃതിയോട് നമ്മുടെ ആദരവ് വർധിക്കും എന്ന് തീർച്ചയാണ്.